1995 ല്‍ വീര്‍ഗതി എന്ന ചിത്രത്തില്‍ സല്‍മാന്‍ ഖാന്റെ നായികയായ പൂജ ദാഡ്വാള്‍ ചികിത്സാ സഹായം തേടി രംഗത്ത്. താന്‍ ഇന്ന് പരമ ദരിദ്രയും രോഗിയുമാണെന്നും ചികിത്സയ്ക്കായുള്ള സാമ്പത്തിക സഹായം നല്‍കി സഹായിക്കണമെന്നും അപേക്ഷിക്കാനായി സല്‍മാന്‍ ഖാനെ സമീപിക്കാനിരിക്കുകയാണ് താരം. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് പൂജയിപ്പോള്‍.
ഞാനിന്ന് ദരിദ്രയാണ്. ഒരു കപ്പ് ചായ കുടിക്കണം എങ്കില്‍ പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ട ഗതികേടിലാണ്. സല്‍മാന്‍ എന്റെ അവസ്ഥ അറിഞ്ഞാല്‍ സഹായിക്കുമെന്ന ഒറ്റ പ്രതീക്ഷയാണ് ഇനി ബാക്കിയുള്ളത്. പൂജ പറയുന്നു. ചികിത്സയ്ക്ക് പണം തികയാതെ ബുദ്ധിമുട്ടുന്ന പൂജ സല്‍മാനോട് സഹായം ചോദിച്ചു. ഞാന്‍ സല്‍മാനെ ഒരുപാട് തവണ ബന്ധപ്പെടാന്‍ ശ്രമിച്ചു. പക്ഷേ അദ്ദേഹം പ്രതികരിച്ചില്ല.
പൂജ പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. അസുഖബാധിതയായതിനെ തുടര്‍ന്ന് ആരോഗ്യത്തോടൊപ്പം സാമ്പത്തികവും ക്ഷയിച്ചു. സല്‍മാന്‍ വീഡിയോ കാണുകയാണെങ്കില്‍ എന്തായാലും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. ക്ഷയരോഗം പിടികൂടുന്നതുവരെ ഗോവയിലെ ഒരു ചൂതാട്ടകേന്ദ്രത്തില്‍ മാനേജരായി ജോലി നോക്കുകയായിരുന്നു ഇവര്‍. സല്‍മാന്‍ഖാന്‍ ഇത് സംബന്ധിച്ച് പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും താരത്തോട് വേണ്ടത് ചെയ്യണമെന്ന അഭ്യര്‍ത്ഥന സോഷ്യല്‍മീഡിയയില്‍ ശക്തമായിരിക്കുകയാണ്.