എന്നെ സംബന്ധിച്ച് അദ്ദേഹമായിരുന്നു എല്ലാം! എന്നെന്നും അതങ്ങനെതന്നെ ആയിരിക്കുകയും ചെയ്യും; 29ാം വയസില്‍ വിധവയായ പട്ടാളക്കാരന്റെ ഭാര്യ വെളിപ്പെടുത്തുന്ന യാഥാര്‍ത്ഥ്യങ്ങള്‍

imageയാതൊരുറപ്പുമില്ലാത്ത ജീവിതമാണ് ലോകം മുഴുവനുമുള്ള പട്ടാളക്കാരുടേത്. ഇക്കാര്യങ്ങളൊക്കെ അറിഞ്ഞുകൊണ്ടുതന്നെയാണ് അവരുടെ കുടുംബാംഗങ്ങളും ഭാര്യമാരും കുട്ടികളുമൊക്കെ അവരെ രാജ്യത്തിനായി വിട്ടുനല്‍കിയിരിക്കുന്നതും. അതുകൊണ്ടുതന്നെ രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുന്ന പട്ടാളക്കാര്‍, അവരുടെ കുടുംബാംഗങ്ങള്‍, ഭാര്യമാര്‍, കുട്ടികള്‍…എന്നിവരുടെയെല്ലാം ഒറ്റപ്പെട്ട ജീവിതങ്ങള്‍ ആളുകളുടെ മനസ്സില്‍ നൊമ്പരമുണര്‍ത്തുന്നതാണ്. 2001-ല്‍ ശ്രീനഗറിലുണ്ടായ ഓപ്പറേഷന്‍ രക്ഷകിനിടയില്‍ വീരമൃത്യു വരിച്ച മേജര്‍ ഷഫീഖ് ഘോരിയുടെ വിധവ സല്‍മ അവരില്‍ ഒരാളാണ്. ഷഫീഖിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് ‘ബീയിങ് യു’ എന്ന ഫേസ്ബുക്ക് പേജില്‍ സല്‍മ പങ്കുവെച്ച ജീവിതകഥ സമൂഹമാധ്യമങ്ങള്‍ ഇപ്പോള്‍ തികഞ്ഞ ബഹുമാനത്തോടെ ഏറ്റെടുത്ത് പ്രചരിപ്പിക്കുകയാണ്.

സല്‍മ തന്റെ ജീവിതകഥ ചുരുക്കിയിരിക്കുന്നതിങ്ങനെ…

1991-ല്‍ ക്യാപ്റ്റന്‍ ഷഫീഖ് ഘോരിയെ വിവാഹം കഴിക്കുമ്പോള്‍ എനിക്ക് വയസ്സ് 19. അദ്ദേഹം തുടര്‍ച്ചയായി യാത്രയിലായിരിക്കുമെന്നുള്ളതും എന്നെ തനിച്ചാക്കി ദീര്‍ഘനാള്‍ അദ്ദേഹത്തിന് വിട്ടുനില്‍ക്കേണ്ടി വരുമെന്നുള്ളതും ആദ്യകാലത്ത് എനിക്ക് അംഗീകരിക്കാന്‍ വളരെ പ്രയാസമായിരുന്നു. പക്ഷേ അദ്ദേഹം ഒരു പട്ടാളക്കാരന്റെ ഭാര്യ എങ്ങനെയെല്ലാമായിരിക്കണം എന്ന് എനിക്ക് പറഞ്ഞുതരികയായിരുന്നു. അക്കാലത്ത് മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നില്ല. ദിവസവും കിട്ടുന്ന രീതിയില്‍ അദ്ദേഹമെനിക്ക് കത്തുകള്‍ അയച്ചിരുന്നു. ഞാന്‍ തിരിച്ചും എഴുതുമായിരുന്നു. കൂടാതെ ചെറിയ കുറിപ്പുകള്‍ എഴുതിയും ലഗേജില്‍ കുഞ്ഞുസമ്മാനങ്ങള്‍ ഒളിപ്പിച്ചുവെച്ചും ഞാന്‍ അദ്ദേഹത്തെ സന്തോഷപ്പെടുത്തി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വളരെ അപകടം നിറഞ്ഞ പ്രദേശങ്ങളിലാണ് അദ്ദേഹത്തിന് നിയമനം ലഭിച്ചിരുന്നത്. ദിവസങ്ങളോളം അദ്ദേഹത്തിന് വീട്ടില്‍ നിന്ന് അകന്ന് നില്‍ക്കേണ്ടി വന്നിരുന്നു. പക്ഷേ അപ്പോഴേക്കും ഞാന്‍ കൂടുതല്‍ ശക്തയായിരുന്നു. കുഞ്ഞുങ്ങളുടെ കാര്യങ്ങള്‍ നോക്കുന്നതില്‍ ഞാന്‍ പ്രാപ്തി നേടുകയും ചെയ്തു. അദ്ദേഹം ഏറ്റവും അധികം സ്നേഹിച്ചിരുന്നത് സ്വന്തം രാജ്യത്തെയാണെന്നും ഭാര്യയ്ക്കും മക്കള്‍ക്കും അതിന് തൊട്ടുപിറകിലായി രണ്ടാമതാണ് സ്ഥാനമെന്നും ഞാന്‍ മനസ്സിലാക്കിയിരുന്നു. അതെനിക്ക് സന്തോഷവുമായിരുന്നു. 1999-ല്‍ അദ്ദേഹത്തിന് ശ്രീനഗറില്‍ ഫീല്‍ഡ് പോസ്റ്റിംഗ് ലഭിച്ചു.

