തെന്നിന്ത്യൻ താര കുടുംബത്തിലെ മരുമകളാണ് സാമന്ത ഋതു പ്രഭു. നാഗചൈതന്യയെ വിവാഹം ചെയ്തതോടെ ഭർത്താവിന്റെ കുടുംബപ്പേരായ അക്കിനേനിയൊപ്പം ചേർന്നു.
തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന നടിയായ സാമന്ത പാതി മലയാളിയാണെങ്കിലും ഇതുവരെയും ഒരു മലയാള ചിത്രത്തിൽ അഭിനയിച്ചില്ല. നിരവധി തമിഴ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെയും ഹൃദയങ്ങളിൽ സ്ഥാനം നേടി.
സാമന്തയുടെ അച്ഛൻ പ്രഭു ആന്ധ്ര സ്വദേശിയാണ്. അമ്മ നൈനീറ്റയുടെ നാട് ആലപ്പുഴ. ചെന്നൈ, പല്ലാവരത്ത് സാന്പത്തികമായി പിന്നാക്കാവസ്ഥയിൽ ആയിരുന്ന ഒരു കുടുംബത്തിലാണ് സാമന്ത ജനിച്ചത്.
ഡേവിഡ്, ജോനാഥൻ എന്നീ രണ്ടു സഹോദര·ാരുണ്ട്. സാമന്ത സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയിട്ട് 11 വർഷം പിന്നിടുകയാണ്.
തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 45 ചിത്രങ്ങൾ . ഇതിന് കാരണം ഏറെ ശ്രദ്ധയോടെയാണ് സാമന്ത കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നു എന്നതാണ്. അഭിനയിച്ച മിക്ക ചിത്രങ്ങളും വൻ വിജയം കൈവരിച്ചവ. ഭാഗ്യ നായികയായാണ് സാമന്ത അറിയപ്പെടുന്നത്.
പല്ലാവരത്ത് ജനിച്ചതിനാൽ സമന്തക്ക് ’പല്ലാവരം പൊണ്ണു’ എന്ന ചെല്ല പേരുമുണ്ട്. ചെന്നൈ ഹോളി ഏഞ്ചൽസ് സ്കൂളിൽ പഠനം.സ്റ്റെല്ല മേരീസ് കോളേജിൽ പഠിക്കുന്ന സമയത്ത് മോഡലിംഗ് ചെയ്യാൻഅവസരം.
മോഡലിംഗിൽനിന്ന് പോക്കറ്റ് മണി ലഭിക്കാൻ തുടങ്ങി. ആ സമയത്താണ് തമിഴ് സിനിമയിലെ പ്രശസ്ത ഛായാഗ്രഹകനായ രവിവർമ്മന്റെ കണ്ണിൽ പെടുന്നത്.
രവിവർമ്മന്റെ ആദ്യ സംവിധാന സംരംഭമായ ’മാസ്കോവിൻ കാവിരി’ എന്ന ചിത്രത്തിലേക്ക് ക്ഷണിക്കുന്നു. എന്നാൽ സാമന്തയുടെ മുഖം ആദ്യമായി ബിഗ് സ്ക്രീനിൽ തെളിഞ്ഞത് ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ’വിണ്ണൈത്താണ്ടി വരുവായ’ എന്ന ചിത്രത്തിലൂടെയാണ്.
ചിന്പുവും തൃഷയും നായകനും നായികയുമായി അഭിനയിച്ചപ്പോൾ അതിഥി വേഷത്തിലാണ് സാമന്ത പ്രത്യക്ഷപ്പെട്ടത്. എന്നാൽ തെലുങ്ക് പതിപ്പായി വന്ന യെ മായ ചെസവേയിൽ സാമന്ത ആയിരുന്നു നായിക. ഇതിനുശേഷം സാമന്തയുടെ കരിയർ ഗ്രാഫ് ഉയർന്നു കൊണ്ടേയിരുന്നു.
ഇതുവരെ മലയാളത്തിൽ അഭിനയിക്കാതിരുന്നതിനെക്കുറിച്ച് നടിയുടെ വാക്കുകൾ ഇങ്ങനെ…ഭാഷകളെ തരംതിരിച്ച് അഭിനയിക്കുന്ന ആളല്ല ഞാൻ. എന്നെ തേടിവരുന്ന കഥാപാത്രങ്ങൾ നോക്കിയാണ് സിനിമ തിരഞ്ഞെടുക്കുന്നത്.
മലയാള സിനിമയിൽ അഭിനയിക്കാൻ അവസരം വന്നിട്ടുണ്ട്. നല്ല കഥയും കഥാപാത്രവും വരുന്പോൾ തീർച്ചയായും അഭിനയിക്കും. മലയാളത്തിൽ അഭിനയിക്കാൻ കഴിയാത്തതിൽ വിഷമം തോന്നാറുണ്ട്.
ഇന്ത്യൻ സിനിമയിൽ മാത്രമല്ല ലോകത്തിൽ തന്നെ മലയാള ചിത്രങ്ങൾക്ക് പ്രത്യേക സ്ഥാനമുണ്ട്. ഭാവിയിൽ മികച്ച കഥാപാത്രവും, നല്ല കഥയും, സമയവും ഒത്തു വരികയാണെങ്കിൽ അഭിനയിക്കും.
-പിജി