എത്ര ഉന്നതിയില്‍ നില്‍ക്കുന്നയാളാണെങ്കിലും എത്രയധികം ആരാധകരുള്ള താരമാണെങ്കിലും ജീവിതത്തില്‍ എപ്പോഴെങ്കിലുമൊക്കെ പ്രതിസന്ധികളിലൂടെ കടന്നുപോകാത്തവരായി ആരും തന്നെ കാണില്ല. സാമ്പത്തിക ക്ലേശമായോ രോഗമായോ മറ്റ് പ്രശ്നങ്ങളെന്തെങ്കിലുമായോ എല്ലാവര്ക്കും വളരെ ക്ലേശകരമായ ദിനങ്ങള്‍ ജീവിതത്തിലുണ്ടാവും. തന്റെ ജീവിതത്തിലെ അത്തരമൊരു കാലഘട്ടത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരമായ സലിംകുമാര്‍. തന്റെ ജീവിതത്തിലെ പ്രതിസന്ധികളില്‍ മുങ്ങിയ ആ നാല് വര്‍ഷത്തെക്കുറിച്ചാണ് ഒരു ന്യൂസ് ചാനലിന് നല്കിയ അഭിമുഖത്തില്‍ സലിം കുമാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
പലരും തനിക്ക് നല്കിയ സ്നേഹംകൊണ്ടും തന്നിലുണ്ടായിരുന്ന ആത്മവിശ്വാസം കൊണ്ടുമാണ് ആ കാലഘട്ടത്തെ വിജയപ്രദമായി അഭിമുഖീകരിക്കാന്‍ സാധിച്ചതെന്നാണ് സലിം കുമാര്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ…ഒരു പശുവിനെക്കാള്‍ കൂടുതല്‍ പച്ചിലയും പുല്ലും മറ്റും തിന്നു! നാട്ടുവൈദ്യന്മാരുടെയും ഒറ്റമൂലിക്കാരുടെയും ഏജന്റുമാര്‍ വീട്ടുപടിക്കല്‍ കാവല്‍ കിടന്നു. രോഗം മാറ്റാന്‍ ദിവ്യന്മാര് അവതരിച്ചു. ഇലകളും പൊടികളും കഷായങ്ങളും അകത്താക്കിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന അവസ്ഥയിലായി. ആദ്യം ചികിത്സിച്ച ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക്.
അവിടെ ഡോ. സുചീന്ദ്രന്, ഡോ. ഷൈന്‍ എന്നിവര്‍ ചികിത്സ ഏറ്റെടുത്തു. ലോകം മുഴുവന്‍ ഉറങ്ങുമ്പോള്‍ ഉണര്‍ന്നിരിക്കുക എന്നത് അനുഭവിച്ചതില്‍വെച്ച് ഏറ്റവും വലിയ സങ്കടങ്ങളായിരുന്നു ആ കാലത്ത്. മേലാസകലം ചൊറിച്ചിലും ഉറക്കമില്ലായ്മയും ‘ക്രോണിക് ലിവര്‍ ഡിസീസി’ന്റെ ഭാഗമായിരുന്നു. ഉറങ്ങാത്ത രാവുകളില്‍ എന്തുകൊണ്ടോ ചിന്തകള്‍ മുഴുവന്‍ നെഗറ്റീവ് ആയിരുന്നു. ശരീരത്തില്‍ എവിടെയും സൂചികുത്താന്‍ ബാക്കി ഇല്ലാത്തതിനാല്‍ ഭൂമിയിലെ മാലാഖമാര്‍ ഞരമ്പ് തിരയുന്നതിനിടയില്‍ പറഞ്ഞു: ”ഞങ്ങളും ഭാഗ്യവതികളാണ്… സാറിനെയും ഞങ്ങള്‍ക്ക് ചികിത്സിക്കാന്‍ സാധിച്ചല്ലോ…’ ‘ഇതിനുമുമ്പ് ഞങ്ങള്‍ കുറെ നടന്മാരെ ചികിത്സിച്ചിട്ടുണ്ട്…’ ഞെട്ടിയത് അവര്‍ ആരൊക്കെ എന്ന് കേട്ടപ്പോള്‍.
എം.ജി. സോമന്, രാജന് പി. ദേവ്, ഒടുവില്‍ ഉണ്ണികൃഷ്ണന്, നരേന്ദ്രപ്രസാദ്, കൊച്ചിന് ഹനീഫ… അടുത്തത് ഞാനാകുമോ എന്ന ചോദ്യം അവരെയും അമ്പരപ്പിച്ചുകാണും. വലിയ ശസ്ത്രക്രിയകള്‍ക്ക് മുമ്പേയുള്ള പ്രീ ഓപ്പറേഷന് കൗണ്‍സലിങ്ങിലും രോഗിയുടെ തമാശകള്‍ കേട്ട് ഡോക്ടര്‍മാര്‍ ചിരിച്ചു. തിയേറ്ററും ഐ.സി.യുവും ഒക്കെ ഒന്ന് കാണണം എന്നായിരുന്നു ആവശ്യം. ആത്മവിശ്വാസത്തോടെ മഞ്ഞുമൂടിയപോലുള്ള ജനല്‍ ചില്ലുകളുള്ള ഓപ്പറേഷന് തിയേറ്ററും ഐ.സി.യു.വും ഒക്കെ കണ്ടു. ഡോക്ടറോട് പറഞ്ഞു, ”എന്റെ കരള്‍ എനിക്ക് കാണാന്‍ പറ്റാത്തതിനാല്‍ അതിന്റെ ഒരു ഫോട്ടോ എടുത്ത് എനിക്ക് വാട്സാപ്പില്‍ അയച്ചുതരണം” എന്ന്.