വ്യാജചിത്രം ഉണ്ടാക്കുക പലരുടെയും ഒരു ഹോബിയാണ്. ഇത്തരം ചിത്രങ്ങള്‍ ഉപയോഗിച്ച് പല കാര്യസാധ്യങ്ങളും ഉള്ളതിനാലാണ് അവര്‍ ഇത്തരത്തിലൊരു പ്രവര്‍ത്തിയ്ക്കു തുനിയുന്നത്. മരിച്ചു പോയ മകന്റെ ജോലി മരുമകള്‍ക്ക് കിട്ടാതിരിക്കാനായി തരികിട കാണിച്ച കുടുംബത്തിനാണ് ഇവിടെ അമളി പറ്റിയത്.
മരുമകള്‍ക്ക് മറ്റൊരു ഭര്‍ത്താവ് ഉണ്ടെന്നു സ്ഥാപിക്കാനായി ഭര്‍ത്തൃപിതാവ് കുടുംബകോടതിയില്‍ സമര്‍പ്പിച്ച വ്യാജചിത്രത്തില്‍ മരുമകളുടെ പുതിയ ഭര്‍ത്താവിന്റെ സ്ഥാനത്ത് വന്നതാവട്ടെ ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ ചിത്രവും. സര്‍ക്കാര്‍ സ്ഥാപനമായ സൗത്ത് ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ്‌സില്‍ ഗുമസ്തനായി ജോലി ചെയ്യുകയായിരുന്നു റാണിയുടെ ഭര്‍ത്താവ് ബസന്ത്. 2013ല്‍ ഇയാള്‍ ആത്മഹത്യ ചെയ്തു. അതോടെ ബസന്തിന്റെ വീട്ടുകാര്‍ റാണിയെ വീട്ടില്‍ നിന്നു പുറത്താക്കി.
ബസന്തിന്റെ ജോലി സഹോദരനുള്ളതാണെന്നും അവകാശപ്പെട്ടു. തുടര്‍ന്നു കേസായതോടെ റാണി പുനര്‍ വിവാഹിതയായെന്ന് വരുത്തി തീര്‍ക്കാന്‍ ബസന്തിന്റെ വീട്ടുകാര്‍ ശ്രമിച്ചു. അതിനായി ഒരു ഡിജിറ്റല്‍ സ്റ്റുഡിയോയിലെത്തി ബസന്തിന്റെ പിതാവ് വ്യാജ വിവാഹ ചിത്രം തയ്യാറാക്കുകയായിരുന്നു. എന്നാല്‍ ചിത്രം തയാറാക്കിയ ആള്‍ക്ക് അബദ്ധം പറ്റിയതാണോ എന്തോ.. റാണിക്കൊപ്പം ചേര്‍ത്തത് സല്‍മാന്‍ ഖാനെ ആയിരുന്നു.
ചിത്രം കണ്ട് ജഡ്ജി ഞെട്ടിയെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. സംഭവത്തിന്റെ സത്യസ്ഥിതി മനസ്സിലാക്കിയ കോടതി ബസന്തിന്റെ ജോലി ഭാര്യയ്ക്കു നല്‍കാനും ഉത്തരവിട്ടു. ഛത്തീസ്ഗഢിലെ ബിലാസ്പുര്‍ ജില്ലയിലെ ബൈകുണ്ഡ്പുര്‍ കുടുംബകോടതിയിലാണ് ഈ രസകരമായ സംഭവം നടന്നത്.