പലപ്പോഴും ഉയർന്ന അളവിൽ ഉപ്പ് നാം ശീലിക്കുന്നതാണ്. ചോറിനൊപ്പം ഉപ്പ്, ചോറു വാർക്കുന്പോൾ ഉപ്പ്… എന്നിങ്ങനെ ഉപ്പിന്റെ ഉപയോഗം വർഷങ്ങളായി പല തരത്തിൽ ശീലിക്കുന്നതാണ്. ചിപ്സ്, കോണ്‍ഫ്ളേക്സ് തുടങ്ങിയവയിലും ഉപ്പ് ധാരാളം. അച്ചാറിലും മറ്റും പ്രിസർവേറ്റീവ് ആയും ധാരാളം ഉപ്പ് ചേർക്കുന്നുണ്ട്.
ബിപി കൂട്ടുന്ന സോഡിയം
ശരീരത്തിലെത്തുന്ന സോഡിയത്തിന്റെ തോത് ബാലൻസ് ചെയ്യുന്നതു പൊട്ടാസ്യമാണ്. പൊട്ടാസ്യം കിട്ടുന്നതു പച്ചക്കറികളിൽ നിന്നും പഴവർഗങ്ങളിൽ നിന്നുമാണ്. മിക്ക പച്ചക്കറികളിലും സോഡിയവും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്.
പച്ചക്കറികൾ ഒഴിവാക്കി പ്രോസസ്ഡ് ഫുഡ്സ് ശീലമാക്കുന്നവരാണ് നമ്മളിൽ പലരും. പച്ചക്കറികൾ കഴിക്കാത്തവർ ഉപ്പ് കൂടുതലായി കഴിക്കുന്പോൾ ശരീരത്തിൽ സോഡിയത്തിന്റെ അളവു ക്രമാതീതമായി കൂടുന്നു. സോഡിയം ശരീരത്തിൽ വെള്ളം പിടിച്ചുനിർത്തും. അതായത് രക്തത്തിലെ വെള്ളത്തിന്റെ അളവു കൂടും. രക്തത്തിന്റെ വ്യാപ്തം കൂടും. അപ്പോൾ രക്തസമ്മർദം(ബിപി) കൂടും
ഉപ്പും കൊളസ്ട്രോളും?
ഉപ്പും കൊളസ്ട്രോളും തമ്മിൽ ബന്ധമില്ല. ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നതിനു പുറമേ നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ് ശരീരത്തിൽ കൊളസ്ട്രോൾ കൂടുതലായി എത്തുന്നത്. പക്ഷേ, ബിപിയുള്ളവർക്കു മിക്കപ്പോഴും കൊളസ്ട്രോളും കൂടുതലായിരിക്കും.
സ്ട്രോക്കും ഉപ്പും
സർവേകൾ പ്രകാരം സ്ട്രോക്ക് ഇപ്പോൾ സ്ത്രീകളിലാണ് പുരുഷന്മാരേക്കാൾ കൂടുതലായി കാണുന്നത്. സ്ട്രസ്, നിയന്ത്രിതമല്ലാത്ത രക്തസമ്മർദം, അമിതവണ്ണം, മരുന്നുകൾ കൃത്യസമയത്തു കഴിക്കാത്ത അവസ്ഥ… ഇതെല്ലാം അടുത്തകാലത്തായി സ്ത്രീകളിൽ സ്ട്രോക്സാധ്യത വർധിപ്പിച്ചിരിക്കുന്നു.
ഉപ്പ് അധികമായാൽ ബിപി കൂടും. ബിപിയും സ്ട്രോക്കും തമ്മിൽ ബന്ധമുണ്ട്. അതിനാൽ എല്ലാവരും ഉപ്പ് മിതമായി മാത്രം ഉപയോഗിക്കുന്നതാണ് ആരോഗ്യകരം.
ഉണക്കമീൻ ശീലമാക്കരുത് ഉണക്കമീൻ
പതിവായി കഴിക്കുന്നവരുടെ ആമാശയത്തിൽ കാൻസറിനു മുന്നോടിയായുള്ള ലക്ഷണങ്ങൾ കണ്ടുവരാറുണ്ട്. ഉണക്കമീനിൽ ഉപ്പിന്റെ അംശം കൂടുതലാണ്. അതിനാൽ ഉണക്കമീൻ
(ഡ്രൈ ഫിഷ്) പതിവായി കഴിക്കരുത്.
(തുടരും)
വിവരങ്ങൾക്കു കടപ്പാട്:
ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് &
ഡയറ്റ് കണ്‍സൾട്ടന്റ്