ചൗട്ടാവ് (ന്യൂയോർക്ക്): കത്തിയാക്രമണത്തിൽ പരിക്കേറ്റ ബുക്കർ പുരസ്കാര ജേതാവായ പ്രശസ്ത സാഹിത്യകാരൻ സൽമാൻ റുഷ്ദി അതീവ ഗുരുതരാവസ്ഥയിൽ. നെഞ്ചിലും കരളിലും മുഖത്തും കുത്തേറ്റ റുഷ്ദി പെൻസിൽവാനിയയിലെ എറിയിലെ ആശുപത്രിയിൽ വെന്റിലേറ്ററിലാണ്.
അദ്ദേഹത്തിന് സംസാരിക്കാനാവുന്നില്ലെന്നും ആശുപത്രിയിൽനിന്നും നല്ല വാർത്തയല്ലയുള്ളതെന്നും റുഷ്ദിയുടെ ഏജന്റ് അറിയിച്ചു.
റുഷ്ദിയുടെ ഒരു കണ്ണ് നഷ്ടപ്പെടാൻ സാധ്യതയുണ്ട്. കൈ ഞരമ്പുകൾ മുറിഞ്ഞു. കരളിനും കുത്തേറ്റിട്ടുണ്ടെന്നും ഏജന്റ് ആൻഡ്രൂ വൈലി പറഞ്ഞു.
റുഷ്ദിയുടെ കഴുത്തിലും വയറിലും കുത്തേറ്റു. ആകെ 11 കുത്തുകളേറ്റുവെന്നാണ് റിപ്പോർട്ടുകൾ.ന്യൂയോർക്കിലെ ചൗട്ടാവിൽ പ്രഭാഷണത്തിനിടെയാണ് റുഷ്ദിക്ക് കുത്തേറ്റത്. സ്റ്റേജിൽ കടന്നുകയറിയ അക്രമി എഴുപത്തിയഞ്ചുകാരനായ റഷ്ദിയെ കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു.
ന്യൂജഴ്സി ഫെയർവ്യൂ സ്വദേശി ഹാദി മതർ (24) ആണ് ആക്രമണം നടത്തിയത്. ഇയാളെ പോലീസ് പിടികൂടി. കഴുത്തിൽ രണ്ടുതവണ കുത്തേറ്റ റുഷ്ദി നിലത്തുവീണു.
ഉടൻ കാണികൾ താങ്ങിയെടുത്ത് അദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.ആക്രമണത്തിൽ റുഷ്ദിക്കൊപ്പം സ്റ്റേജിലുണ്ടായിരുന്ന അഭിമുഖം നടത്തിയ ഹെൻറി റീസിന് തലയ്ക്ക് ചെറിയ പരിക്കേറ്റു.
അദ്ദേഹത്തെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പരിപാടിയുടെ സംഘാടകരും കാണികളും ചേർന്ന് പിടികൂടുകയായിരുന്നു.
പിന്നാലെ പോലീസ് എത്തി അറസ്റ്റ് ചെയ്തു.പരിക്കേറ്റ റുഷ്ദിക്ക് സദസിലുണ്ടായിരുന്ന ഡോക്ടർ ആണ് പ്രാഥമിക ശുശ്രൂഷ നൽകിയത്. ഇതിനു ശേഷം ഉടൻ തന്നെ ഹെലികോപ്റ്ററിൽ പെൻസിൽവാനിയയിലെ ആശുപത്രിയിലേക്ക് മാറ്റി.