കായംകുളത്ത് വിവാഹത്തട്ടിപ്പിന് അറസ്റ്റിലായ ശാലിനി വിവിധ ജില്ലകളിലായി വിവാഹം കഴിച്ചത് ഒരു ഡസിനിലധികം പേരെയെന്ന് റിപ്പോർട്ടുകൾ. ഇതിലൂടെ 200 പവനിലധികം സ്വർണം അടിച്ചു മാറ്റിയിട്ടുള്ള ഇവർ ബാങ്ക് ജോലി വാഗ്ദാനം ചെയ്ത് കോട്ടയം മോനിപ്പള്ളിയിൽ വെച്ച് പല യുവാക്കളിൽ നിന്നുമായി കബളിപ്പിച്ചെടുത്തത് 19 ലക്ഷം രൂപയായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. വിവാഹം കഴിച്ച് രണ്ടോ മൂന്നോ ദിവസം മാത്രം ഭർത്താവിന്റെ വീട്ടിൽ കഴിയുന്ന ഇവർ അതിനിടെ എല്ലാം അടിച്ചു മാറ്റി മുങ്ങുകയാണ് രീതി.
കായംകുളംത്ത് വിവാഹത്തട്ടിപ്പ് നടത്തിയ കേസിലാണ് തിരുവനന്തപുരം മണ്ണന്തല കൊട്ടാരത്തിൽ ശാലിനി(35) ഒടുവിൽ അറസ്റ്റിലായത്. പുതുപ്പള്ളി സ്വദേശി സുധീഷ് ബാബു കായംകുളം പോലീസിനു നൽകിയ പരാതിയിലാണ് നടപടി. വിവാഹ മോചിതനായ ഇദ്ദേഹം നൽകിയ വിവാഹ പരസ്യത്തിലൂടെ പരിചയപ്പെട്ട ശാലിനിയെ കഴിഞ്ഞ അഞ്ചിനു വാരണപ്പള്ളി ക്ഷേത്രത്തിൽവച്ചു വിവാഹം കഴിച്ചു. ഇതിനു ശേഷമാണ് ഇവരുടെ തട്ടിപ്പ് തിരിച്ചറിയുന്നത്.
മഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക എന്ന നിലയിലാണ് പരിചയപ്പെടുന്നത്. വിവാഹിതയാണെന്നും ഭർത്താവ് മരണപ്പെട്ടതായും പറഞ്ഞു. തുടർന്ന് എറണാകുളത്തുവച്ചാണു നേരിൽ കണ്ടത്. മാതാപിതാക്കൾ ചെറുപ്പത്തിലെ മരണപ്പെട്ടതിനാൽ മറ്റു ബന്ധുക്കളില്ലെന്നും ഭർത്താവിന്റെ സഹോദരിയുടെ സംരക്ഷണയിലാണു കഴിയുന്നതെന്നും അറിയിച്ചു. ഭർതൃസഹോദരിയെന്ന പേരിൽ ആരോ ഫോണിലും വിളിച്ചിരുന്നു.
ഇതിനിടെ യുവാവിന്റെ കൈയിൽ നിന്ന് മൂന്നു പവന്റെ മാല ശാലിനി വാങ്ങി. തന്റെ കൈവശമിരുന്ന മാല അഞ്ചു പവന്റേതാണെന്നു പറഞ്ഞു യുവാവിനു നൽകുകയും ചെയ്തു. പിന്നീട് ഇവർ ജ്വല്ലറിയിൽ പോയും ആഭരണങ്ങൾ വാങ്ങി. ഒാച്ചിറ ക്ഷേത്രദർശനം കഴിഞ്ഞുവരവേയാണ് യുവതിയെ പരിചയമുള്ള ചിലർ കാണുന്നത്.
