കൊച്ചി: കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടോയെന്ന് അറിയാനുള്ള “സലൈവ ടെസ്റ്റിംഗ് കിറ്റ്’ ഇല്ലാത്തതിനാല്‍ പിടിച്ചെടുത്ത കഞ്ചാവ് ഇപ്പോഴും മണത്തു നോക്കേണ്ട അവസ്ഥയിലാണ് സംസ്ഥാനത്തെ പോലീസുകാര്‍. പോലീസിനെ കാണുമ്പോള്‍ കഞ്ചാവ് ബീഡി വലിക്കുന്നവര്‍ അത് എറിഞ്ഞു കളയുന്ന സ്ഥിതിവിശേഷമാണ് പലപ്പോഴും ഉണ്ടാകുന്നത്.
കഞ്ചാവാണോ ഉപയോഗിച്ചതെന്ന് പരിശോധിക്കാന്‍ ഉപകരണം ഇല്ലാത്തതിനാല്‍ പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിയുടെ കൈവശമുള്ള കഞ്ചാവ് മണത്തു നോക്കിയും ചുറ്റുമുള്ള സാഹചര്യത്തെളിവുകള്‍ നോക്കിയുമാണ് പലപ്പോഴും കേസ് എടുക്കുന്നത്. മഹസര്‍ തയാറാക്കുന്നതും ഇത്തരത്തില്‍ തന്നെയാണ്.
പിടികൂടുന്ന സമയം കഞ്ചാവ് വലിച്ച് തീര്‍ന്നിട്ടുണ്ടെങ്കില്‍ പരിശോധനയ്ക്കായി തെളിവ് ശേഖരിക്കാനും കഴിയാത്ത സാഹചര്യം ഉണ്ടാകാറുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. കേസ് കോടതിയിലെത്തുമ്പോള്‍ ചില സന്ദര്‍ഭങ്ങളില്‍ പോലീസിനെ പ്രതിരോധത്തിലാക്കുന്ന സാഹചര്യങ്ങളും ഉണ്ടാകുന്നുണ്ട്.
തിരുവനന്തപുരം സിറ്റി പോലീസില്‍ മാത്രമാണ് ലഹരി പരിശോധനയ്ക്കായുള്ള ഡ്രഗ് ഡിറ്റക്ഷന്‍ അനലൈസര്‍ ഉള്ളത്. കൊക്കൈന്‍ ഉള്‍പ്പെടെ ആറിനത്തിലുള്ള നിരോധിത മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് ഈ ഉപകരണത്തിലൂടെ പരിശോധന നടത്തിയാല്‍ അഞ്ചു മിനിറ്റിനകം അറിയാന്‍ കഴിയും.
15 ലക്ഷം രൂപ വില വരുന്ന ഈ ഉപകരണം സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരുവനന്തപുരം നഗരസഭയാണ് പോലീസിന് കൈമാറിയത്. ഒരു തവണ മാത്രം ഉപയോഗിക്കാവുന്ന 1,800 രൂപ വില വരുന്ന ഡ്രഗ് ഡിറ്റക്ഷന്‍ കിറ്റിലൂടെയാണ് പരിശോധന നടത്തുന്നത്. മറ്റു പോലീസ് ജില്ലകളിലേക്കും ഈ ഉപകരണം കൈമാറണമെന്നാണ് പോലീസുകാരുടെ ആവശ്യം.
- സീമ മോഹന്‍ലാല്‍