ലക്‌നൗ: നിന്നെ കാണാന്‍ സല്‍മാന്‍ ഖാനെ പോലെയുണ്ട് എന്ന് കൂട്ടുകാര്‍ കളിയാക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന സംഭവം അറിഞ്ഞാല്‍ അത് അക്ഷരാര്‍ഥത്തില്‍ ശരിയാണെന്നു തോന്നിപ്പോകും. ആഗ്ര സര്‍വ്വകലാശാല പുറത്തുവിട്ട ബിരുദ വിദ്യാര്‍ത്ഥിയുടെ മാര്‍ക്ക് ഷീറ്റില്‍ വിദ്യാര്‍ഥിയുടെ ചിത്രത്തിനു പകരം സ്ഥാനം പിടിച്ചത് സല്‍മാന്‍ ഖാന്റെ ചിത്രം. ആഗ്രാ സര്‍വകലാശാലയുടെ ബിരുദ ദാന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പുതിയ സംഭവം ഉണ്ടായിരിക്കുന്നത്.
17028700***** എന്ന റോള്‍ നമ്പറിലുളള മാര്‍ക്ക് ഷീറ്റിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്. തോജ്പൂര്‍ ജാവയിലെ അമൃത സിംഗ് മെമ്മോറിയല്‍ ഡിഗ്രി കോളേജില്‍ നിന്നും ബിഎയ്ക്ക് 35 ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥിയുടെ മാര്‍ക്ക് ഷീറ്റിലാണ് ഫോട്ടോയുടെ സ്ഥാനത്ത് സല്‍മാന്‍ ഖാന്റെ ചിത്രം പതിപ്പിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥിയുടെ പേരിന്റെ അവസാനം ‘ഖാന്‍’ എന്ന് കൂടി ഉളളത് കണ്ടാണ് സല്‍മാന്റെ ചിത്രം കൊടുത്തതെന്ന് വ്യക്തമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യും മുമ്പ് സര്‍വ്വകലാശാല അധികൃതര്‍ പരിശോധിക്കുമ്പാഴാണ് വീഴ്ച ശ്രദ്ധയില്‍ പെട്ടത്.
മറ്റൊരു മാര്‍ക്ക് ഷീറ്റില്‍ നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രമാണ് അച്ചടിച്ചു വന്നിരിക്കുന്നതെന്നും സര്‍വകലാശാലയില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥന്‍ പറയുന്നു. മറ്റ് മാര്‍ക്ക് ഷീറ്റുകളില്‍ കുട്ടികളുടെ പേരുകളും തെറ്റായാണ് അച്ചടിച്ച് വന്നിരിക്കുന്നത്. പല മാര്‍ക്ക് ഷീറ്റിലും വിദ്യാര്‍ത്ഥികളുടെ പേരിന്റെ സ്ഥാനത്ത് സര്‍വ്വകലാശാലയുടെ പേരാണ് നല്‍കിയിരിക്കുന്നത്. മാര്‍ക്ക് ഷീറ്റകുള്‍ അച്ചടിക്കാന്‍ പൊതുവെ സ്വകാര്യ ഏജന്‍സികളെയാണ് ഏല്‍പ്പിക്കുന്നത്. ഇവര്‍ വരുത്തിയ വീഴ്ചയാണിതെന്നാണ് സര്‍വകലാശാല അധികൃതര്‍ നല്‍കുന്ന വിശദീകരണം. സംഭവം പുറത്തായതോടെ മുഴുവന്‍ മാര്‍ക്ക് ഷീറ്റുകളും പിന്‍വലിക്കാന്‍ സര്‍വകലാശാല ഉത്തരവിട്ടിരിക്കുകയാണ്. ആഗ്ര യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ 7.2 ലക്ഷം വിദ്യാര്‍ത്ഥികള്‍ വിവിധ കോളേജുകളിലായി പഠിക്കുന്നുണ്ട്. എന്തായാലും സല്‍മാന്‍ ഖാന്‍ മാര്‍ക്ക് ഷീറ്റില്‍ ഇടം പിടിച്ച സാഹചര്യത്തില്‍ ഷാരൂഖ് ഖാനും അമിതാഭ് ബച്ചനും ഐശ്വര്യാ റായിയുമൊക്കെ കാണാന്‍ സാധ്യതയുണ്ട് എന്നു സാരം.