ഉപ്പ് തുറന്നുവയ്ക്കരുത്
ഉപ്പ് തുറന്നുവയ്ക്കരുത്. അയഡിൻ ചേർത്ത ഉപ്പ് വായു കടക്കാത്ത വിധം സൂക്ഷിച്ചില്ലെങ്കിൽ അയഡിൻ ബാഷ്പീകരിച്ചു നഷ്ടപ്പെടും. ഉപ്പ് കുപ്പിയിലോ മറ്റോ പകർന്നശേഷം നന്നായി അടച്ചു സൂക്ഷിക്കുക.
ഉപ്പ് അടുപ്പിനടുത്തു വയ്ക്കരുത്. ചൂടു തട്ടിയാലും അയഡിൻ നഷ്ടപ്പെടും. അയഡൈസ്ഡ് ഉപ്പിലെ അയഡിൻ നഷ്ടപ്പെടാതിരിക്കാനാണ് ഉപ്പിൽ വെള്ളം ചേർത്തു സൂക്ഷിക്കരുത് എന്നു പറയാറുള്ളത്.
ഉപ്പ് അളന്നു മാത്രം ഉപയോഗിക്കുക. ഉദ്ദേശക്കണക്കിൽ ചേർത്താൽ അളവിൽ കൂടാൻ സാധ്യതയേറും.
സ്ട്രോക്കും ഉപ്പും
സർവേകൾ പ്രകാരം സ്ട്രോക്ക് ഇപ്പോൾ സ്ത്രീകളിലാണ് പുരുഷന്മാരേക്കാൾ കൂടുതലായി കാണുന്നത്. സ്ട്രസ്, നിയന്ത്രിതമല്ലാത്ത രക്തസമ്മർദം, അമിതവണ്ണം, മരുന്നുകൾ കൃത്യസമയത്തു കഴിക്കാത്ത അവസ്ഥ…
ഇതെല്ലാം അടുത്തകാലത്തായി സ്ത്രീകളിൽ സ്ട്രോക്സാധ്യത വർധിപ്പിച്ചിരിക്കുന്നു. ഉപ്പ് അധികമായാൽ ബിപി കൂടും. ബിപിയും സ്ട്രോക്കും തമ്മിൽ ബന്ധമുണ്ട്. എല്ലാവരും ഉപ്പ് മിതമായി മാത്രം ഉപയോഗിക്കുക..
അയഡിൻ ചേർത്ത കറിയുപ്പ്
അയഡിൻ ചേർത്ത ഉപ്പ് വർഷങ്ങളായി ഉപയോഗിച്ചതിനാൽ പ്രായമുള്ളവരിൽ തൈറോയ്ഡ് സംബന്ധമായ രോഗങ്ങൾ കൂടുന്നതായി ചിലർ അടുത്തിടെ പ്രചരിപ്പിച്ചു വരുന്നുണ്ട്.
വാസ്തവത്തിൽ അയഡിൻ ശരീരത്തിൽ അടിഞ്ഞുകൂടുന്നതു തീരെ കുറഞ്ഞ അളവിൽ മാത്രം. അധികമുള്ളതു മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയാണ്. പ്രായമാകുന്നവരിലുണ്ടാകുന്ന തൈറോയ്ഡ് പ്രശ്നങ്ങൾ അയഡിൻ കൊണ്ടു മാത്രമല്ല.
സർവേ നടത്തി അയഡിൻ കുറവുള്ള 10 വയസിനു താഴെയുള്ള കുട്ടികളെ കണ്ടെത്തി അതു നികത്തുന്നതിനുള്ള പദ്ധതിയാണ് നാഷണൽ അയഡിൻ ഡെഫിഷ്യൻസി ഡിസോഡർ കണ്ട്രോൾ പ്രോഗ്രാം.
അയഡിൻ ചേർത്ത കറിയുപ്പ് ഉപയോഗിക്കണമെന്നു നിർദേശിച്ചത് അതിന്റെ ഭാഗമായാണ്. അയഡൈസ്ഡ് ഉപ്പ് കഴിച്ചാൽ കൊച്ചുകുട്ടികളിൽ ഓർമശക്തി മെച്ചപ്പെടുത്തുമെന്നാണ് പഠനങ്ങൾ.
ഉപ്പുചേർത്തു വറുത്ത വിഭവങ്ങൾ, ഉണക്കമീൻ – ശീലമാക്കരുത്
എരിവും പുളിയും ഉപ്പും എണ്ണയും ധാരാളമുള്ള സ്നാക്സ്, ചിപ്സ് എന്നിവയുടെ ഉപയോഗം കുറയ്ക്കണം. ഉപ്പു ചേർത്തു വറുത്ത വിഭവങ്ങളുടെ ഉപയോഗം കുറയ്ക്കണം. അത്തരം വിഭവങ്ങൾ പതിവായി കഴിക്കരുത്. ഉപ്പു ചേർത്തു വറുത്ത നിലക്കടല, കടല എന്നിവ ദിവസവും കഴിക്കരുത്.
ഉണക്കമീൻ പതിവായി കഴിക്കുന്നവരുടെ ആമാശയത്തിൽ കാൻസറിനു മുന്നോടിയായുള്ള ലക്ഷണങ്ങൾ കണ്ടുവരാറുണ്ട്. ഉണക്കമീനിൽ ഉപ്പിന്റെ അംശം കൂടുതലാണ്. അതിനാൽ ഉണക്കമീൻ(ഡ്രൈ ഫിഷ്) പതിവായി കഴിക്കരുത്.
ഉപ്പും കൊളസ്ട്രോളും തമ്മിൽ…?
ഉപ്പും കൊളസ്ട്രോളും തമ്മിൽ ബന്ധമില്ല. ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നതിനു പുറമേ നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ് ശരീരത്തിൽ കൊളസ്ട്രോൾ കൂടുതലായി എത്തുന്നത്. പക്ഷേ, ബിപിയുള്ളവർക്കു മിക്കപ്പോഴും കൊളസ്ട്രോളും കൂടുതലായിരിക്കും.
ഉപ്പ് കുറയ്ക്കാം
* പാകം ചെയ്യുന്പോൾ മിതമായി ചേർക്കുന്നതിനു പുറമേ വിളന്പുന്പോൾ കൂടുതൽ അളവിൽ ഉപ്പു ചേർത്തു കഴിക്കരുത്.
* തൈര്, സാലഡ് എന്നിവ കഴിക്കുന്പോൾ രുചിക്കുവേണ്ടി പലരും ധാരാളം ഉപ്പു ചേർത്തു കഴിക്കാറുണ്ട്. സാലഡിൽ ഉപ്പിനു പകരം നാരങ്ങാനീര്, വിനാഗിരി എന്നിവയിൽ ഏതെങ്കിലുമൊന്നു ചേർത്താലും രുചികരമാക്കാം. അത്തരത്തിൽ പ്രത്യേകമായിഉപ്പു ചേർത്തു കഴിക്കുന്ന രീതി ഒഴിവാക്കുക.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് &ഡയറ്റ് കണ്സൾട്ടന്റ്