ബുലവായോ: ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി നേടുന്ന താരങ്ങളുടെ പട്ടികയിലേക്ക് പാക്കിസ്ഥാൻ ഓപ്പണർ ഫഖാർ സൽമാനും. സിംബാബ്വെയ്ക്കെതിരായ നാലാം ഏകദിനത്തിലാണ് സമാൻ 210 റണ്‍സ് എടുത്ത് പുറത്താകാതെനിന്ന് ചരിത്രം കുറിച്ചത്.
ഇന്ത്യയുടെ സച്ചിൻ തെണ്ടുൽക്കർ, വിരേന്ദർ സെവാഗ്, രോഹിത് ശർമ, വെസ്റ്റ് ഇൻഡീസിന്റെ ക്രിസ് ഗെയ്ൽ, ന്യൂസിലൻഡിന്റെ മാർട്ടിൻ ഗപ്റ്റിൽ എന്നിവരുടെ പട്ടികയിലേക്ക് സമാനും പ്രവേശിച്ചു. ഏകദിന ക്രിക്കറ്റിൽ പിറക്കുന്ന എട്ടാമത്തെ ഇരട്ട സെഞ്ചുറിയാണ് ഇന്നലെ ഈ പാക് താരത്തിന്റെ പേരിലായത്. 156 പന്തിൽനിന്ന് അഞ്ച് സിക്സും 24 ഫോറും അടക്കമായിരുന്നു സമാന്റെ 210 റണ്‍സ് നോട്ടൗട്ട് പ്രകടനം.
ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ട് എന്ന റിക്കാർഡും ഇന്നലെ തകർന്നു. ഓപ്പണർമാരായ സമാനും ഇമാം ഉൾ ഹക്കും (122 പന്തിൽ 113 റണ്‍സ്) ചേർന്ന് ഒന്നാം വിക്കറ്റിൽ പടുത്തുയർത്തിയത് 304 റണ്‍സ്. 42-ാം ഓവറിന്റെ അവസാന പന്തിലായിരുന്നു ഈ കൂട്ടുകെട്ട് തകർന്നത്. മൂന്നാം നന്പറായെത്തിയ ആസിഫ് അലി (22 പന്തിൽ 50 നോട്ടൗട്ട്) തകർത്തടിക്കുകകൂടി ചെയ്തതോടെ 50 ഓവറിൽ പാക്കിസ്ഥാൻ 399 റണ്‍സ് നേടി.
ഏകദിനത്തിൽ പാക്കിസ്ഥാന്റെ ഏതൊരു വിക്കറ്റ് കൂട്ടുകെട്ടിലെയും ഉയർന്ന സ്കോറാണ് ഇന്നലെ സമാനും ഹക്കും ചേർന്നു നേടിയത്. ഇവരുടെ പോരാട്ടത്തിനിടെ തകർന്നത് 2006ൽ ശ്രീലങ്കയുടെ സനത് ജയസൂര്യയും ഉപുൽ തരംഗയും ചേർന്ന് നേടിയ 286 റണ്‍സ് എന്ന ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് റിക്കാർഡുമായിരുന്നു. ഏകദിനത്തിൽ പാക്കിസ്ഥാന്റെ ഏറ്റവും ഉയർന്ന പുതിയ സ്കോറും കുറിക്കപ്പെട്ടു. 2010ൽ ബംഗ്ലാദേശിനെതിരേ നേടിയ 385 റണ്‍സ് ആയിരുന്നു പാക്കിസ്ഥാന്റെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന ഏകദിന സ്കോർ.
നാലാം ഏകദിനത്തിൽ പാക്കിസ്ഥാൻ 244 റണ്‍സിനു വിജയിച്ചു. സ്കോർ: പാക്കിസ്ഥാൻ 50 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 399. സിംബാബ്വെ 42.4 ഓവറിൽ 155നു പുറത്ത്. പരന്പരയിൽ സന്ദർശകർ 4-0നു മുന്നിലാണ്.
ഏകദിന ഇരട്ട സെഞ്ചുറി പട്ടിക
റണ്‍സ് – താരം – രാജ്യം – വർഷം
200* -സച്ചിൻ തെണ്ടുൽക്കർ – ഇന്ത്യ – 2010
219 – വിരേന്ദർ സെവാഗ് – ഇന്ത്യ – 2011
209 – രോഹിത് ശർമ – ഇന്ത്യ – 2013
264 – രോഹിത് ശർമ – ഇന്ത്യ – 2014
215 – ക്രിസ് ഗെയ്ൽ – വിൻഡീസ് – 2015
237* – മാർട്ടിൻ ഗപ്റ്റിൽ – ന്യൂസിലൻഡ് – 2015
208* – രോഹിത് ശർമ – ഇന്ത്യ – 2017
210* – ഫഖാർ സമാൻ – പാക്കിസ്ഥാൻ – 2018