പറവൂർ: യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃമാതാവിന് ഒന്നര വർഷം തടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ചു. പുത്തൻവേലിക്കര വലിയപറന്പിൽ സാബുവിന്റെ ഭാര്യ ശാലിനി (32) ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർതൃമാതാവ് സരോജിനി (74) ക്കാണു ശിക്ഷ വിധിച്ചത്. 2014 ഡിസംബർ 17നായിരുന്നു കേസിനാസ്പദമായ സംഭവം.
ഭർതൃമാതാവിന്റെ നിരന്തരമായ മാനസിക പീഡനമാണ് ശാലിനിയുടെ ആത്മഹത്യയ്ക്കു വഴിവച്ചതെന്നാണു പ്രോസിക്യൂഷൻ കേസ്. ആത്മഹത്യ ചെയ്യുന്ന വിവരം ശാലിനി തന്റെ നോട്ട്ബുക്കിലും മുറിയുടെ ഭിത്തിയിലും എഴുതിവച്ചിരുന്നു.
സരോജിനി ചീത്ത വിളിക്കുന്നത് മൊബൈലിൽ റെക്കോർഡ് ചെയ്യുകയും ചെയ്തു. ഇത് രണ്ടും കേസിൽ നിർണായക തെളിവുകളായി.
സരോജിനിയുടെ നിരന്തര പീഡനം സഹിക്കാതെ ശാലിനിയും ഭർത്താവ് സാബുവും വീടുമാറി താമസിച്ചിരുന്നു. പിന്നീടു കുടുംബക്കാരും മറ്റും ഇടപ്പെട്ട് ഇവരെ തിരികെകൊണ്ടുവന്നു. എന്നാൽ സരോജിനി തുടർന്നും ക്രൂരമായി പെരുമാറി. ആത്മഹത്യ പ്രേരണാകുറ്റമാണു സരോജിനിയുടെ മേൽ ചുമത്തിയത്. ആലുവ ഡിവൈഎസ്പി ആയിരുന്ന പി.പി. ഷംസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.