കണ്ണൂർ: “”അസുഖബാധിതനായി വീട്ടിൽ വിശ്രമിക്കുകയായിരുന്നു. ഇതിനിടെ ഒരുദിവസം രാവിലെ ഒരു ഫോൺ കോൾ വന്നു. “നിങ്ങൾ മരിച്ചുവെന്നറിഞ്ഞു. എന്താ പറ്റിയത്’. ഞാൻ ഞെട്ടിപ്പോയി. എന്റെ മരണം എന്നെത്തന്നെ വിളിച്ചറിയിക്കുകയായിരുന്നു…” നടൻ സലിംകുമാറിന്റെ വാക്കുകളാണിത്.
കണ്ണൂർ പോലീസ് മൈതാനിയിൽ അമൃതാനന്ദമയീ മഠത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അമൃതശ്രീ ജില്ലാ സംഗമത്തിൽ ആശംസാപ്രസംഗത്തിനിടെയാണു സലിംകുമാർ ജീവിതാനുഭവങ്ങൾ വികാരഭരിതനായാണു പങ്കുവച്ചത്. പത്തുപ്രാവശ്യം മരിച്ചുപോയ ആളാണു ഞാൻ. അല്ലെങ്കിൽ സമൂഹം കൊന്നയാൾ എന്നു വേണമെങ്കിൽ പറയാം.
വാട്സ്ആപ്പിൽ സ്വന്തം മരണവാർത്ത വായിച്ചയാളാണു താനെന്നു സലിംകുമാർ പറഞ്ഞു. സന്ദേശത്തിൽ പറയുന്നതു മഹാനായ നടന് യാത്രാമൊഴിയെന്നാണ്. മഹാനാകണമെങ്കിൽ മരിക്കണമെന്ന് അന്നാണ് എനിക്കു മനസിലായത്. നാലുവർഷം മുന്പു രോഗബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനുശേഷം ഇന്നേവരെ ജീവിതത്തിൽ പുതുപുത്തൻ അനുഭവങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
അതുവരെ സ്നേഹിച്ച രക്തബന്ധത്തിൽപ്പെട്ടവർ, ആ നിമിഷം വരെ നിരവധി പേർക്കു ലാഭങ്ങൾ ഉണ്ടാക്കിക്കൊടുത്തവർ എല്ലാം തെന്നിമാറിപ്പോയി. മരിക്കാൻ പോകുന്നവരിൽ നിന്നും എന്തു ലാഭം കിട്ടാനാണ് എന്നായിരിക്കും അവർ പ്രതീക്ഷിച്ചിരുന്നതെന്നും സലിംകുമാർ പറഞ്ഞു.
കേരളത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം കണ്ണൂർ ജില്ലയാണ്. വളരെ ശുദ്ധൻമാരായ മനുഷ്യർ ജീവിക്കുന്ന സ്ഥലമാണിത്. സ്ത്രീധനം ചോദിക്കാത്ത, പരസ്പരം സഹായിക്കുന്നവരുടെ നാടാണിത്. ജീവിതത്തിൽ ആദ്യമായി തൊഴിൽ ചെയ്ത ജില്ലയാണു കണ്ണൂർ. അന്ന് ഒരുനേരത്തെ ഭക്ഷണത്തിനുവേണ്ടി ഒരു അലമാര കന്പനിയുടെ റപ്രസന്റേറ്റീവായി എറണാകുളത്തു നിന്നു വണ്ടി കയറിയതു കണ്ണൂരിലേക്കാണ്.
പല വീടുകളും അലഞ്ഞു. ഉച്ചയൂണിന്റെ സമയമാകുന്പോൾ അലമാരയുടെ ഓർഡർ എടുക്കാൻ പോകുന്ന വീടുകളിൽ നിന്നും ചോദിക്കും. ഉച്ചയായില്ലേ ചോറ് തിന്നിട്ടുപോ മോനേ എന്ന്. അത് ഒരു അനുഭവമായിരുന്നു. ഹോട്ടലിൽ നിന്നു ഭക്ഷണം കഴിക്കാൻ പോലും പണമുണ്ടായില്ല. പല വീടുകളിൽ നിന്നും ഭക്ഷണം കഴിച്ചിരുന്നു. ഈ നന്മ കണ്ണൂരുകാർക്കു മാത്രമാണുള്ളത്. എനിക്കു വ്യക്തിപരമായി രാഷ്ട്രീയമുണ്ട്. അതിനപ്പുറം വലിയൊരു സുഹൃദ്വലയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.