പുനലൂർ: കൊച്ചുമകനെ പ്രതീക്ഷിരിക്കുകയാണ് എബ്രഹാം. ഓസ്ട്രേലിയയിലെ മെൽബണിൽ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയ സാം എബ്രഹാമിന്റെ പിതാവ് എബ്രഹാമിന്റെ ഇനിയുള്ള പ്രതീക്ഷ ചെറുമകനിൽ മാത്രമാണ്.
കരവാളൂർ ലിജോയ് ഭവനിൽ സാം എബ്രഹാം (34) മിന്റെ കൊലപാതകത്തിലെ പ്രതികളായ സാമിന്റെ ഭാര്യ സോഫിയക്ക് 22 വർഷവും, കാമുകൻ അരുൺ കമലാസനന് 27 വർഷവും ഓസ്ട്രേലിയൻ കോടതി കഴിഞ്ഞ ദിവസമാണ് ശിക്ഷ വിധിച്ചത്.
ജീവപര്യന്തമാണ് പ്രതീക്ഷിച്ചതെങ്കിലും വിധിയിൽ സന്തോഷമുണ്ട്. എന്നാൽ മരിച്ച മകനെ തിരിച്ചുകിട്ടില്ലല്ലോ. ഇനി പ്രതീക്ഷ ചെറുമകൻ റോഹൻ സാമി(10) ൽ ആണ്. ആസ്ട്രേലിയയിൽ സോഫിയയുടെ സഹോദരിക്കൊപ്പം നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ വീണ്ടെടുക്കുക എന്നതാണ് തങ്ങളുടെ ആഗ്രഹം. പ്രായവും ഏകാന്തതയും അനുഭവിക്കുന്ന തങ്ങൾക്ക് സാന്ത്വനം രോഹൻ മാത്രമാണ് -എബ്രഹാം പറയുന്നു.
സാംമിന്റെ വീട്ടിൽ ഇന്ന് പിതാവ് എബ്രഹാമും, മാതാവ് ലീലാമ്മയും മാത്രമാണ് ഉള്ളത്. 19 വർഷമായി ബഹറനിൽ ജോലി ചെയ്ത എബ്രഹാം സാമിന്റെ വിവാഹ ശേഷമാണ് നാട്ടിൽ താമസമാക്കിയതെന്നും ഈ വൃദ്ധ ദമ്പതികൾ പറയുന്നു .