മലയാളി സിനിമ ആസ്വാദകരെ പൊട്ടിച്ചിരിപ്പിച്ച ജോണി ആന്റണി ചിത്രം സിഐഡി മൂസയിൽ നിന്നും ഇറങ്ങിപ്പോന്ന കഥ പങ്കുവച്ച് നടൻ സലിം കുമാർ.
തന്റെ കഥാപാത്രത്തെക്കുറിച്ചുളള നായകനും നിർമാതാവുമായ ദിലീപിന്റെ തീരുമാനത്തിൽ അതൃപ്തി പ്രകടപ്പിച്ചാണ് ഇറങ്ങിപ്പോന്നതെന്നും ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ഏറ്റവും കൂടുതൽ ആലോചിച്ചു ചെയ്ത സിനിമയാണ് സിഐഡി മൂസ. ഗ്രാൻഡ് പ്രൊഡക്ഷൻസ് എന്നായിരുന്നു ദിലീപിന്റെ പ്രൊഡക്ഷന്റെ പേര്. രാവിലെ മുതൽ രാത്രി വരെ അവൻ ഇരുന്നു ആലോചനയാണ്.
നമ്മൾ നാളെ എടുക്കാൻ പോകുന്ന സീൻ ഇതാണ് അതെങ്ങനെ എടുക്കും എന്നൊക്കെയാണ് ചർച്ച. അതിൽ ഞാനുമുണ്ടാകും. ഷൂട്ടിംഗിന് സെറ്റിലെത്തിയാൽ ക്യാമറാമാനുമായും സംവിധായകനുമായും വീണ്ടും ആലോചന.
ഇത് കണ്ട് കണ്ട് ഞാൻ പ്രൊഡക്ഷന്റെ പേര് മാറ്റി ഗ്രാൻഡ് ആലോചന പ്രൊഡക്ഷൻസ് എന്നാക്കി.
അന്നത്തെ കാലത്ത് നൂറോ നൂറ്റി ഇരുപതോ ദിവസം ഈ സിനിമയുടെ ഷൂട്ടിംഗ് നടന്നു. അന്നൊന്നും മറ്റു പടങ്ങൾ അത്രയും ദിവസമൊന്നും പോകില്ല.
ആലോചന മൂത്തുമൂത്ത് ഒരു ദിവസം ഞാൻ ചെന്നപ്പോൾ കേൾക്കുന്നു, എന്റെ കഥാപാത്രവും ക്യാപ്റ്റൻ രാജു ചേട്ടന്റെ കഥാപാത്രവും ഒരുമിപ്പിച്ചെന്ന്.
ഞാൻ ചോദിച്ചു, ‘അതെങ്ങനെ ശരിയാകും’. അങ്ങനെ ഒന്നും രണ്ടുംപറഞ്ഞ് ഞങ്ങൾ തമ്മിൽ തെറ്റി ഞാൻ അഭിനയിക്കുന്നില്ല എന്നുപറഞ്ഞു തിരിച്ചു പോന്നു.
ക്യാപ്റ്റൻ രാജു ചേട്ടൻ അതിൽ ദിലീപിന്റെ അമ്മാവനാണ്. ആ കഥാപാത്രവും എന്റേതും ഒരുമിപ്പിച്ച് ഞാൻ തന്നെ ചെയ്യണം. എന്റേത് ഒരു ഭ്രാന്തന്റെ കഥാപാത്രമാണ്. ഭ്രാന്തനും ഞാനാകണം, അമ്മാവനും ഞാനാകണം. അതായിരുന്നു അവരുടെ പ്ലാൻ.
ഞാൻ നേരെ ലാൽ ജോസിന്റെ പട്ടാളം എന്ന സിനിമയിലേക്ക് പോയി. പിന്നീട് ആലോചിച്ചപ്പോൾ അവർക്ക് തെറ്റ് മനസ്സിലായി. ഞാൻ പറഞ്ഞതാണ് ശരിയെന്ന് അവർ പറഞ്ഞു. അങ്ങനെ വീണ്ടും സിഐഡി മൂസയിലേക്ക് മടങ്ങി വന്നു.
അതിൽ പടക്കം കത്തിച്ചതൊക്കെ ഒറിജിനൽ പടക്കമാണ്. അന്നത്തെ ആവേശത്തിൽ ആണ് അതൊക്കെ ചെയ്തത്. സിനിമ എന്നാൽ ഹരം കൊണ്ട് നടക്കുന്ന സമയമായിരുന്നു അത്.