യുവതി തട്ടിപ്പുകാരിയാണെന്നു ഇവർ യുവാവിനെ അറിയിക്കുകയും നേരത്തെ വന്ന ടിവി വാർത്തയുടെ ദൃശ്യങ്ങൾ കാണിക്കുകയും ചെയ്തു. ഇതോടെ യുവതി തനിക്കു സമ്മാനിച്ച മാല യുവാവ് പരിശോധിപ്പിച്ചപ്പോൾ മുക്കുപണ്ടമാണെന്നു വ്യക്തമായി. തുടർന്നാണ് കേസ് നൽകിയത്. യുവാവിന്റെ പെരുമാറ്റത്തിൽനിന്ന് പന്തികേടു തോന്നിയ യുവതി സ്ഥലംവിടാനായി കായംകുളം കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്
ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തുശൂർ ജില്ലകളിൽ നിന്നും ഒരു ഡസനിലധികം പരാതികളാണ് ആയൂർ സ്വദേശിനിയായ ഇവർക്കെതിരേ പോലീസിന് കിട്ടിയിട്ടുള്ളത്. 2014 ൽ കോട്ടയം ജില്ലയിലെ ചിങ്ങവനത്ത് മധ്യവയസ്ക്കനായ ഒരു ഓട്ടോ ഡ്രൈവറെ വിവാഹം ചെയ്തു മുങ്ങിയ ഇവരെ മൂന്നാം ദിവസം പഴനിയിൽ നിന്നായിരുന്നു പോലീസ് പൊക്കിയത്. ഹൈക്കോടതി അഭിഭാഷകയെന്ന് പത്രപ്പരസ്യം നൽകി സുഹൃത്തിനെ ഉപയോഗിച്ചായിരുന്നു വിവാഹം ഉറപ്പിച്ചത്.
വരനെക്കൊണ്ട് ആഭരണങ്ങളും ഉടയാടകളും വാങ്ങിപ്പിച്ച് സദ്യയുമൊക്കെ നടത്തിച്ചായിരുന്നു വിവാഹം. പിറ്റേന്ന് ആലപ്പുഴ ബീച്ച് കാണാൻ പോയപ്പോൾ അവിടെ വെച്ച് മുങ്ങി. അഭിഭാഷകനെ കാണാൻ പോകണമെന്ന് പറഞ്ഞ് കാർ പിടിച്ചായിരുന്നു ആലപ്പുഴയിലേക്ക് ഇരുവരും പോയത്.ഭർത്താവിനെ ബീച്ചിൽ ഇരുത്തിയ ശേഷം മുങ്ങുകയായിരുന്നു. രാത്രി വൈകിയിട്ടും തിരികെ വരാതിരുന്നതോടെ ഓട്ടോഡ്രൈവർ പോലീസിൽ പരാതിപ്പെട്ടു.
കല്യാണത്തിന് ഫോട്ടോഗ്രാഫർ വേണ്ടെന്ന് നിലപാടെടുത്തിരുന്ന ശാലിനി ചെലവ് ചുരുക്കൽ പറഞ്ഞാണ് ഫോട്ടോയിൽ നിന്നും ഒഴിവായത്. പിന്നീട് മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ ഉപയോഗിച്ചായിരുന്നു പോലീസ് അന്വേഷിച്ചത്. ഇവരെ കാവാലം സ്വദേശിയായ മറ്റൊരു മുൻ ഭർത്താവിനെ ഉപയോഗിച്ചായിരുന്നു പോലീസ് പിടികൂടിയത്.
പഴനിയിൽ വെച്ച് അറസ്റ്റിലാകുന്പോൾ ഓട്ടോ ഡ്രൈവർ അണിയിച്ച താലി മാലയും 20,000 രൂപയും ഇവരുടെ പക്കലുണ്ടായിരുന്നു. പിന്നീട് കേസ് നഷ്ടപരിഹാരം നൽകി ഒത്തുതീർപ്പാക്കി മാറ്റുകയായിരുന്നു. ചിങ്ങവനം കാരനെ തട്ടിച്ച പ്രശ്നം അവസാനിച്ച് മാസങ്ങൾ കഴിയും മുന്പ് അടുത്ത വിവാഹത്തട്ടിപ്പിനായി ഇറങ്ങി.
പക്ഷേ ഓട്ടോ ഡ്രൈവർ നൽകിയ മൊബൈൽ ഫോട്ടോ പത്രത്തിൽ വന്നതോടെയാണ് പലർക്കും തട്ടിപ്പിനിരയായത് ബോധ്യപ്പെട്ടത്. ആയൂർ സ്വദേശിയാണെങ്കിലും മലപ്പുറം ജില്ലയിൽ താമസിച്ചു വരികയായിരുന്ന ശാലിനി അഭിഭാഷക, കോടതി ഉദ്യോഗസ്ഥ എന്നൊക്കെ പത്രപ്പരസ്യം നൽകിയാണ് വിവാഹത്തട്ടിപ്പ്.
കുളനട ഉള്ളന്നൂർ വിളയാടിശ്ശേരിൽ ക്ഷേത്രത്തിൽ വിവാഹം ചെയ്ത ശാലിനിയെ അവിടെവെച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ കബളിക്കലിന് ഇരയായ ഒരാളുടെ സുഹൃത്ത് ശാലിനിയെ തിരിച്ചറിയുകയായിരുന്നു. ഷീബ എന്ന വിളിപ്പേരിലും ഇവർ അറിയപ്പെട്ടിരുന്നു.
