നാം ദിവസവും അകത്താക്കുന്ന ഉപ്പിന്റെ അളവ് ഏറെ കൂടുതലാണ്. 15 മുതല്‍ 20 ഗ്രാം വരെ ഉപ്പാണ് ദിവസവും നമ്മളില്‍ പലരുടെയും ശരീരത്തിലെത്തുന്നത്. ബേക്കറി വിഭവങ്ങള്‍, അച്ചാറുകള്‍, വറുത്ത വിഭവങ്ങള്‍ എന്നിവ പതിവായും അമിതമായും കഴിക്കുന്നതിലൂടെയാണ് ഉപ്പ് ഉയര്‍ന്ന അളവില്‍ ശരീരത്തിലെത്തുന്നത്. പ്രോസസ് ഫുഡ്സില്‍(സംസ്കരിച്ചു പായ്ക്ക് ചെയ്ത) ഉപ്പ് ധാരാളമായി അടങ്ങിയിരിക്കുന്നു. ചിപ്സ്, പപ്പടം എന്നിവയില്‍ നിന്നെല്ലാം ധാരാളം ഉപ്പ് ശരീരത്തിനു കിട്ടുന്നുണ്ട്. മിക്കപ്പോഴും കറികളിലും ഉപ്പിന്റെ തോതു കൂടുതലായിരിക്കും.
ഒരു വയസുള്ള കുട്ടിക്ക് ദിവസം ഒരു ഗ്രാം
ലോകാരോഗ്യസംഘടന പറയുന്നതു പ്രകാരം ഒരു ടീ സ്പൂണ്‍ ഉപ്പുമാത്രമാണ് ഒരാള്‍ക്കു ദിവസം ആവശ്യമുള്ളത്. അതായത് അഞ്ച് ഗ്രാം. ഒരു സ്പൂണ്‍ ഉപ്പില്‍ നിന്ന് 2.3 ഗ്രാം സോഡിയം ശരീരത്തിനു ലഭ്യമാകും. ഒരു വയസുള്ള കുട്ടിക്ക് ദിവസം ഒരു ഗ്രാം ഉപ്പു മതി. 2–3 വയസാകുമ്പോള്‍ രണ്ടു ഗ്രാം ഉപ്പ്. 6–7 വയസാകുമ്പോള്‍ മൂന്നു ഗ്രാം ഉപ്പ്. കൗമാരപ്രായം മുതല്‍ അഞ്ചുഗ്രാം ഉപ്പ്. നന്നായി അദ്ധ്വാനിച്ചു വിയര്‍ക്കുന്നവര്‍ക്കുപോലും ദിവസവും ആറു ഗ്രാമില്‍ താഴെ ഉപ്പു മതി.അത്ലറ്റുകള്, കായികതാരങ്ങള്‍ എന്നിവര്‍ക്ക് ഉപ്പ് കുറച്ചുകൂടി ആകാം; അവര്‍ ധാരാളം വിയര്‍ക്കുന്നവരാണ്.
ബിപി കൂടും, കാല്‍സ്യം നഷ്ടമാകും
രക്തസമ്മര്‍ദവും ഉപ്പുമായി ഏറെ ബന്ധമുണ്ട്. ഉപ്പ് കഴിച്ചാല്‍ രക്തസമ്മര്‍ദം പെട്ടെന്നു കൂടും. ഉപ്പ് കൂടുതല്‍ കഴിച്ചാല്‍ ശരീരത്തില്‍ നിന്ന് കാല്‍സ്യം കൂടുതല്‍ അളവില്‍ നഷ്ടമാകും.
സ്ട്രോക്കും ഉപ്പും
സര്‍വേകള്‍ പ്രകാരം സ്ട്രോക്ക് ഇപ്പോള്‍ സ്ത്രീകളിലാണ് പുരുഷന്മാരേക്കാള് കൂടുതലായി കാണുന്നത്. സ്ട്രസ്, നിയന്ത്രിതമല്ലാത്ത രക്തസമ്മര്‍ദം, അമിതവണ്ണം, മരുന്നുകള്‍ കൃത്യസമയത്തു കഴിക്കാത്ത അവസ്ഥ… ഇതെല്ലാം അടുത്തകാലത്തായി സ്ത്രീകളില്‍ സ്ട്രോക്സാധ്യത വര്‍ധിപ്പിച്ചിരിക്കുന്നു. ഉപ്പ് അധികമായാല്‍ ബിപി കൂടും. ബിപിയും സ്ട്രോക്കും തമ്മില്‍ ബന്ധമുണ്ട്. അതിനാല്‍ എല്ലാവരും ഉപ്പ് മിതമായി മാത്രം ഉപയോഗിക്കുന്നതാണ് ആരോഗ്യകരം.
