സ്വന്തം ലേഖകന്‍
കോഴിക്കോട് : പോലീസുകാര്‍ സല്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് ഡോക്ടര്‍ നല്കിയ പരാതിയില്‍ സേനയില്‍ വ്യാപക പ്രതിഷേധം. പരാതിക്കെതിരേ സമൂഹമാധ്യമങ്ങളിലൂടെയും മറ്റുമാണ് പോലീസുകാര്‍ അതൃപ്തി രേഖപ്പെടുത്തുന്നത്.
ആലപ്പുഴ സ്വദേശിയായ ഡോക്ടറാണ് സര്‍ക്കാര്‍ സര്‍വീസില്‍ ഗസറ്റഡ് റാങ്കിലുള്ള ഡോക്ടര്‍മാര്‍ക്ക് സല്യൂട്ട് നല്‍കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് ഔദ്യോഗികമായി പരാതി അയച്ചത്.
സല്യൂട്ടിന്റെ പ്രാധാന്യം പോലുമറിയാതെയാണ് പോലീസിന്റെ യശസിനെ ബാധിക്കുംവിധത്തില്‍ ഡോക്ടര്‍ പരാതി നല്‍കിയതെന്നാണ് പൊതുഅഭിപ്രായം.
മൈല്ക്കുറ്റികള്ക്കെല്ലാം സല്യൂട്ട് ചെയ്യലല്ല പോലീസിന്റെ ജോലിയെന്നും അങ്ങനെ സല്യൂട്ട് കിട്ടിയേ പറ്റൂ എന്നുള്ളവര്‍ അതാത് വകുപ്പ് മേധാവികളോട് സെക്യൂരിറ്റിക്കാരെ നിയോഗിക്കാന്‍ ഏര്‍പ്പാടാക്കണമെന്നും വ്യക്തമാക്കി ആംഡ് പോലീസ് ബറ്റാലിയന് ഒന്നിലെ (കെഎപി-1) എസ്ഐ കെ.വിശ്വംഭരന് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് ഇതിനകം ശ്രദ്ധേയമായി. സല്യൂട്ടിന്റെ പ്രാധാന്യത്തക്കുറിച്ചും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
പോലീസില്‍ പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിനും മൃതശരീരങ്ങളുടെ ശാസ്ത്രീയ പരിശോധനയ്ക്കും പോലീസ് സര്‍ജനും ഫോറന്‍സിക് ഡയറക്ടറും ഉണ്ട്. അവര്‍ക്ക് പോലീസില്‍ ഡിവൈഎസ്പി റാങ്ക് അനുവദിച്ചിട്ടുണ്ട്.
പോലീസ് ഉദ്യോഗസ്ഥര്‍ അവരെ സല്യൂട്ട് ചെയ്യാറുണ്ട്. എല്ലാ ഡോക്ടർമാർക്കും സല്യൂട്ട് ചെയ്യാന്‍ പോലീസിനു സെക്യൂരിറ്റി പണിയല്ല എന്ന് ഓര്‍ക്കുന്നത് നല്ലത് എന്നും പോസ്റ്റിലുണ്ട്.