പനങ്ങാട് കേന്ദ്രീകരിച്ചു വിവാഹത്തട്ടിപ്പു നടത്തിയ കേസിൽ ശാലിനിയുടെ കൂട്ടാളിയെ അറസ്റ്റ് ചെയ്തിരുന്നു. ഏറ്റുമാനൂർ തെള്ളകം പേരൂർ കുഴിച്ചാലിൽ കെ.പി.തുളസീദാസ് (42) ആണ് പോലീസ് പിടിയിലായത്. വിവാഹതട്ടിപ്പു നടത്തിയതിനെ തുടർന്ന് ശാലിനിയെ ഉള്ളന്നൂർ വിളയാടി ക്ഷേത്രത്തിലെ വിവാഹവേദിയിൽ നിന്നും പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
പിന്നീട് യുവതിയുടെ മൊബൈലിൽ ഏട്ടൻ നന്പർ വണ് എന്ന പേരിൽ നിരവധി വിളികൾ വന്നിരുന്നതു ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മാറിയുടുക്കാൻ വസ്ത്രം വേണമെന്നാവശ്യപ്പെട്ടു യുവതിയെ കൊണ്ടുവിളിപ്പിച്ച പോലീസ് വസ്ത്രവുമായി സ്റ്റേഷനിൽ എത്തിയ ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാളെ കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നുമാണ് സഹോദരൻ അല്ലെന്നും വിവാഹത്തട്ടിപ്പിനു യുവതിയുടെ കൂട്ടാളിയായി പ്രവർത്തിക്കുകയാണെന്നും മനസ്സിലായത്.
ഒരു വർഷമായി ഇവർ ഒന്നിച്ചായിരുന്നു താമസം. ഇയാളുടെ പക്കൽ നിന്ന് ഇരുവരുടെയും പേരിലുള്ള എടിഎം, വീസാ കാർഡുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഉള്ളന്നൂരിലെ വിവാഹത്തട്ടിപ്പും ഇരുവരും ചേർന്ന് ആസൂത്രണം ചെയ്തതാണ്. തട്ടിപ്പിനിരയായ യുവാവിൽ നിന്നു വാങ്ങിയ പണം ഇരുവരും ചെലവഴിച്ചതായും പോലീസ് പറഞ്ഞു.
പൊലീസിന് ലഭിച്ചിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശാലിനിക്ക് ഒരു ഡസനിലധികം ഭർത്താക്കൻമാരുള്ളത്. ഇവരിൽ എല്ലാവരും പറ്റിക്കപ്പെട്ടു എങ്കിലും കിടങ്ങന്നൂർ സ്വദേശി പ്രമോദ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു കുന്പനാട്ടുകാരൻ, ചിങ്ങവനം സ്വദേശിയായ ഒാട്ടോ ഡ്രൈവർ, പുതുപ്പള്ളി സ്വദേശി സുധീഷ് തുടങ്ങി ചിലർ മാത്രമാണ് ശാലിനിക്കെതിരേ പരാതി നൽകാൻ തയാറായത്. ശാലിയുടെ ആദ്യഭർത്താവ് ഉണ്ണികൃഷ്ണൻ എന്നാണ് പോലീസ് പറയുന്നത്. രണ്ടാമത്തെ ഭർത്താവ് ചെന്നൈ സ്വദേശിയായ ബേബിയാണത്രേ.
പത്രത്തിൽ വിവാഹപ്പരസ്യം നൽകിയാണ് ശാലിനി വിവാഹത്തട്ടിപ്പുകൾ നടത്താറുള്ളത്. കോടതിയിൽ ഹാജരാക്കുന്പോഴും ശാലിനിക്ക് ഒരു കൂസലുണ്ടായിരുന്നില്ല. മജിസ്ട്രേട്ടിന്റെ ചോദ്യങ്ങൾക്കു ചിരിച്ചുകൊണ്ടാണ് ശാലിനി മറുപടി പറഞ്ഞത്. കോടതിക്ക് പുറത്ത് തടിച്ച് കൂടിയ മാധ്യമ പ്രവർത്തകരെ നോക്കി ചിരിക്കാനും, ഞാൻ പോസ് ചെയ്തു തരണോ എന്ന് ചോദിക്കാനും ശാലിനി സമയം കണ്ടെത്തി.
തയാറാക്കിയത്: പ്രദീപ് ഗോപി