കൃഷ്ണമൃഗത്തെ വേട്ടയാടിയതിന് ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാൻ അഞ്ചുവർഷം ശിക്ഷിക്കപ്പെട്ടിരിക്കുന്നു. ഇതാദ്യമായല്ല ബോളിവുഡ് താരം കേസിൽപ്പെട്ട് ശിക്ഷയനുഭവിക്കുന്നത്. ജയിൽവാസമനുഭവിക്കേണ്ടിവന്ന ചില മുൻഗാമികളുണ്ട്.
സഞ്ജയ് ദത്ത്
കേസിൽ പ്രതിയാവുകയും ശിക്ഷിക്കപ്പെടുകയും ചെയ്ത താരങ്ങളിൽ ഏറ്റവും പ്രമുഖനാണ് സഞ്ജയ് ദത്ത്. 1993 മുംബൈ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട്, ആയുധം കൈവശംവച്ചതിനാണ് സഞ്ജയ് ദത്ത് ശിക്ഷിക്കപ്പെട്ടത്. 2007ൽ അദ്ദേഹത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു.
അങ്കിത് തിവാരി
സൂപ്പർ സിംഗർ പദവിയിൽ തിളങ്ങിനിൽക്കുന്ന കാലത്താണ് കാമുകിയെ മാനഭംഗപ്പെടുത്തിയെന്ന പരാതിയിൽ അങ്കിത് അറസ്റ്റിലാവുന്നത്. 2014 മേയ് ഒന്പതിനായിരുന്നു അറസ്റ്റ്. വിചാരണയിൽ കുറ്റക്കാരനല്ലെന്നു കണ്ടെത്തിയതിനെത്തുടർന്ന് മുംബൈ സെഷൻസ് കോടതി വെറുവിട്ടു.
ഇന്ദർ കുമാർ
2014 ഏപ്രിൽ 25നാണ് അദ്ദേഹം അറസ്റ്റിലാവുന്നത്. മോഡലും നടിയുമായ ഇരുപത്തിരണ്ടുകാരിയെ മാനഭംഗപ്പെടുത്തിയ കേസിലായിരുന്നു അറസ്റ്റ്. എന്നാൽ, പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമാണ് ബന്ധപ്പെട്ടതെന്നും മാനഭംഗ ചെയ്തെന്ന പരാതി കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം വാദിച്ചു. ജൂൺമാസത്തിലാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. 2017 ജൂലൈ 28ന് ഇന്ദർ നിര്യാതനായി.
ജോൺ ഏബ്രഹാം
അശ്രദ്ധവും അപകടകരവുമായ രീതിയിൽ വാഹനമോടിച്ചതിനും അപകടമുണ്ടാക്കിയതിനുമായിരുന്നു ജോൺ ഏബ്രഹാമിനു ശിക്ഷ ലഭിച്ചത്. 2006ൽ അദ്ദേഹം ഒാടിച്ച സൂപ്പർ ബൈക്ക് അപകടത്തിൽപ്പെട്ട് രണ്ടു പേർക്ക് പരിക്കേറ്റു.
ഷൈനി അഹൂജ
സ്ത്രീപീഡന കേസിൽ ജയിലിലായി. അദ്ദേഹത്തിന്റെ വേലക്കാരിയായ ഇരുപതുകാരിയാണ് പരാതിയുമായി രംഗത്തെത്തിയത്. പിന്നീട്, അവർ പരാതി പിൻവലിച്ചെങ്കിലും കോടതി കേസ് ഒഴിവാക്കിയില്ല. ഷൈനി അഹൂജ ഇപ്പോൾ ജാമ്യത്തിലാണ്.
ഫർദീൻ ഖാൻ
സൂപ്പർ താരപരിവേഷമുണ്ടായിരുന്ന ഫർദീൻ ഖാൻ മയക്കുമരുന്നു കേസിൽ പിടിക്കപ്പെട്ടത് ബോളിവുഡിനെ കുറച്ചൊന്നുമല്ല ഞെട്ടിച്ചത്. കൊക്കെയ്ൻ വാങ്ങുന്നതിനിടെ 2012 മേയ് 21നായിരുന്നു അറസ്റ്റ്. പിന്നീട്, മയക്കുമരുന്നു വിമുക്തി ചികിത്സയ്ക്കു വിധേയനായ അദ്ദേഹത്തിന്റെ കരിയർ ഈ കേസോടെ അവസാനിച്ചു.
സോനാലി ബിന്ദ്രെ
2001 മാർച്ചിൽ അറസ്റ്റിലായി. 1998 ൽ ഷോ ടൈം മാഗസിന്റെ കവറിൽ സോനാലാലി പോസ് ചെയ്തത് ഒരു മതവിഭാഗത്തിന്റെ വികാരങ്ങളെ വൃണപ്പെടുത്തിയെന്ന പരാതിയിലാണ് അറസ്റ്റ്. പിന്നീട് ജാമ്യംനേടി.
മോണിക്ക ബേദി
അധോലോക നായകൻ അബു സലേമിന്റെ കാമുകിയും നടിയുമായ മോണിക്ക ബേദി അറസ്റ്റിലായത് അബു സലേമിനെ സഹായിച്ചതിനാണ്. പോർച്ചുഗലിൽവച്ച് ഇന്റർപോളാണ് മോണിക്കയെയും സലേമിനെയും അറസ്റ്റ് ചെയ്ത് ഇന്ത്യക്കു കൈമാറിയത്.
സെയ്ഫ് അലിഖാൻ
തന്നോടു സംസാരിക്കാനെത്തിയ ആരാധകനെ മർദിച്ചതിനാണ് സെയ്ഫ് അലി ഖാൻ കേസിൽപ്പെട്ടത്. മുംബൈ താജ് ഹോട്ടലിൽവച്ചായിരുന്നു മർദനം.
അക്ഷയ് കുമാർ
പൊതുസ്ഥലത്ത് അശ്ലീല പ്രദർശനം നടത്തിയതിന് അറസ്റ്റിലായി. ലാക്മെ ഫാഷൻ വീക്കിനിടെ അദ്ദേഹത്തിന്റെ പാന്റ്സിന്റെ ബട്ടൺ അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ ട്വിങ്കിൾ ഖന്ന അഴിച്ചതാണ് കേസിനിടയാക്കിയത്.
സുനിൽ ഷെട്ടി
സൂപ്പർ താരം സുനിൽഷെട്ടി ചെക്ക് കേസിൽപ്പെട്ടാണ് ജയിലിലായത്.