നെയ്യാറ്റിന്‍കര : പിതാവിന് മക്കള്‍ സമാധി ഒരുക്കിയ സംഭവവുമായി ബന്ധപ്പെട്ട് മണ്ഡപം പൊളിക്കാതിരിക്കാനുള്ള പ്രതിരോധവും പൊളിച്ച് നിജസ്ഥിതി അറിയണമെന്ന ആവശ്യവും പോലീസിനും ജില്ലാ ഭരണകൂടത്തിനും തലവേദനയാകുന്നു.
ഇന്നലെ സംഘര്‍ഷവസ്ഥ രൂക്ഷമായ സാഹചര്യത്തിൽ സമാധി മണ്ഡപം പൊളിക്കല്‍ താത്കാലികമായി നിർത്തിവച്ചെങ്കിലും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് സബ് കളക്ടര്‍ അറിയിച്ചു. ചില റിപ്പോര്‍ട്ടുകള്‍ കൂടി ലഭിക്കാനുണ്ടെന്നും അവ കൂടി പരിശോധിച്ച് സമാധി പൊളിക്കൽ, മൃതദേഹം പുറത്തെടുക്കൽ, പോസ്റ്റുമോര്‍ട്ടം മുതലായവയുടെ തീയതി നിശ്ചയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കല്ലറ എന്ന് പൊളിക്കണമെന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കും.
അതിയന്നൂർ കാവുവിളാകം ശ്രീ കൈലാസനാഥ മഹാദേവ ക്ഷേത്രത്തിലെ പൂജാരി ആറാലുംമൂട് സ്വദേശി ഗോപന്‍സ്വാമി (78) യെ കാണാനില്ലെന്ന് അയല്‍വാസി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്. അതേ സമയം, ഗോപന്‍സ്വാമി ജീവല്സമാധിയടയുകയായിരുന്നുവെന്നും പിതാവ് നിര്‍ദേശിച്ച പൂജാവിധികളെല്ലാം യഥാവിധി ചെയ്ത് സമാധി മണ്ഡപം പൂര്‍ത്തിയാക്കിയെന്നുമാണ് മക്കളുടെ വാദം. സംഭവം പുറത്തറിഞ്ഞതിനു ശേഷം കുടുംബാംഗങ്ങളും സമീപവാസികളായ ചിലരും തമ്മിലായിരുന്നു ആദ്യം തര്‍ക്കം.
സ്വാമിയുടെ തിരോധാനം സംബന്ധിച്ച പരാതിയും സമാധിയുമായി ബന്ധപ്പെട്ട ദുരൂഹതയും ചൂണ്ടിക്കാട്ടി പോലീസ് ജില്ലാ ഭരണകൂടത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെ സമാധി മണ്ഡപം പൊളിക്കാനും മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യാനും ജില്ലാ കളക്ടര്‍ ഉത്തരവ് നല്കി. സമാധി മണ്ഡപം പൊളിക്കാന്‍ സബ് കളക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘവും ഫോറന്‍സിക് വിദഗ്ധരും നെയ്യാറ്റിന്‍കര ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘവും ഇന്നലെ സ്ഥലത്തെത്തി.
ജീവഹത്യാ ഭീഷണി മുഴക്കിയ കുടുംബത്തിനു വേണ്ടി ഇന്നലെ അഭിഭാഷകന് രഞ്ജിത്ത് ചന്ദ്രന് അവരുടേതായ ആവശ്യങ്ങളും ന്യായങ്ങളും നിരത്തി. പോലീസിന്റെ നിലപാടിനെ ആചാരവിരുദ്ധ പ്രവൃത്തികളായി ഹിന്ദു സംഘടനാ പ്രതിനിധികള്‍ ആരോപിച്ചു. പ്രതിരോധക്കാരും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷാവസ്ഥയുണ്ടായെങ്കിലും സബ് കലക്ടറുടെ സന്ദര്‍ഭോചിതമായ തീരുമാനവും പോലീസിന്റെ സംയമനവും സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാക്കി.
ഡിവൈഎസ്പി ഓഫീസില്‍ ഗോപന്‍സ്വാമിയുടെ ആണ്മക്കളോടും അവരുടെ അഭിഭാഷകനോടും നിയമപരമായ കാര്യങ്ങള്‍ വിശദീകരിച്ച സബ് കലക്ടര്‍ ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവിന്റെ പകര്‍പ്പും അവര്‍ക്ക് കൈമാറി. ആദ്യഘട്ടത്തേതില്‍ നിന്നും വ്യത്യസ്തമായി ഇന്നലെ ഗോപന് സ്വാമിയുടെ വീടും പരിസരവും പ്രതിരോധക്കാരുടെയും പ്രതിഷേധക്കാരുടെയും വലിയ സംഘങ്ങളുടെ സാന്നിധ്യത്താല്‍ നിറഞ്ഞിരുന്നു.
അതിയന്നൂർ കാവുവിളാകം ശ്രീ കൈലാസനാഥ മഹാദേവ ക്ഷേത്രത്തിലെ പൂജാരി ആറാലുംമൂട് സ്വദേശി ഗോപന്‍സ്വാമി (78) യുടെ സമാധിയാണ് നാട്ടില്‍ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഗോപന്‍സ്വാമിയുടെ വീടിനു സമീപം ഗോപന്‍സ്വാമി സമാധിയായി എന്ന പോസ്റ്റര്‍ കണ്ടതോടെ തദ്ദേശീയര്‍ അദ്ദേഹത്തിന്റെ വസതിയിലെത്തി കാര്യം തിരക്കി.
പിതാവ് സമാധിയായെന്നും അദ്ദേഹത്തിന്റെ താത്പര്യപ്രകാരം പുരയിടത്തില്‍ പ്രത്യേകമായി തയാറാക്കിയ സമാധി മണ്ഡപത്തില്‍ അദ്ദേഹത്തെ പത്മാസനത്തില്‍ ഇരുത്തി ആവശ്യമായ പൂജാദികര്‍മങ്ങള്‍ക്കു ശേഷം മണ്ഡപം സ്ലാബിട്ട് മൂടിയെന്നും മക്കള്‍ അറിയിച്ചു. എന്നാല്‍ മരണം ഏതെങ്കിലും ഡോക്ടര്‍ സ്ഥിരീകരിക്കുകയോ മരണവിവരം വാര്‍ഡ് കൗണ്‍സിലറെ പോലും അറിയിക്കുകയോ ചെയ്യാത്ത സാഹചര്യമാണ് ദുരൂഹതയും വിവാദവുമുയർത്തിയത്.