കോടതിയില്‍ അഭിനയിച്ച് സോഫിയ, സാമിന് അന്ന് രാത്രി ഒരു ഗ്ലാസ് ജ്യൂസ് മാത്രം കൊടുത്തതേയുള്ളു, എന്നെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്നു പോലും അറിയില്ല, സാം വധക്കേസില്‍ ഭാര്യ സോഫിയുടെ വാദങ്ങള്‍ ഇങ്ങനെ

മെല്‍ബണിലെ സാം എബ്രഹാം വധക്കേസിന്റെ ചോദ്യം ചെയ്യലില്‍ സാമിന്റെ ഭാര്യ സോഫിയ സാം കുറ്റകൃത്യത്തിലുള്ള പങ്കാളിത്തം പൂര്‍ണമായും നിഷേധിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ജൂറി പരിശോധിച്ചു. കേസില്‍ പ്രതികള്‍ക്കെതിരെയുള്ള തെളിവുകള്‍ പരിശോധിക്കുന്നത് ജൂറി പൂര്‍ത്തിയാക്കി. വിക്ടോറിയന്‍ സുപ്രീം കോടതിയില്‍ നടക്കുന്ന സാം എബ്രഹാം വധക്കേസിന്റെ അന്തിമ വിചാരണയുടെ പതിനൊന്നാം ദിവസമാണ് പ്രതികളായ സോഫിയ സാമിനും അരുണ്‍ കമലാസനനും എതിരെയുള്ള തെളിവുകള്‍ പരിശോധിക്കുന്നത് ജൂറി പൂര്‍ത്തിയാക്കിയത്. അരുണ്‍ കമലാസനനെതിരെയുള്ള തെളിവുകളുടെ പരിശോധന കഴിഞ്ഞയാഴ്ച തന്നെ കോടതി പൂര്‍ത്തിയാക്കിയിരുന്നു. സോഫിയയെ പോലീസ് ചോദ്യം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് തിങ്കളാഴ്ചത്തെ വിചാരണയില്‍ പ്രധാനമായും പരിശോധിച്ചത്.

സാമിന്റെ മരണശേഷം 2016 ഓഗസ്റ്റ് 18 നു പ്രതികള്‍ രണ്ടു പേരും അറസ്റ്റിലായിരുന്നു. അറസ്റ്റിനു ശേഷം സോഫിയയെ പോലീസ് ചോദ്യം ചെയ്തതിന്റെ വീഡിയോ ദൃശ്യമാണ് തെളിവായി അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിക്ക് മുന്നില്‍ ഹാജരാക്കിയത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ സാമിനെ മരിച്ച നിലയില്‍ കണ്ടെത്തിയതിന്റെ തലേദിവസം സംഭവിച്ച കാര്യങ്ങളെക്കുറിച്ചും അരുണുമായുള്ള സോഫിയയുടെ ബന്ധത്തെക്കുറിച്ചും സാമുമായുള്ള ദാമ്പത്യത്തിന്റെ കാര്യവുമാണ് പ്രധാനമായും പോലീസ് ചോദിക്കുന്നത്.

സാമിന്റെ മരണത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നും അതൊരു കൊലപാതകമാണെന്ന് പോലീസ് പറയുമ്പോഴാണ് അറിയുന്നതെന്നുമുള്ള മറുപടിയാണ് സോഫിയ നല്‍കിയിരിക്കുന്നത്. കൊലപാതകത്തിലുള്ള പങ്കു സോഫിയ പൂര്‍ണമായും നിഷേധിച്ചു. എന്നെ എന്തിനാണ് അറസ്റ്റ് ചെയ്തത് എന്ന് എനിക്കറിയില്ല. ഞാന്‍ ഒന്നും ചെയ്തിട്ടില്ല. ഞാന്‍ കൊലപാതകം നടത്തിയിട്ടില്ല’ എന്ന് വിതുമ്പിക്കൊണ്ട് സോഫിയ പോലീസിനോട് പറഞ്ഞു.

