പെന്റഗണ്‍: പെന്റഗന്റെ കൊടും ഭീകരരുടെ പട്ടികയിലുള്ള ബ്രിട്ടീഷ് വംശജ സാലി ജോണ്‍സ് എന്ന വൈറ്റ് വിഡോ യുഎസ് സിറിയയിൽ നടത്തിയ ഡ്രോണ്‍ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്. കഴിഞ്ഞ ജൂണിൽ സിറിയയുടെയും ഇറാക്കിന്റെയും അതിർത്തിയിൽ നടത്തിയ ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. മൂന്നൂവർഷത്തിലേറെയായി ഇവരുടെ പേര് ലോകത്തിലെ കൊടുംഭീകരരുടെ പട്ടികയിൽ ഉണ്ട്.
ഇവരുടെ ശരീര ഭാഗങ്ങൾ ലഭിച്ചിട്ടില്ലാത്തതിനാൽ ഡിഎൻഎ ടെസ്റ്റ് നടത്തിയിട്ടില്ലെന്നും അതിനാൽ മരണം നൂറുശതമാനം ഉറപ്പിക്കാൻ സാധിക്കില്ലെന്നും സിഐഎ പറഞ്ഞു. റോക് ഗായിക കൂടിയായ സാലി 2013ൽ ഐഎസിന്റെ ഹാക്കർ വിഭാഗത്തിലെ ജൂനൈദ് ഹൂസൈനെ വിവാഹം ചെയ്താണ് 11 വയസുള്ള മകനൊപ്പം സിറിയയിലേക്ക് കടക്കുന്നത്. ആക്രമണത്തിൽ സാലി കൊല്ലപ്പെട്ടുവെന്ന് പറഞ്ഞ സിഐഎ ഉദ്യോഗസ്ഥർ ഇവരുടെ മകന്് എന്തുപറ്റിയെന്ന് വ്യക്തമാക്കിയിട്ടില്ല.
2015ൽ ജൂനൈദ് ഡ്രോണ്‍ ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെയാണ് സാലി, വൈറ്റ് വിഡോ എന്ന് അറിയപ്പെടാൻ തുടങ്ങിയത്. ഹുസൈൻ അൽ ബ്രിട്ടാനി എന്ന പേരിൽ സാലി ഐഎസിലേക്ക് ബ്രിട്ടീഷ് യുവാക്കളെ ആകർഷിച്ച് റിക്രൂട്ട് ചെയ്തിരുന്നു. ഈ സ്ത്രീയുടെ ബ്രിട്ടീഷുകാരനായ 15 വയസുള്ള മകൻ ജോയും ഐഎസിന്റെ ചൈൽഡ് ഫൈറ്ററായി പ്രവർത്തിക്കുന്നുവെന്ന റിപ്പോർട്ടും പുറത്ത് വന്നിരുന്നു. സൈനികരെ കൊല്ലാനാണ് ജോയെ നിയോഗിച്ചിരിക്കുന്നതെന്നും സൂചനയുണ്ട്.
അബു അബ്ദുള്ളാ അൽബ്രിട്ടാനി എന്ന പേരിലാണ് ജോ ഇപ്പോൾ പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ വർഷം ഐഎസിന്റെ ഒരു വീഡിയോയിൽ തോക്കും കത്തിയും പിടിച്ച് സാലിയുടെ മകൻ പ്രത്യക്ഷപ്പെട്ടിരുന്നു. ഇരുവരും ആക്രമണത്തിൽ കൊല്ലപ്പെട്ടന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ട് ഉണ്ട്.