കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ രണ്ടു ദിവസം ജയില്‍ വാസമനുഭവിച്ച സല്‍മാന്‍ ഖാന്‍ ജയില്‍ മോചിതനായത് ചില പുതിയ തീരുമാനങ്ങളുമായെന്ന് സൂചന. അഞ്ചു വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് കോടതി ജയിലിലേയ്ക്ക് അയച്ച സല്‍മാന്‍ ജാമ്യം ലഭിച്ചതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് ജയില്‍മോചിതനായത്. തന്റെ ട്രേഡ്മാര്‍ക്ക് ശീലമായ പുകവലി നിര്‍ത്താമെന്ന് സല്‍മാന്‍ തനിക്ക് വാക്കു നല്‍കിയെന്ന് വെളിപ്പെടുത്തിയത് പീഡനക്കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന ആശാറാം ബാപ്പുവാണ്.
ചില ഇംഗ്ലീഷ് മാധ്യമങ്ങളാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. സല്‍മാന്‍ ജോധ്പുര്‍ ജയിലില്‍ തടവില്‍ കഴിഞ്ഞത് ആശാറാം ബാപ്പുവിനെ തടവില്‍ പാര്‍പ്പിച്ച രണ്ടാം ബ്ലോക്കില്‍ തന്നെയാണ്. ആശാറാം ബാപ്പുവിന്റെ സെല്ലിന്റെ തൊട്ടടുത്ത സെല്ലിലായിരുന്നു 106ാം നമ്പര്‍ തടവുകാരനായി സല്‍മാന്‍ രണ്ടു ദിവസം കഴിഞ്ഞത്.ജയിലില്‍ സല്‍മാന് ലഭിച്ച പ്രത്യേക പരിഗണനയില്‍ ആശാറാം ബാപ്പു അസന്തുഷ്ടനാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സല്‍മാനെ കാണാന്‍ നിരവധി ആളുകള്‍ വന്നിരുന്നത് ആശാറാം ബാപ്പുവിനെ അലോസരപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒരു സെലിബ്രിറ്റിയായതുകൊണ്ടാണ് ഇതൊക്കെ സാധ്യമാവുന്നതെന്നും ഇത് നീതികേടാണെന്നും ബാപ്പു പറഞ്ഞതായാണ് വിവരം. ആശ്രമത്തിലെ പ്രായപൂര്‍ത്തിയാവാത്ത അന്തേവാസിയെ പീഡിപ്പിച്ചുവെന്ന് കേസില്‍ 2013മല്‍ ജോധ്പുര്‍ പോലീസ് അറസ്റ്റ് ചെയ്ത ആശാറാം ബാപ്പു പത്ത് വര്‍ഷത്തെ ജയില്‍ശിക്ഷയാണ് അനുഭവിക്കുന്നത്. ഏപ്രില്‍ 25നാണ് ആശാറാം ബാപ്പുവിന്റെ കേസില്‍ അന്തിമ വിധി വരുന്നത്. എന്തായാലും സല്ലു പുകവലി നിര്‍ത്തുമെന്ന വാര്‍ത്ത ആരാധകരെ സന്തോഷിപ്പിക്കുകയാണ്.