തിരുവനന്തപുരം: കടകംപള്ളി ഭൂമി തട്ടിപ്പുകേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം കോടതി തിരിച്ചയച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലിംരാജിനെ ഒഴിവാക്കി നല്‍കിയ കുറ്റപത്രമാണ് സിജെഎം കോടതി തിരിച്ചയച്ചത്. സലിംരാജ് ഉള്‍പ്പെടെ 22 പ്രതികളെ കേസില്‍നിന്ന് ഒഴിവാക്കിയതിനു സിബിഐ കാരണം ബോധിപ്പിച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. നേരത്തെ എഫ്‌ഐആറില്‍ സലിംരാജും ഭാര്യ ഷംഷാദും അടക്കം 27 പേര്‍ പ്രതികളായിരുന്നു.
സിബിഐ കുറ്റപത്രത്തില്‍ ഡപ്യൂട്ടി തഹസില്‍ദാര്‍ ഉള്‍പ്പെടെ അഞ്ചുപേരാണു പ്രതികള്‍. കടകംപള്ളി മുന്‍ വില്ലേജ് ഓഫിസറും ഇപ്പോഴത്തെ ഡപ്യൂട്ടി തഹസില്‍ദാറുമായ വിദ്യോദയകുമാര്‍, വര്‍ക്കല സ്വദേശി നിസ്സാര്‍ അഹമ്മദ്, സുഹറ ബീവി, മുഹമ്മദ് കാസിന്‍, റുക്കിയ ബീവി എന്നിവരെയാണു പ്രതികളാക്കിയത്. 2005ല്‍ നടന്ന ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഇതിനകം അഞ്ചു കുറ്റപത്രങ്ങള്‍ സിബിഐ തിരുവനന്തപുരം സിജെഎം കോടതിയില്‍ നല്‍കിയിട്ടുണ്ട്.