കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നാദിർഷയുടെ സഹോദരൻ സമദിന്റെ മൊഴിയെടുത്തു. ആലുവ പോലീസ് ക്ലബിലേക്കു വിളിച്ചുവരുത്തിയാണു ഗായകനായ സമദിൽനിന്നു വിശദാംശങ്ങൾ ശേഖരിച്ചത്. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെ ആലുവ പോലീസ് ക്ലബിലെത്തിയ സമദിന്റെ മൊഴിയെടുക്കൽ ഒരു മണിക്കൂർ നീണ്ടു. ദിലീപിന്റെ നേതൃത്വത്തിൽ നടന്ന വിദേശഷോകളുടെ വിവരമാണു പോലീസ് സമദിൽനിന്നു പ്രധാനമായും ശേഖരിച്ചത്.
നാദിർഷയുടെ കേസിലെ ഇടപെടലുകളും സമദിനോടു ചോദിച്ചിട്ടുണ്ടെന്നാണു സൂചന. സഹോദരനും സംവിധായകനുമായ നാദിർഷയ്ക്കൊപ്പം ദിലീപ് നടത്തിയിട്ടുള്ള വിദേശഷോകളിൽ സമദും പങ്കെടുത്തിരുന്നു. ഇതിന്റെ വിശദാംശങ്ങളാണു തന്നോടു ചോദിച്ചെതെന്നു മൊഴിയെടുക്കലിനുശേഷം സമദ് മാധ്യമങ്ങളോടു പ്രതികരിച്ചു. ദിലീപിന്റെ ഉറ്റസുഹൃത്തായ സമദിനൊപ്പം ഗായകൻ മിന്നലെ നസീറിൽനിന്നും പോലീസ് മൊഴിയെടുത്തിട്ടുണ്ട്.
അറസ്റ്റിനു മുൻപു ദിലീപിനെ പന്ത്രണ്ടര മണിക്കൂർ ചോദ്യം ചെയ്തപ്പോൾ നാദിർഷയേയും ചോദ്യം ചെയ്തിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതിയായ പൾസർ സുനി ജയിലിൽനിന്നു നാദിർഷയെ ഫോണിൽ വിളിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ചോദ്യം ചെയ്യൽ. ദിലീപുമായി അടുത്ത ബന്ധമുള്ളതിനാൽ പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്താനായാണു വിഷ്ണു എന്നൊരാൾ തന്നെ വിളിച്ചതെന്നായിരുന്നു ദിലീപിന്റെ അറസ്റ്റിനു മുൻപ് നാദിർഷ പറഞ്ഞിരുന്നത്.
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഗൂഢാലോചന നടത്തിയ കേസിലെ അന്വേഷണം അന്തിമഘട്ടത്തിലായെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരിൽനിന്നു ലഭിക്കുന്ന വിവരം. ഒക്ടോബർ 11വരെ അനുബന്ധ കുറ്റപത്രം സമർപ്പിക്കാൻ സമയമുണ്ടെങ്കിലും ഈ മാസം അവസാനത്തോടെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനാണു പോലീസ് ശ്രമം.
ലഭിച്ച തെളിവുകളെല്ലാം ഉറപ്പുവരുത്തിയും ക്രോഡീകരിച്ചും കുറ്റമറ്റ രീതിയിൽ കുറ്റപത്രം സമർപ്പിക്കാനാണ് പോലീസ് തയാറെടുക്കുന്നത്. അന്വേഷണ സംഘത്തിലേക്കു കൂടുതൽ ഉദ്യോഗസ്ഥരെയും ഇതിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ദിലീപിന്റെ ബന്ധുക്കൾ, അടുത്ത സുഹൃത്തുക്കൾ എന്നിവരിൽനിന്നെല്ലാം വിവരങ്ങൾ ശേഖരിക്കുന്നതു കുറ്റപത്രം സമർപ്പിക്കുന്നതിന്റെ ഭാഗമായാണ്.
നാദിർഷയേയും കാവ്യമാധവനേയും അടുത്ത ദിവസം വീണ്ടും ചോദ്യം ചെയ്യുമെന്നു സൂചനയുണ്ട്. നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയെ ഒന്നാം പ്രതിയാക്കിയുള്ള കുറ്റപത്രം പോലീസ് നേരത്തേ സമർപ്പിച്ചിരുന്നു. ദിലീപിനെ രണ്ടാം പ്രതിയാക്കി 13 പ്രതികളുള്ള അനുബന്ധ കുറ്റപത്രം നൽകാനാണ് ഇപ്പോൾ പോലീസിന്റെ തീരുമാനം.
ബലാത്സംഗം, ഗൂഢാലോചന, തെളിവു നശിപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണു ദിലീപിനെതിരേയുള്ള കുറ്റപത്രം തയാറാകുന്നത്. ദിലീപ് വീണ്ടും ജാമ്യാപേക്ഷ സമർപ്പിക്കാനുള്ള നീക്കം ആരംഭിച്ചതോടെയാണ് അതിവേഗം കുറ്റപത്രം സമർപ്പിക്കാൻ പോലീസ് തീരുമാനിച്ചത്. പ്രതി ജാമ്യത്തിലിറങ്ങിയാൽ കേസിലെ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനുമുള്ള സാധ്യതകൾ കണക്കിലെടുത്തു ദിലീപിന്റെ ജാമ്യാപേക്ഷയെ എതിർക്കാൻതന്നെയാണു പോലീസ് ശ്രമിക്കുക.
ദിലീപിന്റെ ജാമ്യാപേക്ഷ വീണ്ടും നൽകുന്നതിന്റെ ഭാഗമായി ബി. രാമൻപിള്ള അസോസിയേറ്റ്സിലെ അഭിഭാഷകർ ആലുവ സബ് ജയിലിലെത്തി ദിലീപുമായി കൂടിക്കാഴ്ച നടത്തി. അങ്കമാലി കോടതിയിലും ഹൈക്കോടതിയിലും ദിലീപിന്റെ ജാമ്യാപേക്ഷയിൽ ആദ്യം ഹാജരായ കെ. രാംകുമാറിനെ മാറ്റിയാണ് മറ്റൊരു മുതിർന്ന അഭിഭാഷകനായ ബി. രാമൻപിള്ളയെ വക്കാലത്ത് ഏൽപിച്ചത്.
രാമൻപിള്ളയുടെ ജൂണിയർ അഭിഭാഷകരായ സുജീഷ് മേനോൻ, ഫിലിപ്പ് വർഗീസ് എന്നിവരാണ് ഇന്നലെ ആലുവ ജയിലിലെത്തിയത്. ദിലീപിന്റെ സഹോദരൻ അനൂപും ഇവർക്കൊപ്പമുണ്ടായിരുന്നെങ്കിലും ജയിലിനുള്ളിലേക്കു കയറിയില്ല. നാളെ ദിലീപിന്റെ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുമെന്നാണു വിവരം.