ന്യൂഡൽഹി: ബോളിവുഡ് നടൻ സൽമാൻ ഖാനെ വധിക്കാൻ പദ്ധതിയിട്ട “ഷാർപ്പ് ഷൂട്ടർ’ അറസ്റ്റിൽ. കുപ്രസിദ്ധ കുറ്റവാളി സമ്പത് നെഹ്റയാണ് (28) അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ച ഹൈദരാബാദിൽനിന്ന് ഹരിയാന പോലീസാണ് നെഹ്റയെ അറസ്റ്റ് ചെയ്തത്.
സൽമാൻ ഖാനെ വധിക്കാൻ മുംബൈയിലെത്തിയ നെഹ്റ നടന്റെ വീടിന്റെ ചിത്രങ്ങളും ഇവിടേക്ക് എത്തുന്ന വഴിയും മൊബൈൽ ഫോണിൽ പകർത്തി സൂക്ഷിച്ചു. ഇതിനായി ഇയാള്‍ മുംബൈയില്‍ രണ്ടു ദിവസം ചിലവഴിച്ചിരുന്നു.
ഗാലക്സി അപ്പാര്‍ട്ട്മെന്റിലെ സല്‍മാന്റെ വീട്ടിലും പരിസരങ്ങളിലുമെത്തി നിരീക്ഷണം നടത്തിയ നെഹ്റ അക്രമണത്തിന് ഉചിതമായ സ്ഥലവും ആവശ്യമായ ആയുധവും നിശ്ചയിച്ചു. നടനെ വധിച്ച ശേഷം വിദേശത്തേക്ക് കടക്കാനായിരുന്നു ഇയാളുടെ പദ്ധതി.
ചണ്ഡീഗഡ് പോലീസ് ഇന്‍സ്പെക്ടറുടെ മകനായ സമ്പത്ത് നെഹ്റ ദേശീയതലത്തില്‍ ഡെക്കാത്തലോണ്‍ താരമായിരുന്നു. കൊടുംകുറ്റവാളി ലോറൻസ് ബിഷ്ണോയിയുടെ ഗുണ്ടാസഘത്തിലെ ഷാർപ്പ് ഷൂട്ടറാണ് നെഹ്റ. കൊലപാതകം, പിടിച്ചുപറി, കാര്‍ മോഷണം, കൊള്ള തുടങ്ങി നിരവധി കേസുകൾ ഇയാൾക്കെതിരായുണ്ട്.
കാര്‍ മോഷണവുമായി ബന്ധപ്പെട്ട് 2016ല്‍ പോലീസ് പിടിയിലായ ഇയാള്‍ പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. പട്യാല ജയിലില്‍ കിടക്കുമ്പോഴാണ് ഇയാള്‍ ബിഷ്ണോയിയുമായി അടുക്കുന്നത്.
സൽമാൻ ഖാനെ വധിക്കുമെന്ന് ബിഷ്ണോയി ജനുവരിയിൽ ഭീഷണിപ്പെടുത്തിയിരുന്നു. കൊലക്കേസ് അടക്കം നിരവധി ക്രമിനൽ കേസുകൾ ബിഷ്ണോയിയുടെ സംഘത്തിനെതിരായുണ്ട്.