ലണ്ടന്‍: താൻ ചര്‍മാര്‍ബുദ ബാധിതനെന്നു വെളിപ്പെടുത്തി ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സാം ബില്ലിംഗ്സ്. അര്‍ബുദവുമായി പൊരുതുകയാണെന്നും വെയിലത്തു കളിക്കാനിറങ്ങുമ്പോള്‍ ഉണ്ടായേക്കാവുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് താന്‍ മറ്റുള്ളവരില്‍ അവബോധം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും 31-കാരന് വ്യക്തമാക്കി.
കഴിഞ്ഞ വർഷം രണ്ടു തവണ ശസ്ത്രക്രിയയ്ക്കു വിധേയനായി. നെഞ്ചിൽ .066 മില്ലിമീറ്റർ ആഴത്തിലുള്ള മെലാനോമ ബാധിച്ചിരുന്നു. ഇതു നീക്കം ചെയ്തു. മെലാനോമ .077 മില്ലിമീറ്റർ ആവുമ്പോൾ കൂടുതൽ മാരകമാവും.
അതിനടുത്തെത്തി. ഭയാനകമായ രോഗത്തോടുള്ള പോരാട്ടം തന്നെ കൂടുതൽ ഗൗരവത്തോടെ ചിന്തിക്കുന്നതിലേക്കെത്തിച്ചതായി ബില്ലിംഗ്സ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
31-കാരനായ ബില്ലിംഗ്സ് ഇംഗ്ലണ്ടിനായി മൂന്ന് ടെസ്റ്റുകളും 28 ഏകദിനങ്ങളും 37 ട്വന്റി-20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകള്‍ക്കായും കളിച്ചിട്ടുണ്ട് ഇംഗ്ലീഷ് താരം.