അത് കൊലപാതകമാണോ? അതോ ആത്മഹത്യയോ? സല്ഷയെന്ന 20കാരിയുടെ വേര്‍പാട് ഇപ്പോഴും ബന്ധുക്കള്‍ക്ക് വിശ്വസിക്കാനാകുന്നില്ല. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരമാണ് തിരുവനന്തപുരം വെമ്പായം ഗാന്ധിനഗര്‍ ജാസ്മിന് മന്‍സിലില്‍ റോഷന്റെ ഭാര്യ സല്‍ഷയെ (20) ഭര്‍തൃഗൃഹത്തിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയോട് ചേര്‍ന്നുള്ള മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ആറ്റിങ്ങല്‍ അവനവഞ്ചേരി ബാഷാ ഡെയ്ലില്‍ ഷാനവാസ്-സലീന ദമ്പതികളുടെ മകളാണ് സല്‍ഷ. കഴിഞ്ഞ ഏപ്രില്‍ 23നായിരുന്നു. റോഷനും സല്‍ഷയും തമ്മിലുള്ള നിക്കാഹ്. ആഡംബര പൂര്‍ണ്ണമായിരുന്നു സാമ്പത്തികമായി ഉന്നത സ്ഥിതിയിലുള്ള റോഷന്റെയും സല്‍ഷയുടേയും വിവാഹചടങ്ങുകള്‍. ഗള്‍ഫില്‍ ബിസിനസ് ചെയ്യുകയാണ് റോഷന്.
സല്‍ഷയുടെ മരണത്തിനു പിന്നില്‍ റോഷന്റെ പീഡനമാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വലിയ സുഹൃത്ത് ബന്ധങ്ങളുള്ള റോഷന് വിവാഹത്തിന് മുമ്പെന്ന പോലെ കറങ്ങി നടക്കുകയും രാത്രി വൈകി മാത്രം വീട്ടിലെത്തുന്നതും സല്‍ഷയെ വല്ലാതെ വിഷമിപ്പിച്ചു. ഗള്‍ഫില്‍ പിതാവിനൊപ്പം ബിസിനസ് രംഗത്തുണ്ടായിരുന്നപ്പോഴും റോഷന് സുഖലോലുപതയ്ക്ക് നടുവിലായിരുന്നു. മിന്നുചാര്‍ത്തി ജീവിത പങ്കാളിയായി വീട്ടിലെത്തിച്ച തന്നോട് റോഷന്റെ അവഗണന സല്‍ഷക്ക് സഹിയ്ക്കാനായില്ല. ഇതിനിടയില്‍ സ്ത്രീധനത്തെച്ചൊല്ലിയും റോഷനും ബന്ധുക്കളും സല്‍ഷയോട് കലഹം തുടങ്ങി. സ്വന്തം വീട്ടില്‍ പോകണമെന്ന ആഗ്രഹത്തിനും റോഷന് വിലക്കേര്‍പ്പെടുത്തിയതായി ബന്ധുക്കള്‍ പറയുന്നു.
സല്‍ഷ ഇക്കാര്യങ്ങള്‍ മാതാപിതാക്കളില്‍ നിന്നും മറച്ചെങ്കിലും അടുത്ത സുഹൃത്തായ യുവതിയോട് താന്‍ അനുഭവിക്കുന്ന വേദന പങ്കുവച്ചു. പക്ഷേ, അത്യാഡംബരത്തോടും ആഹ്ളാദത്തോടും വിവാഹം നടത്തി ദിവസങ്ങള്‍ പിന്നിടും മുന്‍പ് ഭര്‍ത്താവിനെ ഉപേക്ഷിച്ച് സ്വന്തം വീട്ടില്‍ തിരികെ പോകാന്‍ സല്‍ഷയുടെ മനസ് അനുവദിച്ചില്ല. ടോപ്പും പാന്റും ധരിച്ച് കട്ടിലില്‍ കാല്പാദം മുട്ടി നില്ക്കുന്ന നിലയിലായിരുന്നു സല്‍ഷയുടെ മൃതദേഹം. ഒറ്റനോട്ടത്തില്‍ ആത്മഹത്യയെന്ന് തോന്നുംവിധത്തിലാണ് മൃതദേഹം കാണപ്പെട്ടതെങ്കിലും വീട്ടുകാരും നാട്ടുകാരും സംശയം ഉന്നയിച്ച സാഹചര്യത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ് പോലീസ്. മകള്‍ അകാരണമായി ആത്മഹത്യ ചെയ്യില്ലെന്നാണ് സല്‍ഷയുടെ മാതാപിതാക്കളുടെ വെളിപ്പെടുത്തല്‍. അവളെ ആരെങ്കിലും അപായപ്പെടുത്തിയതോ ശാരീരികമാനസിക പീഡനം സഹിക്കാനാകാതെ മരണംവരിച്ചതോ ആകാമെന്നാണ് അവരുടെ നിഗമനം.