കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യം മുഴുവൻ ലോക്ക്ഡൗണിലാണ്. ബോളിവുഡിന്റെ സ്വന്തം താരം സൽമാൻ ഖാനൊപ്പം പനവേലിലെ ഫാം ഹൗസിലാണ് ബോളിവുഡ് സുന്ദരി ജാക്വലിൻ ഫെർണാണ്ടസ് ലോക്ക്ഡൗണ്‍ കാലം ചെലവഴിക്കുന്നത്.
ബസാർ ഇന്ത്യയുടെ കവർ ഷൂട്ടിനായി സൽമാന്റെ ഫാം ഹൗസിലെത്തിയതായിരുന്നു ജാക്വലിൻ. ലോക്ക്ഡൗണ്‍ തുടങ്ങിയതോടെ അവിടെ കുടുങ്ങുകയായിരുന്നു. ഇപ്പോൾ ആരാധകർക്ക് സന്തോഷിക്കാൻ ഇരുവരും ഒന്നിച്ച പ്രണയഗാനം റിലീസ് ചെയ്തിരിക്കുകയാണ്.
“ലോക്ഡൗണിനിടയിൽ ഈ വർഷത്തെ ഒരു ഫ്രഷ് റൊമാന്റിക് ഗാനം പുറത്തുവിടുന്നു’ എന്ന അടിക്കുറിപ്പോടെയാണ് സൽമാൻഖാന്റെ യൂട്യൂബ് ചാനൽ വഴി “തേരേ ബിനാ…’ എന്ന ഗാനം റിലീസ് ചെയ്തത്. സൽമാൻ ഖാൻ തന്നെയാണ് ഗാനം സംവിധാനം ചെയ്തിരിക്കുന്നതും ആലപിച്ചിരിക്കുന്നതും.
സംഗീതം ഒരുക്കിയത് അജയ് ഭാട്ടിയ ആണ്. ഷബീർ അഹമ്മദിന്റേതാണ് വരികൾ. സൽമാൻ ഖാന്റെ പനവേലിലുള്ള ഫാംഹൗസിൽ തന്നെയാണ് പാട്ട് പൂർണമായും ചിത്രീകരിച്ചിരിക്കുന്നത്.
മ്യൂസിക് വിഡിയോയുടെ ഷൂട്ടിംഗ് ചിത്രങ്ങൾ ജാക്വിലിൻ ഫർണാണ്ടസ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ജാക്വിലിൻ കുതിരസവാരി നടത്തുന്നതും പശുവിനെ കറക്കുന്നതുമായ രസകരമായ നിമിഷങ്ങൾ മ്യൂസിക് വിഡിയോയിലുണ്ട്.
ജാക്വിലിനും സൽമാൻ ഖാനുമൊപ്പം മോഡൽ വലൂസ്ച ഡിസൂസയുടെ മകൾ സിയന്നയും വിഡിയോയുടെ അവസാന ഭാഗത്ത് സൽമാൻ ഖാന്റെ മകളുടെ വേഷത്തിൽ എത്തുന്നുണ്ട്. മൂന്നു ദിവസം മുൻപ് പുറത്തിറക്കിയ ഗാനം ഇതിനോടകം ഒന്നരക്കോടിയിലധികം പേർ കണ്ടു കഴിഞ്ഞു.