കോട്ടയം: കൂരോപ്പട ഗ്രാമത്തെ മുൾമുനയിൽ നിർത്തിയ ആറടി നീളമുള്ള മൂർഖൻപാന്പ് പാന്പുപിടുത്തക്കാരൻ നീണ്ടൂർ വെള്ളാപ്പള്ളിയിൽ സോമനാചരിയുടെ മുന്പിൽ കീഴടങ്ങി. കൂരോപ്പട പുത്തൻപുരയ്ക്കൽ മോഹനന്റെ വീട്ടിലെ കോഴിക്കൂട്ടിൽ ഒളിച്ചിരുന്ന പാന്പിനെയാണ് ഒന്നരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ചാക്കിലാക്കിയത്.
ഇന്നു പുലർച്ചെ നാലിന് കൂട്ടിൽ നിന്നും കോഴികളുടെ ബഹളം കേട്ടവീട്ടുകാർ വന്നുനോക്കിയപ്പോഴാണ് മൂർഖൻ പാന്പിനെ കണ്ടത്. തുടർന്നു സോമനാചാരിയെ വിവരമറിയിക്കുകയായിരുന്നു. പാന്പിനെ പിടിക്കാനുള്ള ശ്രമത്തിൽ എല്ലാവരുടെയും കണ്ണ് വെട്ടിച്ച് അടുത്ത മതിലിന്റെ പൊത്തിൽ പാന്പ് ഒളിച്ചു. തുടർന്ന് മതിലിന്റെ ഒരുഭാഗം പൊളിച്ചു ദ്വാരമുണ്ടാക്കിയാണ് സോമനാചാരി പാന്പിനെ പിടികൂടിയത്. പാന്പിനെ ഇന്നു വനംവകുപ്പിനു കൈമാറും.