ഓസ്ട്രേലയയിലെ മെല്‍ബണില്‍ ഭാര്യയും കാമുകനും സയനൈഡ് നല്കി കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ കുടുക്കിയത് അജ്ഞാത യുവതിയുടെ സന്ദേശം. സാം എബ്രഹാം കൊല്ലപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്കുശേഷമാണ് ഓസ്ട്രേലിയന്‍ പോലീസിന് അജ്ഞാത ഫോണ്‍സന്ദേശം ലഭിക്കുന്നത്. സോഫിയയുടെ ചെയ്തികള്‍ നിരീക്ഷിച്ചാല്‍ കൊലയ്ക്ക് ഉത്തരം കണ്ടെത്താമെന്നായിരുന്നു സന്ദേശം. ഭര്‍ത്താവിനെ കൊലപ്പെടുത്തിയശേഷം സുഖംജീവിതം നയിക്കാമെന്ന സോഫിയയുടെയും കാമുകന് അരുണ്‍ കമലാസനന്റെയും മോഹം തകര്‍ത്തതും ഈ ഒരൊറ്റ ഫോണ്‍കോളാണ്. കഴിഞ്ഞ ഒക്ടോബറിലാണ് മെല്‍ബണ്‍ യുഎഇ എക്സ്ചേഞ്ച് ജീവനക്കാരനായിരുന്ന സാം (34) മരണപ്പെടുന്നത്. ഹൃദയാഘാതമെന്നായിരുന്നു ഭാര്യ സോഫിയ എല്ലാവരെയും വിശ്വസിപ്പിച്ചിരുന്നത്.
കൊലയാളികള്‍ നടത്തിയതിനെക്കാള്‍ ആസൂത്രിതമായിട്ടായിരുന്നു പോലീസിന്റെ നീക്കങ്ങള്‍. ഇടയ്ക്ക് മരണത്തെക്കുറിച്ച് അറിയാന്‍ സോഫിയെ പോലീസ് വിളിച്ചുവരുത്തിയിരുന്നു. അന്ന് മരണത്തില്‍ യാതൊരു സംശയവുമില്ലാത്തപോലെയായിരുന്നു ഇവരോട് ഇടപ്പെട്ടത്. മരണത്തില്‍ കാര്യമായ അന്വേഷണം നടത്തുന്ന കാര്യം സോഫിയോട് പറഞ്ഞതുമില്ല. ഇതിനിടെ, സാമുമൊത്ത് താമസിച്ചിരുന്ന വീട്ടില്‍നിന്ന് സോഫി മാറിയതായി പോലീസിന് വിവരം ലഭിച്ചു. മുമ്പ് താമസിച്ചിടത്തുനിന്നും മാറി അരുണിനൊപ്പം സോഫിയെ കണ്ടതോടെ പോലീസിന്റെ സംശയം ബലപ്പെട്ടു. ഇതോടെ സോഫിക്കുമേലുള്ള നിരീക്ഷണം വര്‍ധിപ്പിച്ചു. സോഫിയും അരുണും തമ്മിലുള്ള ഫോണ്‍സന്ദേശങ്ങള്‍ പരിശോധിച്ചതോടെ പോലീസിന് കാര്യങ്ങള്‍ എളുപ്പമായി. സാമിന്റെ പേരില്‍ ബാങ്കിലുണ്ടായിരുന്ന പണം ഇതിനിടെ പിന്‍വലിക്കുകയും ചെയ്തിരുന്നു.
സാം -സോഫി ബന്ധത്തിന്റെ ഇഴയടുപ്പം അറിയാന്‍ ഓസ്ട്രേലിയന്‍ പോലീസ് സാമിന്റെ ബന്ധുക്കളുമായി ബന്ധപ്പെടുകയും ചെയ്തു. കഴിഞ്ഞ അവധിക്കാലത്ത് സാം നാട്ടിലെത്തിയപ്പോള്‍ സോഫിയുടെ വഴിവിട്ട പോക്കിനെക്കുറിച്ച് അടുത്ത ബന്ധുക്കള്‍ക്ക് സൂചന നല്‍കിയിരുന്നു. താന്‍ കൊല്ലപ്പെട്ടേക്കാമെന്നു സാം പറഞ്ഞ കാര്യം ബന്ധുക്കള്‍ പോലീസിന് ധരിപ്പിച്ചതോടെ കാര്യങ്ങള്‍ പിന്നീട് എളുപ്പമായി.