മവേലിക്കര : വീരമൃത്യു വരിച്ച സാം എബ്രാഹാമിന്റെ മകൾ എയ്ഞ്ചൽ തന്റെ പിതാവിന്റെ ചിത്രത്തിൽ ചുംബനം നൽകിയത് ചുറ്റും നിന്നവരെ ഈറനണിയിച്ചു. സാം എബ്രഹാം മരിച്ചുവെന്ന് അറിയിച്ചതിനെ തുടർന്ന് ഭാര്യ അനുവും മകളും വീട്ടിലേക്ക് എത്തുകയായിരുന്നു. അമ്മയുടെ കരച്ചിലും മറ്റുള്ളവരുടെ മുഖഭാവവും കണ്ട് ഭയന്ന കുട്ടി മുത്തച്ഛനായ എബ്രഹാം ജോണിന്റെ കൈകളിലേക്ക് ആഞ്ഞു.
വീടിന്റെ മുൻപിൽ ഒട്ടിച്ചിരുന്ന സാം എബ്രഹാമിന്റെ ചിത്രത്തിലേക്ക് ഇവൾ ആഞ്ഞ് ചുംബിക്കുകയായിരുന്നു. അച്ഛനിപ്പോൾ വരുമെന്ന് പറഞ്ഞ് എബ്രഹാം എയ്ഞ്ചലിനെ ആശ്വസിപ്പിക്കുന്ന രംഗം ചുറ്റും നിന്ന നൂറ് കണക്കിനാളുകളുടെ കണ്ണുകളെയാണ് ഈറനണിയിച്ചത്.
അന്തിമോപചാരം അർപ്പിക്കാൻ ആയിരങ്ങൾ
മാവേലിക്കര: ജമ്മുകശ്മീരിൽ പാക് വെടിവയ്പ്പിൽ വീരമൃത്യു വരിച്ച സാം എബ്രഹാമിന് അന്തിമോപചാരം അർപ്പിക്കാൻ ആയിരങ്ങളെത്തി. പാങ്ങോട് സൈനിക ക്യാന്പിൽ നിന്നും ഇന്ന് രാവിലെ ഒന്പതോടെ മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് ഹയർസെക്കൻഡറി സ്കൂളിൽ എത്തിച്ച സാമിന്റെ ഭൗതിക ശരീരം ദർശിക്കുവാനും അന്ത്യോപചാരം അർപ്പിക്കുവാനുമായി സ്കൂളിലും പരിസരങ്ങളിലുമായി ആയിരക്കണക്കിന് ആളുകളാണ് എത്തിച്ചേർന്നത്.
രാഷ്ട്രീയ -സാമൂഹിക- സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖ·ാർ അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയിരുന്നു. നിരവധി ആളുകളാണ് അന്ത്യാഞ്ജലി അർപ്പിക്കുവാനായി വെള്ളിയാഴ്ച രാത്രിമുതൽ തന്നെ പുന്നമൂട് പോനകത്തെ തോപ്പിൽ വീട്ടിലേക്കും എത്തിച്ചേർന്നത്.
മന്ത്രിമാരായ മാത്യു.ടി.തോമസ്, പി.തിലോത്തമൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കൊടിക്കുന്നിൽ സുരേഷ് എംപി,ആർ.രാജേഷ് എംഎൽഎ, യു പ്രതിഭാഹരി എംഎൽഎ, ജില്ലാ കലക്ടർ ടി വി അനുപമ, ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ,ഓർത്തഡോക്സ് സഭയുടെ സിനഡ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദീയസ്കറോസ് മെത്രാപ്പൊലീത്ത, സഭയുടെ മാവേലിക്കര ഭദ്രാസന സഹായ മെത്രാപൊലീത്ത അലക്സിയോസ് മാർ യൗസേബിയോസ്, സിഎസ്ഐ കൊല്ലം കുണ്ടറ ഭദ്രാസന മെത്രാപ്പൊലീത്ത ഉമ്മൻ ജോർജ്, മാവേലിക്കര നഗസഭാധ്യക്ഷ ലീലാ അഭിലാഷ തുടങ്ങി നിരവധി തുടങ്ങി രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ നിരവധി പ്രമുഖർ വീട്ടിലെത്തി ബന്ധുക്കളുടെ ദുഖത്തിൽ പങ്കുചേർന്നിരുന്നു. സാമിനോടുള്ള ആദരസൂചകമായി മാവേലിക്കരയിലാകമാനം അനുശോചനമറിയിച്ചു കൊണ്ടുള്ള ബോർഡുകളും ഉയർന്നു കഴിഞ്ഞു.
മാവേലിക്കരയിൽ ഹർത്താൽ
മാവേലിക്കര: ജമ്മു കശ്മീരിൽ പാക് വെടിവെയ്പ്പിൽ വീരമൃത്യുവരിച്ച ധീരജവാൻ സാം എബ്രഹാമിനോടുള്ള ആദര സൂചകമായി യുഡിഎഫ്, സിപിഎം തുടങ്ങിയ സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം. നഗരത്തിൽ കടകന്പോളങ്ങളെല്ലാതന്നെ അടഞ്ഞു കിടക്കുകയാണ്. എന്നാൽ വാഹന ഗതാഗതത്തെ ഹർത്താൽ ബാധിച്ചിട്ടില്ല. രാവിലെ ആറുമുതൽ ആരംഭിച്ച ഹർത്താൽ വൈകിട്ട് ആറോടെ അവസാനിക്കും.