വളരെ അപകടം പിടിച്ച ഇടത്തായിരുന്നു നിയമനം ലഭിച്ചത്. അതിനാല്‍ തന്നെ കുടുംബത്തെ ഒപ്പം താമസിക്കാന്‍ അനുവദിച്ചിരുന്നില്ല. ഞാന്‍ ബാംഗ്ലൂരിലേക്ക് പോന്നു. 2001 ജൂണ്‍ 28 നാണ് ഞങ്ങള്‍ അവസാനമായി സംസാരിച്ചത്. അന്ന് അദ്ദേഹം ഞങ്ങളുടെ സുഖവിവരങ്ങള്‍ അന്വേഷിച്ചു. മിലിറ്ററി ഓപ്പറേഷന്റെ ഭാഗമായി അദ്ദേഹം ഒരു കാട്ടിലാണെന്ന് സംസാരത്തിനിടയില്‍ പറഞ്ഞിരുന്നു. അദ്ദേഹം മക്കളോട് സംസാരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. പക്ഷേ കുട്ടികള്‍ അവരുടെ കസിനുമൊത്ത് കളിക്കുകയായിരുന്നതിനാലും അവിടെ വലിയ ശബ്ദകോലാഹലമായിരുന്നതിനാലും ബേസ് ക്യാമ്പില്‍ വന്നതിന് ശേഷം അവരോട് സംസാരിക്കാം എന്ന് ഞാന്‍ നിര്‍ദേശിച്ചു. 2001, ജൂലൈ ഒന്ന്, വൈകിട്ട് ഏകദേശം 6.30 ആയിക്കാണും. ഒരു സംഘം പട്ടാളക്കാരും അവരുടെ ഭാര്യമാരും എന്റെ വീട്ടിലേക്ക് വന്നു. പെട്ടെന്ന്, അക്കൂട്ടത്തില്‍ ഒരു വനിത എന്നെ പിടിച്ചിരുത്തി, പിന്നെ ആ വാര്‍ത്ത പറഞ്ഞു.’മേജര്‍ ഘോരി ഇനിയില്ല.’ ഞാനെന്തോ തെറ്റായി കേട്ടതാണെന്നാണ് ആദ്യം കരുതിയത്. രാവിലെ മുതല്‍ എന്നെ ബന്ധപ്പെടാന്‍ ശ്രമിച്ചു കൊണ്ടിരിക്കുയാണെന്നും ഞാന്‍ അമ്മയുടെ വീട്ടിലായതിനാല്‍ ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും അവര്‍ പറഞ്ഞു. വീട്ടിലെ ഫോണ്‍ വിച്ഛേദിക്കപ്പെട്ട് കിടക്കുകയായിരുന്നു. ഓപ്പറേഷന്‍ രക്ഷകിനിടയിലുണ്ടായ വീരോചിതമായ ഒരു വെടിവെപ്പിനിടയില്‍ മേജര്‍ ഷഫീഖ് ഘോരി വീരമൃത്യു വരിച്ചിരിക്കുന്നു. എനിക്ക് ചുറ്റുമുള്ള എല്ലാം തകര്‍ന്നുവീണു. അദ്ദേഹത്തില്‍ നിന്നുളള അവസാന കത്ത് ലഭിച്ച ദിവസമായിരുന്നു അത്.