സോഡിയം വേണം, പക്ഷേ…
സോഡിയം ശരീരത്തിന് അവശ്യം വേണ്ട ധാതുവാണ്. ഉപ്പിലൂടെയാണ് സോഡിയം മുഖ്യമായും ശരീരത്തിലെത്തുന്നത്. എല്ലാ ഭക്ഷ്യവസ്തുക്കളിലും സോഡിയമുണ്ട്. പലപ്പോഴും നാം കഴിക്കുന്ന പല മരുന്നുകളിലും സോഡിയമുണ്ട്. അജിനോമോട്ടോ, സോയാസോസ്, ടൊമാറ്റോ സോസ് എന്നിവയിലൊക്കെ സോഡിയം അടങ്ങിയിട്ടുണ്ട്. കാന്‍ഡ്ഫുഡ്, പ്രോസസ് ഫുഡ്, പായ്ക്ക്ഡ് ഫുഡ് എന്നിവയിലൊക്കെ സോഡിയം ധാരാളം. ഇതിലൂടെയെല്ലം ശരീരത്തില്‍ ധാരാളം സോഡിയം എത്തുന്നുണ്ട്. സോയാസോസില്‍ ഉപ്പ് ധാരാളമുണ്ട്. അതിനും പുറമേയാണ് കറികളില്‍ അമിതമായി ചേര്‍ക്കുന്ന ഉപ്പിലൂടെ എത്തുന്ന സോഡിയത്തിന്റെ തോത്.
ബിപി കൂട്ടുന്ന സോഡിയം
ശരീരത്തിലെത്തുന്ന സോഡിയത്തിന്റെ തോത് ബാലന്‍സ് ചെയ്യുന്നതു പൊട്ടാസ്യമാണ്. പൊട്ടാസ്യം കിട്ടുന്നതു പച്ചക്കറികളില്‍ നിന്നും പഴവര്ഗങ്ങളില് നിന്നുമാണ്. മിക്ക പച്ചക്കറികളിലും സോഡിയവും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. പച്ചക്കറികള്‍ ഒഴിവാക്കി പ്രോസസ് ഫുഡ്സ് ശീലമാക്കുന്നവരാണ് നമ്മളില്‍ പലരും. പച്ചക്കറികള്‍ ധാരാളം കഴിക്കാത്തവര്‍ ഉപ്പ് കൂടുതലായി കഴിക്കുമ്പോല് ശരീരത്തില്‍ സോഡിയത്തിന്റെ അളവു ക്രമാതീതമായി കൂടുന്നു. സോഡിയം ശരീരത്തില്‍ വെള്ളം പിടിച്ചുനിര്‍ത്തും. അതായത് രക്തത്തിലെ വെള്ളത്തിന്റെ അളവു കൂടും. രക്തത്തിന്റെ വ്യാപ്തം കൂടും. അപ്പോള്‍ രക്ത
സമ്മര്‍ദം(ബിപി) കൂടും.
വീട്ടമ്മമാരുടെ ശ്രദ്ധയ്ക്ക്
* ഉപ്പ് തുറന്നുവയ്ക്കരുത്. അയഡിന്‍ ചേര്‍ത്ത ഉപ്പ് വായു കടക്കാത്ത വിധം സൂക്ഷിച്ചില്ലെങ്കില്‍ അയഡിന്‍ ബാഷ്പീകരിച്ചു നഷ്ടപ്പെടും. ഉപ്പ് കുപ്പിയിലോ മറ്റോ പകര്‍ന്നശേഷം നന്നായി അടച്ചു സൂക്ഷിക്കുക.
* ഉപ്പ് അടുപ്പിനടുത്തു വയ്ക്കരുത്. ചൂടു തട്ടിയാലും അയഡിന്‍ നഷ്ടപ്പെടും.
* അയഡൈസ്ഡ് ഉപ്പിലെ അയഡിന്‍ നഷ്ടപ്പെടാതിരിക്കാനാണ് ഉപ്പില്‍ വെള്ളം ചേര്‍ത്തു സൂക്ഷിക്കരുത് എന്നു പറയാറുള്ളത്.
* ഉപ്പ് അളന്നു മാത്രം ഉപയോഗിക്കുക. ഉദ്ദേശക്കണക്കില്‍ ഇട്ടാല്‍ അളവില്‍ കൂടാനുള്ള സാധ്യതയേറും.
വിവരങ്ങള്‍: ഡോ. അനിതമോഹന്‍
ക്ലിനിക്കല്‍ ന്യുട്രീഷനിസ്റ്റ് * ഡയറ്റ് കണ്‍സള്‍ട്ടന്റ്.