എടക്കര: കവളപ്പാറ ദുരിതബാധിതർക്ക് സംഗീത സാന്ത്വനവുമായി ചലച്ചിത്ര പിന്നണി ഗായകരുടെ സംഘടന. ഗാനഗന്ധർവൻ കെ.ജെ യേശുദാസ് ചെയർമാനായുള്ള പിന്നണിഗായകരുടെ സംഘടന “സമം’ ആണ് “സംഗീതം സമം സാന്ത്വനം’ എന്ന പേരിൽ പേത്തുകല്ലിലെ പ്രളയ ദുരിതാശ്വാസ ക്യാന്പിൽ സംഗീത പരിപാടി സംഘടിപ്പിച്ചത്.
ദുരന്തത്തിനിരകളായ ആളുകളുടെ മാനസിക പരിമുറുക്കങ്ങൾ ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി. പിന്നണിഗായകരായ വിജയ് യേശുദാസ്, അഫ്സൽ, നജീം അർഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള ഇരുപതംഗ സംഘമാണ് പോത്തുകല്ലിൽ സംഗീത സാന്ത്വന്‍ അവതരിപ്പിച്ചത്.
പി.വി അബ്ദുൾ വഹാബ് എം.പി പരിപാടി ഉദ്ഘാടനം ചെയ്തു. പോത്തുകൽ പഞ്ചായത്ത് പ്രസിഡന്റ് സി. കരുണാകരൻ പിള്ള, വൈസ് പ്രസിഡന്റ് വത്സല അരവിന്ദൻ, മെന്പർ സി. സുഭാഷ്, വില്ലേജ് ഓഫീസർ റെനി വർഗീസ്, സമം ഭാരവാഹി പ്രദീപ് പള്ളുരുത്തി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
കവളപ്പാറ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവരായ കുടുംബങ്ങൾ അധിവസിക്കുന്ന പോത്തുകല്ലിലെ ഓഡിറ്റോറിയത്തിന് മുൻപിലായിരുന്നു പരിപാടി. കോളനിക്കാർ പിന്നണിഗായകർക്കൊപ്പം പാടാനും, സെൽഫിയെടുക്കാനും മുൻനിരയിലെത്തിയിരുന്നു.