ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ മലയാളിയായ സാം എബ്രഹാം കൊല്ലപ്പെട്ട കേസ് മെല്‍ബണ്‍ കോടതയില്‍. ഭാര്യ സോഫിയും കാമുകന്‍ അരുണ്‍ കമലാസനനും ചേര്‍ന്ന് സാമിനെ സയനൈഡ് നല്കി കൊലപ്പെടുത്തിയെന്നാണ് കേസ്. മെല്‍ബണ്‍ കോടതി പരിഗണിച്ച കേസിലെ തെളിവുകള്‍ കോടതി ജൂണ്‍ മാസത്തില്‍ പരിശോധിക്കും. അതേസമയം സോഫിയുടെയും അരുണിന്റെയും റിമാന്‍ഡ് കാലാവധി മാര്‍ച്ച് 28 വരെ നീട്ടാനും മെല്‍ബണ്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ജൂണിലായിരിക്കും കേസ് ഇനി പരിഗണിക്കുക. കേസ് പരിഗണിച്ചപ്പോള്‍ സാമിന്റെ സുഹൃത്തുക്കളടക്കം നിരവധി മലയാളികള്‍ കോടതയിലെത്തിയിരുന്നു.
തിങ്കളാഴ്ച്ച രാവിലെയാണ് സാം എബ്രഹാം വധക്കേസ് മെല്‍ബണ്‍ മജിസ്‌ട്രേറ്റ് കോടതി പരിഗണിച്ചത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു പുനലൂര്‍ സ്വദേശിയും യുഎഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനുമായിരുന്ന സാം എബ്രഹാം മരിച്ചത്. ഉറക്കത്തിനിടയില്‍ ഹൃദയാഘാതം വന്നാണ് സാം മരിച്ചത് എന്നാണ് പൊലീസ് ആദ്യഘട്ടത്തില്‍ കരുതിയിരുന്നത്. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സാമിനെ വിദഗ്ധമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് തെളിഞ്ഞത്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് സാമിന്റെ ഭാര്യ സോഫിയെയും (32) കാമുകന്‍ അരുണ്‍ കമലാസനനെയും (34) പോലീസ് അറസ്റ്റ് ചെയ്തത്.
കേസില്‍ വിക്ടോറിയ പൊലീസ് ശേഖരിച്ചിട്ടുള്ള തെളിവുകളുടെ സാധുത പരിശോധിക്കാന്‍ ജൂണ്‍ 26, 27, 28 തീയതികളില്‍ കോടതി വാദം കേള്‍ക്കും. കേസില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുന്നുണ്ടോ, വിചാരണ നടത്താനാവശ്യമായ തെളിവുകള്‍ പ്രോസിക്യൂഷന്റെ കൈവശമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍, കമ്മിറ്റല്‍ ഹിയറിംഗ് എന്ന ഈ വാദം കേള്‍ക്കലില്‍ കോടതി പരിശോധിക്കും. ഇതിനുമുമ്പ് പ്രതികളുടെ ടെലിഫോണ്‍ സംഭാഷണങ്ങളുടെ ഇംഗ്ലീഷ് തര്‍ജ്ജമ ഉള്‍പ്പെടെയുള്ള തെളിവുകള്‍ കൈമാറുന്ന നടപടി പരിശോധിക്കാനായി മാര്‍ച്ച് 28ന് കേസ് പരിഗണനയ്ക്ക് വരുന്നുണ്ട്.
അതേസമയം ജയിലില്‍ കഴിയുന്ന സോഫിയെയോ അരുണിനെയോ കാണാന്‍ ബന്ധുക്കളിലാരും ഇതുവരെ തയാറായിട്ടില്ല. കേസ് നടത്തിപ്പിനായി ഇടപെടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഓസ്‌ട്രേലിയയിലെ പ്രവാസി മലയാളിസംഘടനകളും സാമിന്റെ കൊലപാതകികള്‍ക്കു കഠിനശിക്ഷ ലഭിക്കണമെന്ന പക്ഷക്കാരാണ്. വധശിക്ഷ നിരോധിച്ച രാജ്യമാണ് ഓസ്‌ട്രേലിയ. 1973 ലെ ഡെത്ത് പോനാലിറ്റി അബോളിഷന്‍ ആക്ട് പ്രകാരമാണ് ഓസ്‌ട്രേലിയയില്‍ വധശിക്ഷ ഒഴിവാക്കിയത്. ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ ഏറ്റവും കൂടിയ ശിക്ഷ ജീവപര്യന്തം തടവാണ്. ഓസ്‌ട്രേലിയയില്‍ അനിശ്ചിത കാലത്തേക്കാണ് ജീവപര്യന്തം തടവിന് ശിക്ഷിക്കുന്നത്. ശിക്ഷ വിധിക്കുന്ന ജഡ്ജി സാധാരണയായി പരോളിനപേക്ഷിക്കുന്നതിന് ഒരു സമയപരിധി നിശ്ചയിക്കും. ആ കാലയളവിന് ശേഷം പരോളിനപേക്ഷിക്കാം. അതിഹീന കൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് പരോള്‍ നിഷേധിക്കുന്ന അവസരങ്ങളും ഉണ്ട്. ഇത്തരക്കാര്‍ ജീവിതകാലം മുഴുവന്‍ ജയില്‍ ജീവിതം അനുഭവിക്കേണ്ടതാണ്.