ഗാന്ധിനഗർ: സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വയ്ക്കാനെത്തിയ യുവതി നൽകിയത് വ്യാജ ആധാർ കാർഡും ഫോണ് നന്പരും.
കട്ടപ്പന വലിയാപറന്പ് മുകളേൽ ശാലിനി (22) യെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30നാണ് ആർപ്പൂക്കര പിണഞ്ചിറക്കുഴിയിലുള്ള കൂട്ടുകാരിയുമൊത്ത് പനന്പാലത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടത്തിൽ തീർത്ത ഒന്നരപവന്റെ മാല പണയം വയ്ക്കാൻ ശാലിനി എത്തിയത്.
അച്ഛൻ ഹൃദയ സംബന്ധമായ രോഗത്തെത്തുടർന്നു മെഡിക്കൽ കോളജിൽ അത്യാസന്ന നിലയിലാണെന്നും അടിയന്തരമായി ശസ്ത്രക്രിയ നടത്തുന്നതിന് പണമില്ലാത്തതിനാലാണ് പണയം വയ്ക്കുന്നതെന്നുമാണ് സ്ഥാപനത്തിലെ ജീവനക്കാരിയെ പറഞ്ഞുധരിപ്പിച്ചത്.
കൂട്ടുകാരിയുടേതെന്ന പേരിൽ വ്യാജ ആധാർ കാർഡിന്റെ കോപ്പിയും ഫോണ് നന്പരുമാണ് ഇവർ രേഖയായി കാണിച്ചത്.
ശാലിനി പണത്തിനായി ധൃതികൂട്ടിയപ്പോൾ സ്ഥാപനത്തിലെ ജീവനക്കാരി 40,000 രൂപ പണയത്തുകയായും നൽകി.
പിന്നീട് സംശയം തോന്നിയതോടെ പണയ വസ്തു പരിശോധിക്കുകയും മുക്കുപണ്ടമാണെന്നു സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെയാണ് സ്ഥാപന ഉടമ ഗാന്ധിനഗർ പോലീസിൽ വിവരമറിയിച്ചത്.
പണമിടപാടു സ്ഥാപനത്തിനു സമീപത്തുനിന്ന ഇരുവരെയും എസ്എച്ച്ഒ ഷിജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
മുക്കുപണ്ടം പണയം വച്ച കേസിൽ ശാലിനിയുടെ ഭർത്താവ് സുകേഷിനെ മുന്പ് കൊട്ടാരക്കരയിൽനിന്നും പോലീസ് പിടികൂടിയിട്ടുണ്ട്.
മുക്കുപണ്ട മാഫിയയുടെ കൈകളിലെ ഇരകളാണോ ഇവരെന്നും സംശയിക്കുന്നുണ്ട്.