ബോളിവുഡിൽ ക്ഷണം കിട്ടിയപ്പോൾ അഭിനയിച്ചുകൊണ്ടിരുന്ന തമിഴ് ചിത്രത്തിൽ നിന്ന് നടി ശാലിനി പാണ്ഡെ പിന്മാറിയെന്ന പരാതിയുമായി നിർമാതാവ്. 2017ൽ റിലീസ് ആയ അര്ജ്ജുന് റെഡ്ഡി എന്ന തെലുങ്ക് ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ശാലിനി പാണ്ഡെ. അർജുൻ റെഡ്ഡി വൻവിജയമായത് ശാലിനിക്ക് കൂടുതൽ അവസരങ്ങൾ നേടിക്കൊടുത്തു.
തെലുങ്കിലും തമിഴിലും കഴിഞ്ഞ 2 വർഷങ്ങളിൽ ശാലിനിക്ക് കൈനിറയെ ചിത്രങ്ങൾ കിട്ടി. ഇതിനിടെ മേരി നിമ്മോ എന്ന ഹിന്ദി ചിത്രത്തിലും അഭിനയിച്ചു. ഗൊറില്ല, 100% കാതൽ എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു.
ബോളിവുഡ് സൂപ്പർതാരം രൺവീൺ സിംഗിന്റെ ചിത്രത്തിൽ അഭിനയിക്കാൻ ഇപ്പോൾ അവസരം ലഭിച്ചതാണ് പുതിയ പൊല്ലാപ്പുകൾക്കിടയാക്കിയത്. മൂതര് കോടം നവീന്‍ സംവിധാനം ചെയ്യുന്ന അഗ്നി സിറകുകള്‍ എന്ന തമിഴ് ചിത്രം ശാലിനി കരാർ ചെയ്തിരുന്നു. വിജയ് ആന്റണിയും അരുണ്‍ വിജയ് യും ആണ് ചിത്രത്തിൽ നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എന്നാല്‍ സിനിമയുടെ ചിത്രീകരണം പകുതി ഘട്ടത്തിലായപ്പോൾ ശാലിനി സിനിമയുമായി സഹകരിക്കുന്നില്ലെന്ന് കാട്ടി നിർമാതാവ് തമിഴ് – തെലുങ്ക് പ്രൊഡ്യൂസര്‍ കൗണ്‍സിലിന് പരാതി നല്‍കിയിരിക്കുകയാണ്. പാതിവഴിയിൽ നടി അഭിനയം നിർത്തിയത് രൺവീർ സിംഗ് അഭിനയിക്കുന്ന ബോളിവുഡ് ചിത്രമായ ജയേഷ്ഭായി ജോർദാറിൽ അവസരം ലഭിച്ചതു കൊണ്ടാണത്രേ.
എന്തായാലും ശാലിനിക്ക് പകരം അക്ഷര ഹാസനാണ് ഇപ്പോൾ അഗ്നിസിറകുകളിൽ അഭിനയിക്കുന്നത്.