റിയാദ്: സൽമാൻ രാജാവിന്റെ അതിഥികളായി 1,000 വിദേശികൾക്ക് മക്കയിലെത്തി ഉംറ നിർവഹിക്കാൻ അവസരം.
ഖാദിമുൽ ഹറമൈൻ ഹജ്ജ് ഉംറ പദ്ധതിക്ക് കീഴിലാണ് ഈവർഷം വിവിധ രാജ്യക്കാരായ 1,000 ഉംറ തീർഥാടകർക്ക് അനുമതി നൽകിയത്. മതകാര്യവകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുസ്ലിംകൾ തമ്മിലുള്ള സാഹോദര്യ ബന്ധം ശക്തിപ്പെടുത്തുന്നതിന് ഈ പദ്ധതി ഉതകുമെന്നു മതകാര്യമന്ത്രി പറഞ്ഞു.
ഉംറ നിർവഹിക്കുന്നതിനും മദീന മസ്ജിദുന്നബവി സന്ദർശിക്കുന്നതിനും മുസ് ലിം ലോകത്തെ സ്വാധീനമുള്ള വ്യക്തികൾ, പ്രമുഖർ, പണ്ഡിതന്മാർ, ശൈഖുകൾ, യൂനിവേഴ്സിറ്റി, ഇൻസ്റ്റിറ്റ്യൂട്ട് പ്രഫസർമാർ എന്നിവരുൾപ്പെടെ ലോകമെമ്പാടുമുള്ള 1,000 പ്രമുഖ ഇസ്ലാമിക വ്യക്തിത്വങ്ങൾക്കാണ് ഖാദിമുൽ ഹജ്ജ് ഉംറ പദ്ധതിക്ക് കീഴിൽ ആതിഥ്യമരുളുകയെന്നും മന്ത്രി പറഞ്ഞു.