സാമുവൽ കൂടുതൽ കുറ്റകൃത്യങ്ങൾ ചെയ്യാൻ തുടങ്ങി. 1975ൽ 11 സംസ്ഥാനങ്ങളിലായി 26 പ്രാവശ്യം അറസ്റ്റിലായി. അക്രമം, വഞ്ചന, മാനഭംഗം, മോഷണം എന്നിങ്ങനെ കുറ്റകൃത്യമേഖലകൾ വിപുലമാക്കിക്കൊണ്ടിരുന്നു.
1982-ൽ മെറിൻഡ എന്ന ഇരുപത്തിരണ്ടുകാരിയെ കൊന്നകേസിൽ പിടിയിലായി. സാമുവൽ കുറ്റക്കാരനാണെന്നു സ്ഥിരീകരിക്കാൻ കോടതിക്കു കഴിഞ്ഞില്ല.
അതേസമയം 26കാരിയായ പാട്രിക്ക ആൻ മൗണ്ടിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷിക്കാൻ സാമുവൽ ലിറ്റിലിനെ ഫ്ളോറിഡയിലേക്കു കൊണ്ടുപോയി.
പാട്രിക്ക കാണാതാകുന്നതിന്റെ തലേന്ന് സാമുവൽ ഒപ്പമുണ്ടായിരുന്നെന്നു തെളിഞ്ഞു. പക്ഷേ, 84-ൽ ആ കേസും തള്ളിപ്പോയി.
അതേവർഷം തന്നെ വീണ്ടും കേസിൽ പെട്ടു. 22കാരിയെ തട്ടിക്കൊണ്ടുപോയി മർദിച്ച് അവശയാക്കിയതായിരുന്നു കേസ്. ഒരു മാസം കഴിഞ്ഞ് അതേ സ്ഥലത്തുവച്ച് സാമൂവൽ പോലീസ് പിടിയിലായി.
കാറിന്റെ പിൻസീറ്റിൽ മർദനമേറ്റ് അവശയായി യുവതിക്കൊപ്പമായിരുന്നു അയാൾ. കഴുത്തു ഞെരിച്ച് കൊല്ലാനുള്ള ശ്രമമായിരുന്നു. രണ്ടര വർഷം ജയിലിൽ.
87 ഫെബ്രുവരിയിൽ പുറത്തിറങ്ങി. നേരേ പോയത് ലോസാഞ്ചലസിലേക്ക്. താമസിയാതെ 10 സ്ത്രീകളെ കൊന്നൊടുക്കി. ഒരു കേസുമുണ്ടായില്ല.
കുരുക്കു മുറുകുന്നു
2012-ൽ സെപ്റ്റംബർ അഞ്ചിന് കെന്റക്കിയിൽ വീടില്ലാത്തവർക്കുവേണ്ടിയുള്ള അഭയകേന്ദ്രത്തിൽനിന്ന് അറസ്റ്റിലായതോടെയാണ് ലിറ്റിൽ നിസാരക്കാരനല്ലെന്ന് പോലീസിനു സംശയം തോന്നിയത്.
ലോസാഞ്ചലസിലെ വഴിയോരത്ത് മരിച്ചുകിടന്ന മൂന്നു സ്ത്രീകളുടെ കേസുകൾ അന്വേഷണത്തിലായി. കുറ്റവാളിയെന്ന് ലോസാഞ്ചലസ് കോടതി കണ്ടെത്തി.
ആ കേസിൽ പരോളില്ലാതെ മൂന്നു ജീവപര്യന്തം അനുഭവിക്കുന്നതിനിടെയാണ് ലോകത്തെ നടുക്കിയ വെളിപ്പെടുത്തൽ കാലിഫോർണിയ ജയിലിൽവച്ച് സാമുവൽ നടത്തിയത്. “ഞാൻ 93 സ്ത്രീകളെ കൊന്നു.’
എങ്ങനെയാണ് ഇത്രമാത്രം കൊലപാതകങ്ങളും കുറ്റങ്ങളും ചെയ്തിട്ട് പോലീസിനെ കബളിപ്പിച്ചു നടന്നതെന്ന് ചോദിച്ച വാഷിംങ്ടണ് പോസ്റ്റിന്റെ റിപ്പോർട്ടറോടു പറഞ്ഞത്, കാണാതെപോയാൽ സമൂഹം ഉടനെ അന്വേഷിക്കുന്നത്ര വിലപിടിച്ച ആളുകളെയല്ല താൻ കൊന്നിരുന്നത് എന്നാണ്.
കൊലപാതകം നടത്തിയാൽ സാമുവൽ ലിറ്റിൽ മുങ്ങിക്കളയത്തില്ല. അതേ തെരുവിൽതന്നെ ഉണ്ടാകും എല്ലാം നിരീക്ഷിച്ചുകൊണ്ട്. മിക്കവാറും അവിടെവച്ചുതന്നെ അടുത്ത കൊലപാതകവും നടത്തും.
അയാൾ നടത്തിയ കൊലപാതകങ്ങളിൽ മിക്കതും പോലീസ് അവസാനിപ്പിച്ചത് മയക്കുമരുന്നിന്റെ അമിത ഉപയോഗവും വ്യക്തമല്ലാത്ത കാരണങ്ങളും എന്നു രേഖപ്പെടുത്തിക്കൊണ്ടായിരുന്നു.
ബുധനാഴ്ച രാവിലെ കലിഫോർണിയയിലെ ആശുപത്രിയിൽ സാമുവൽ ലിറ്റിൽ എന്ന കൊടും കൊലയാളി മരിച്ചപ്പോൾ ലോകം ഒരുതരം മരവിപ്പിലാണ്.
93 സ്ത്രീകളുടെ കഴുത്തിൽ മുറുകിയ കൈകൾ താഴ്ന്നിരിക്കുന്നു. ജീവിച്ചിരിക്കുന്നവർക്ക് ഭീതിയിൽനിന്ന് അത്രയും ആശ്വാസം.
മാതാപിതാക്കൾ ശ്രദ്ധിക്കാനില്ലാതിരുന്ന കാലത്ത് ഒഹായോയിലെ സ്കൂളിൽനിന്നു കുറ്റവാളിയായി വളർന്ന സാമൂവൽ അമേരിക്കക്കു മാത്രമല്ല പാഠമാകൂന്നത്.
(അവസാനിച്ചു)