സാമിന്റെ മരണകാരണം സയനേഡ് ആണെന്ന് പോലീസ് വെളിപ്പെടുത്തിയപ്പോള്‍ മാത്രമാണ് താന്‍ അറിഞ്ഞതെന്നും സയനേഡ് എങ്ങനെ കിട്ടിയെന്ന് അറിയില്ലെന്നും സോഫിയ പോലീസിനോട് പറയുന്നുണ്ട്. അതേസമയം കൊല്ലപ്പെടുന്നതിന് തലേ ദിവസം രാത്രി സാം വളരെയധികം അസ്വസ്ഥനായാണ് കാണപ്പെട്ടതെന്നും അത്താഴം കഴിക്കാന്‍ മടി കാണിച്ച സാമിന് അവോക്കാഡോ ഷേക്ക് നല്‍കിയെന്നും സോഫിയ പറഞ്ഞു. ഇത് സാമിനൊപ്പം താനും മകനും കഴിച്ചെന്നും സോഫിയ വ്യക്തമാക്കി. അതിനുശേഷം സാമിന് കുടിക്കാനായി ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് നല്‍കിയെന്നും പിന്നീട് കുടിക്കാനായി ഒരു ഗ്ലാസ് ജ്യൂസ് കൂടി അടുക്കളയില്‍ തന്നെ വച്ചിരുന്നതായും സോഫിയ പറഞ്ഞു.

അന്നേ ദിവസം രാത്രി ചില സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായാതായി ചോദ്യം ചെയ്യലില്‍ സോഫിയ സമ്മതിക്കുന്നുണ്ട്. 2015 ഒക്ടോബര്‍ 14 ന് രാവിലെ ഒമ്പതുമണിയോടെ ഉറക്കമുണര്‍ന്ന സോഫിയ, സാം അനക്കമില്ലാതെ നിലയില്‍ കട്ടിലില്‍ കിടക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ സഹോദരിയെ ഫോണില്‍ വിളിച്ചുവരുത്തുകയായിരുന്നു. അരുണുമായുള്ള സോഫിയയുടെ ബന്ധത്തെക്കുറിച്ചും പോലീസ് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. തന്റെ കോളേജ് പഠന കാലം മുതല്‍ അരുണിനെ അറിയാമെന്നും അരുണ്‍ നല്ല സുഹൃത്തുക്കളില്‍ ഒരാളായിരുന്നുവെന്നുമാണ് സോഫിയ ഇതിന് മറുപടി പറഞ്ഞത്.

‘വിഷമഘട്ടങ്ങളില്‍ ആശ്വസിപ്പിക്കുകയും പ്രോത്സാഹനം നല്‍കുകയും ഒക്കെ ചെയ്യുന്ന ഒരു സുഹൃത്ത് മാത്രമാണ് അരുണ്‍. അരുണിന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നോട് പ്രണയമുണ്ടായിരുന്നു. എന്നാല്‍ പ്രണയ വിവാഹം തന്റെ കുടുംബത്തില്‍ സ്വീകാര്യമായിരുന്നില്ല. അതുകൊണ്ടു തന്നെ ഒരു സുഹൃത്തായി തുടര്‍ന്നാല്‍ മതി എന്നാണ് താന്‍ അരുണിനോട് പറഞ്ഞത്. അരുണുമായുള്ള സൗഹൃദത്തെക്കുറിച്ച് സാമിനും വ്യക്തമായി അറിയാമായിരുന്നു. എന്നാല്‍ സാമിന് എന്നെ വിശ്വാസം ആയിരുന്നു അതിനാല്‍ അദ്ദേഹത്തിന് അതില്‍ അസ്വാരസ്യമൊന്നും ഉണ്ടായിരുന്നില്ല. ‘ സോഫിയ പറഞ്ഞു.

കടപ്പാട്: എസ്ബിഎസ് മലയാളം

 

Related posts