മുംബൈ: ഗുണ്ടാതലവൻ ലോറൻസ് ബിഷ്ണോയിയുമായുള്ള പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ അഞ്ചു കോടി രൂപ ആവശ്യപ്പെട്ട് ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാനെതിരേ ഭീഷണിസന്ദേശം. പണം നൽകിയില്ലെങ്കിൽ വധിക്കുമെന്നും അടുത്തിടെ കൊലചെയ്യപ്പെട്ട മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിയുടേതിനേക്കാൾ മോശം അവസ്ഥ സൽമാന് ഉണ്ടാകുമെന്നും ഭീഷണിസന്ദേശത്തിൽ പറയുന്നു. മുംബൈ ട്രാഫിക് പോലീസിനാണ് വാട്സാപ് സന്ദേശം ലഭിച്ചത്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും താരത്തിന്റെ ബാന്ദ്രയിലെ വസതിക്കു സുരക്ഷ വർധിപ്പിച്ചിട്ടുണ്ടെന്നും മുംബൈ പോലീസ് അറിയിച്ചു. മുൻകാല ഭീഷണികളെത്തുടർന്നു നടൻ അതീവ ജാഗ്രതയിലാണ്. അടുത്തിടെ സൽമാന്റെ വസതിക്കുനേരേ ബിഷ്ണോയിസംഘം വെടിയുതിർത്തിരുന്നു.
ബിഷ്ണോയി സംഘത്തിലെ പ്രധാനിയായ സുഖ്ബീർ ബൽബീർ സിംഗിനെ നവി മുംബൈ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. സൽമാനെ വധിക്കാനുള്ള ഗൂഢാലോചനയുമായി ഇയാൾക്കു ബന്ധമുണ്ടെന്നും നടനെ ആക്രമിക്കാൻ സിംഗ് മറ്റു സംഘാംഗങ്ങൾക്കു കരാർ നൽകിയതായും റിപ്പോർട്ടുണ്ട്.
ആക്രമണത്തിനായി പാക്കിസ്ഥാനിൽനിന്നു കടത്തിയ എകെ 47, എം 16, എകെ 92 എന്നിവയുൾപ്പെടെയുള്ള ഉയർന്ന ശക്തിയുള്ള തോക്കുകൾ ഉപയോഗിക്കാനാണ് സംഘം ഉദ്ദേശിച്ചിരുന്നതെന്നും റിപ്പോർട്ടുണ്ട്. ലോറൻസ് ബിഷ്ണോയി-സൽമാൻ ഖാൻ ശത്രുതയ്ക്കു വർഷങ്ങൾ പഴക്കമുണ്ട്.
1998ൽ കൃഷ്ണമൃഗത്തെ വേട്ടയാടിയ ഖാനെതിരേ സംഘം നേരെത്തെയും വധഭീഷണി മുഴക്കിയിട്ടുണ്ട്. ബിഷ്ണോയ് സമൂഹം കൃഷ്ണമൃഗത്തെ പവിത്രമായാണു കാണുന്നത്. ഇതാണു പ്രതികാരം ചെയ്യാനുള്ള പ്രധാന കാരണം.