ലണ്ടൻ: അദ്ഭുതങ്ങൾ ഇമചിമ്മാതെ കാണണം, കാരണം കണ്മുന്നിലുള്ളത് അദ്ഭുതമെന്നതുതന്നെ. ലിവർപൂളിലെ ആൻഫീൽഡ് സ്റ്റേഡിയത്തിൽ ഒരു അദ്ഭുതം നടന്നു. യൂറോപ്പിനെ ആകെ പിടിച്ചുലച്ച മഹാദ്ഭുതം. മൂന്ന് ഗോളിന്റെ കടവുമായി ചാന്പ്യൻസ് ലീഗ് ഫുട്ബോൾ രണ്ടാം പാദ സെമിഫൈനലിനിറങ്ങിയ ലിവർപൂൾ ആർത്തിരന്പിയ സ്വന്തം കാണികൾക്കു മുന്നിൽവച്ച് നാല് ഗോൾ നേടി ഫൈനലിലേക്ക് മുന്നേറി.
ആ ചുവന്ന വിപ്ലവത്തിൽ മുങ്ങിത്താഴ്ന്ന സാക്ഷാൽ ലയണൽ മെസിയുടെ ബാഴ്സലോണ ചാന്പ്യൻസ് ലീഗിൽനിന്ന് പുറത്തും. ഇരുപാദങ്ങളിലുമായി 4-3നാണ് ചെന്പടയുടെ ജയം. യൂറോപ്യൻ ഫുട്ബോളിലെ ഞെട്ടിപ്പിക്കുന്ന തോൽവികളിലൊന്നായി അത് ചരിത്രത്തിൽ ഇടംപിടിച്ചു. ആൻഫീൽഡ് ഇതുവരെ കണ്ടിട്ടില്ലാത്ത മാജിക്ക് ആയിരുന്നു അരങ്ങേറിയത്.
ഡിവോക് ഒറിഗിയുടെയും (ഏഴ്, 79 മിനിറ്റുകൾ) ജോർജിനോ വിനാൾഡമിന്റെയും (54, 56 മിനിറ്റുകൾ) ഇരട്ട ഗോളാണ് ചെന്പടയോട്ടത്തിന് ഇന്ധനമേകിയത്.
79-ാം മിനിറ്റിൽ കോർണർകിക്ക് എടുക്കാനായി പന്ത് വച്ചശേഷം സമീപമുണ്ടായിരുന്ന ഷാക്കീരിക്കരികിലേക്ക് നടക്കുന്നതായി ഭാവിച്ച് അതിവേഗം തിരിച്ചെത്തി കിക്കെടുത്ത അലക്സാണ്ടർ അർനോൾഡിന്റെ കൂർമബുദ്ധിയായിരുന്നു ലിവർപൂളിന്റെ നാലാം ഗോളിനു വഴിവച്ചത്. അതോടെ ഇരുപാദങ്ങളിലുമായി 4-3ന്റെ ജയത്തോടെ ലിവർപൂൾ തങ്ങളുടെ ഒന്‍പതാം യൂറോപ്യൻ ഫൈനലിനു യോഗ്യത നേടി. റയൽ മാഡ്രിഡ് (16), എസി മിലാൻ (11), ബയേണ്‍ മ്യൂണിക്ക് (10) എന്നിവയാണ് ഈ നേട്ടത്തിൽ ലിവർപൂളിനു മുന്നിലുള്ളത്.
ഒരിക്കലും വിട്ടുകൊടുക്കില്ല!
പരിക്കേറ്റ സൂപ്പർ താരങ്ങളായ മുഹമ്മദ് സല, റോബർട്ടോ ഫിർമിനോ എന്നിവരില്ലാതെയാണ് ലിവർപൂൾ ഇറങ്ങിയത്. സലയും ഫിർമിനോയും ഇല്ലാത്ത ലിവർപൂൾ ബാഴ്സയുടെ മൂന്ന് ഗോൾ കടംവീട്ടി ഫൈനലിൽ എത്തുമെന്ന് കടുത്ത ആരാധകർപോലും സ്വപ്നംകണ്ടില്ലെന്നതാണ് വാസ്തവം. കാരണം, അത്രമേൽ കരുത്തരാണ് ബാഴ്സയെന്നതുതന്നെ. എന്നാൽ, സല അണിഞ്ഞ ടി ഷർട്ടിൽ ഇങ്ങനെ എഴുതിയിരുന്നു: ഒരിക്കലും വിട്ടുകൊടുക്കില്ല (നെവർ ഗിവ് അപ്പ്). അത് അക്ഷരംപ്രതി ശരിവച്ച് ചെന്പട ആൻഫീൽഡിൽ പടയോട്ടം നടത്തി. രക്തം വാർന്ന് മെസിയും സംഘവും പിടഞ്ഞുവീണു.
