ഓസ്ട്രേലിയയില്‍ ഭാര്യയും കാമുകനും കൊലപ്പെടുത്തിയ സാം എബ്രഹാമിന്റെ മരണത്തിലെ കോടതി നടപടികള്‍ തുടരുന്നു. സാമിനെ ചലനമറ്റ നിലയില്‍ കണ്ടു എന്ന സോഫിയയുടെ ഫോണ്‍ കോളിനെ തുടര്‍ന്ന് സംഭവദിവസം രാവിലെ സാമിന്റെ വീട്ടില്‍ ആദ്യം എത്തിയ സോഫിയയുടെ സഹോദരി സോണിയ റോഷന്റേയും ബന്ധു അനു ടോമിയുടെയും മൊഴികള്‍ പ്രോസിക്യൂഷന് ഹാജരാക്കി. സംഭവ ദിവസം രാവിലെ ഒന്‍പത് മണിയോടെ കരഞ്ഞുകൊണ്ട് സോഫീയ സഹോദരി സോണിയയെ വിളിച്ചിരുന്നു. ഉടന്‍ തന്നെ സാമിന്റെ വീട്ടിലെത്തിയ സോണിയയും ബന്ധു അനുവും അനക്കമില്ലാത്ത നിലയില്‍ സാം കട്ടില് കിടക്കുന്നതാണ് കണ്ടത്.
നല്ലൊരു കുടുംബസ്ഥനായിരുന്നു സാമെന്നും, സാമും സോഫിയയും തമ്മിലുള്ള ദാമ്പത്യത്തില്‍ കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും സോണിയയുടെ മൊഴിയില്‍ പറയുന്നു. കേരളത്തില്‍ വച്ച് കണ്ടുമുട്ടിയ ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചതെന്നും സോണിയ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, സംഭവദിവസം രാത്രി ഇവര്‍ തമ്മില്‍ ചില സാമ്പത്തിക പ്രശ്നങ്ങളുടെ പേരില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും മൊഴിയില്‍ പറയുന്നുണ്ട്.
നഴ്സുമാരായി ജോലി ചെയ്യുന്ന ഇവര്‍ രണ്ടു പേരും മാറി മാറി സി പി ആര് നല്‍കിയെങ്കിലും സാമിന്റെ നിലയില്‍ മാറ്റമുണ്ടായില്ല. കട്ടിലില്‍ നിന്നും സാമിനെ നിലത്തേക്ക് മാറ്റി ഇവര്‍ സി പി ആര് നല്‍കുന്നതിനിടെ സാമിന്റെ വായില്‍ നിന്നും നുരയും പതയും രക്തവും ഒഴുകുന്നതായി കണ്ടുവെന്നും ഇതേത്തുടര്‍ന്ന് 000 (ആംബുലന്‍സ്) വിളിച്ചുവെന്നുമാണ് സോണിയയുടെ മൊഴിയില്‍ പറയുന്നത്. സമാനമായ മൊഴി തന്നെയാണ് അനുവും നല്‍കിയത്. സോഫിയ ജോലി ചെയ്തിരുന്ന വെബ് ഡിസൈനിങ് കമ്പനി നടത്തുന്ന മലയാളിയായ അരുണ്‍ യോഷിത്തിന്റെ മൊഴിയും കോടതി പരിശോധിച്ചു. സോഫിയയും അരുണും ഒരുമിച്ച് ഉച്ചഭക്ഷണം കഴിക്കുന്നത് കണ്ടിട്ടുണ്ടെന്ന് യോഷിത് നല്കിയ മൊഴിയും ജൂറിക്ക് മുന്നില്‍ ഹാജരാക്കി.