പിറ്റേന്ന് അദ്ദേഹത്തെ അവസാനമായി സ്വീകരിക്കുന്നതിന് വേണ്ടി ഞാന്‍ വിമാനത്താവളത്തിലേക്ക് പോയി. ഇത്തവണ ദേശീയപതാകയില്‍ പൊതിഞ്ഞ ഒരുപെട്ടിയിലാണ് അദ്ദേഹം വന്നത്. ഞാന്‍ തകര്‍ന്നുപോയി. കരുത്തുള്ളവളായിരിക്കണമെന്ന് അദ്ദേഹം എല്ലായ്പോഴും എന്നോട് പറയാറുള്ളതാണ്. അവസാനം സംസാരിച്ചപ്പോഴും അതെന്നെ ഓര്‍മിച്ചിരുന്നു. പക്ഷേ അദ്ദേഹം എനിക്കൊപ്പമില്ലാത്ത ദിവസത്തെ കുറിച്ച് ഞാനൊരിക്കല്‍ പോലും ചിന്തിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ യൂണിഫോമും മറ്റുവസ്ത്രങ്ങളും ഒരു പെട്ടിയിലാക്കി എനിക്ക് ലഭിച്ചു. എട്ട് വര്‍ഷത്തോളം ഞാനത് കഴുകിയിട്ടില്ല. കാരണം അദ്ദേഹത്തെക്കുറിച്ചുള്ള വികാരം എന്നില്‍ നിന്നകന്നുപോകുന്നത് എനിക്ക് ഇഷ്ടമായിരുന്നില്ല. അദ്ദേഹത്തിന്റെ പഴ്‌സില്‍ ഇന്നും അദ്ദേഹത്തിന്റെ പണം ഇരിക്കുന്നുണ്ട്. അദ്ദേഹമെനിക്കയച്ച കത്തുകള്‍ ഇന്നും എന്റെ വായനയുടെ ഒരു ഭാഗമാണ്. ഞാന്‍ അച്ഛന്റെയും അമ്മയുടെയും റോള്‍ കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും ചിലപ്പോള്‍ മാതാപിതാക്കള്‍ക്കൊപ്പം മറ്റു കുട്ടികള്‍ കളിക്കുന്നത് കാണുമ്പോള്‍ സങ്കടം തികട്ടിവരും. ഇന്ന്, രക്തസാക്ഷിത്വം വഹിച്ച പട്ടാളക്കാരുടെ വീട്ടുകാര്‍ക്ക് വേണ്ടിയും വനിതാ ശാക്തീകരണത്തിന് വേണ്ടിയും, കര്‍ണാടകയിലെ സൈനികരുടെ വിധവകള്‍ക്ക് വേണ്ടിയുമുള്ള ക്ഷേമപ്രവര്‍ത്തനങ്ങളിലാണ് ഞാന്‍. മേജര്‍ ഷഫീഖ് ഘോരി വീരമൃത്യു വരിക്കുമ്പോള്‍ എനിക്ക് 29 വയസ്സാണ് പ്രായം. പലരും എന്നോട് മുന്നോട്ട് ചിന്തിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷേ എന്നെ സംബന്ധിച്ച് അദ്ദേഹമായിരുന്നു എല്ലാം. ഇന്നും എന്നും എപ്പോഴും എന്നെന്നും അതങ്ങനെ ആയിരിക്കുകയും ചെയ്യും.
സല്‍മ ഷഫീഖ് ഗോരി

സല്‍മയുടെ ഫേസ്ബുക്ക് പോസ്റ്റ് സ്ത്രീകള്‍ക്ക് പൊതുവേയും വിധവകളായി കഴിയുന്നവര്‍ക്ക് പ്രത്യേകിച്ചും ആത്മവിശ്വാസവും പ്രതീക്ഷയും നല്‍കുന്നതാണ്. സല്‍മയെ അഭിനന്ദിച്ചുകൊണ്ടും അവരുടെ ആത്മധൈര്യത്തെ പ്രകീര്‍ത്തിച്ചുകൊണ്ടുമുള്ള കമന്റുകളുടെ ഒഴുക്കാണ് സല്‍മയുടെ പോസ്റ്റിന് കീഴില്‍.

Related posts