ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഡൽഹിയിൽ ആംആദ്മി പാർട്ടിക്കു പിന്തുണ പ്രഖ്യാപിച്ച് സമാജ്വാദി പാർട്ടി. ഡൽഹിയിൽ ആംആദ്മി പാർട്ടി അധികാരത്തിൽ വരേണ്ടത് അനിവാര്യമാണെന്നു സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു.
ഡൽഹിയിൽ അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തിലുള്ള സർക്കാരാണ് അധികാരത്തിലെത്തേണ്ടത്. ആംആദ്മി പാർട്ടിക്ക് മാത്രമെ ഡൽഹിയിൽ ബിജെപിയെ തടഞ്ഞുനിർത്താൻ സാധിക്കുകയുള്ളുവെന്നും അഖിലേഷ് യാദവ് പറഞ്ഞു.
സമാജ്വാദി പാർട്ടിയുടെ പിന്തുണയ്ക്ക് ആംആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കേജരിവാൾ നന്ദി അറിയിച്ചു. കോൺഗ്രസ് മത്സരരംഗത്തുണ്ടെങ്കിലും എസ്പി അവർക്ക് പിന്തുണ നൽകാത്തത് ചർച്ചയായിട്ടുണ്ട്. ഫെബ്രുവരി അഞ്ചിനാണ് ഡൽഹിയിൽ വോട്ടെടുപ്പ്. എട്ടിനാണ് വോട്ടെണ്ണൽ.