അന്ന് റോമ, ഇന്ന് ലിവർപൂൾ
ഇത്തവണ ലിവർപൂളാണ് ബാഴ്സയെ കണ്ണീരിലാഴ്ത്തിയതെങ്കിൽ 2018/19 സീസണിൽ അത് നിർവഹിച്ചത് ഇറ്റാലിയൻ ക്ലബ്ബായ എഎസ് റോമയായിരുന്നു. നൗക്യാന്പിൽ 4-1ന് പരാജയപ്പെട്ട റോമ സ്വന്തം തട്ടകത്തിൽ 3-0 ത്തിനു ജയിച്ചു. ഇരുപാദങ്ങളിലുമായി 4-4. എവേ ഗോളിന്റെ ആനുകൂല്യത്തിൽ റോമ സെമിയിലേക്ക് മുന്നേറി. ആറാം മിനിറ്റിൽ എഡ്വിൻ സെക്കോ, 58-ാം മിനിറ്റിൽ ഡി റോസിയുടെ പെനൽറ്റി, 82-ാം മിനിറ്റിൽ മനോലാസ് എന്നിവരായിരുന്നു രണ്ടാം പാദത്തിൽ അന്ന് ബാഴ്സലോണയുടെ ഹൃദയം പിളർന്ന് റോമയ്ക്കായി ജയമൊരുക്കിയത്.
ചരിത്രം ആവർത്തിച്ച് ചെന്പട
ലിവർപൂളിനെ സംബന്ധിച്ച് തിരിച്ചുവരവ് പുത്തരിയില്ല. 2004-05ൽ ഇറ്റാലിയൻ ക്ലബ്ബായ എസി മിലാനെതിരേയും ചെന്പട ഇതുപോലൊരു തിരിച്ചുവരവ് നടത്തിയിരുന്നു. അന്ന് ഫൈനലിൽ ആദ്യ പകുതിയിൽ മൂന്ന് ഗോളിനു പിന്നിട്ടുനിന്നശേഷം ലിവർപൂൾ കിരീടത്തിൽ മുത്തമിട്ടു. പൗലൊ മാൽദീനിയും ക്രെസ്പോയും കളിക്കുന്ന മിലാനെ ജെറാർഡും വ്ളാദിമിർ സ്മൈസറും അലോണ്‍സോയും അടങ്ങുന്ന ലിവർപൂൾ മലർത്തിയടിക്കുകയായിരുന്നു.
ആദ്യ മിനിറ്റിൽ മാൽദീനി മിലാനെ മുന്നിലെത്തിച്ചു. തുടർന്ന് 39, 44 മിനിറ്റുകളിൽ ഹെർനൻ ക്രെസ്പോ മിലാന്റെ ലീഡ് ഉയർത്തി. ഇടവേളകഴിഞ്ഞ് മടങ്ങിയെത്തിയ ലിവർപൂളിന്റെ ശൗര്യമായിരുന്നു പിന്നീട് കളത്തിൽ കണ്ടത്. 54-ാം മിനിറ്റിൽ സ്റ്റീവൻ ജെറാർഡ്, 56-ാം മിനിറ്റിൽ സ്മീഷർ, 60-ാം മിനിറ്റിൽ സാവി അലോണ്‍സോ എന്നിവരിലൂടെ ലിവർപൂൾ 3-3ന് ഒപ്പമെത്തി.
തുടർന്ന് മത്സരം അധികസമയത്തേക്ക്. ഒടുവിൽ പെനൽറ്റി ഷൂട്ടൗട്ടിലൂടെ ജേതാവിനെ നിർണയിച്ചപ്പോൾ കിരീടം ആൻഫീൽഡിലേക്ക് പറന്നു. ഷൂട്ടൗട്ടിൽ അഞ്ചെണ്ണത്തിൽ രണ്ട് ഷോട്ട് മാത്രമാണ് മിലാന് വലയിലെത്തിക്കാനായത്. ലിവർപൂളിന്റെ നാല് ഷോട്ടിൽ മൂന്നും ലക്ഷ്യം കണ്ടു.
‘ബാറ്റിൽ ഓഫ് ഈസ്താംബുൾ, മിറാക്കിൾ ഓഫ് ഈസ്താംബുൾ’ എന്ന പേരിലാണ് 2005 ചാന്പ്യൻസ് ലീഗ് ഫൈനൽ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടത്. അന്ന് ലിവർപൂളിന്റെ തിരിച്ചുവരവിനായി ആദ്യ ഗോൾ നേടിയ ജെറാർഡ് ബാഴ്സലോണയ്ക്കെതിരായ മത്സരത്തിൽ കാഴ്ചക്കാരനായി ആൻഫീൽഡിലുണ്ടായിരുന്നു എന്നതും വസ്തുത.