സുരേന്ദ്രനഗർ: ടൗട്ടെ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഗുജറാത്തിലെ ലിറ്റിൽ റാൻ ഓഫ് കച്ച്(എൽആർകെ) മേഖലയിൽ ഒലിച്ചുപോയത് 10 കോടി രൂപയുടെ ഉപ്പ്.
ഉപ്പുപാടങ്ങളിൽ സൂക്ഷിച്ചിരുന്ന മൂന്നു ലക്ഷം മെട്രിക് ടൺ ഉപ്പാണു നഷ്ടപ്പെട്ടത്. ഒരു മെട്രിക് ടൺ ഉപ്പിന് 300 രൂപ മുതൽ 350 രൂപ വരെയാണു വിലയെന്ന് ഉപ്പുപാടം തൊഴിലാളികൾക്കുവേണ്ടി പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയായ അഗാരിയ ഹിത്രാക്ഷക് സമിതി ജില്ലാ കോ-ഓർഡിനേറ്റർ ഭരത് സുമേര പറഞ്ഞു.
ഏപ്രിൽ-ജൂൺ കാലയളിവിലാണ് ഉപ്പ് സംഭരിച്ച് ഗോഡൗണുകളിലാക്കുന്നത്. 12 ലക്ഷം മെട്രിക് ടൺ ഉപ്പ് ഇതുവരെ ഗോഡൗണുകളിലേക്കു മാറ്റിയിരുന്നു.
സുരേന്ദ്രനഗർ ജില്ലയിലെ ഉപ്പുപാടങ്ങളിൽ മൂന്നു ലക്ഷം ടൺ ഉപ്പായിരുന്നു അവശേഷിച്ചിരുന്നത്. 5000 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള മരുഭൂമിയാണ് ലിറ്റിൽ റാൻ ഓഫ് കച്ച്. ഇതിന്റെ ഏറിയ ഭാഗവും സുരേന്ദ്രനഗർ ജില്ലയിലാണ്.
10,000 തൊഴിലാളികളാണ് ഉപ്പുപാടങ്ങളിൽ ജോലി ചെയ്യുന്നത്. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെത്തുടർന്ന് ഉപ്പുപാടങ്ങളിലെ തൊഴിലാളികളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയിരുന്നു.
ചുഴലിക്കാറ്റ് ആഞ്ഞടിച്ചതോടെ മേഖലയിലെ 3000 ഉപ്പുപാടങ്ങൾ നശിച്ചു. തൊഴിലാളികളുടെ താത്കാലിക കുടിലുകൾക്കു സമീപം സ്ഥാപിച്ചിരുന്ന 25 വലിയ സോളാർ പാനലുകളും കാറ്റിലും മഴയിലും നശിച്ചു.
രാജ്യത്തിന്റെ ഉപ്പ് ഉത്പാദനത്തിൽ 80 ശതമാനവും ഗുജറാത്തിൽനിന്നാണ്. വർഷംതോറും 280 ലക്ഷം ടൺ ഉപ്പാണു ഗുജറാത്തിൽ ഉത്പാദിപ്പിക്കുന്നത്.