തെന്നിന്ത്യൻ സിനിമയിലെ മുനിർനിര നായികയായി ഉയർന്നുനിൽക്കുന്ന താരങ്ങളിൽ ഒരാളാണ് സാമന്ത റൂത്ത് പ്രഭു. താരത്തിന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട ചർച്ചകളാണു കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്.
നടൻ നാഗ ചൈതന്യയുമായുള്ള സാമന്തയുടെ വിവാഹവേർപിരിയൽ വാർത്ത ഏറെ ശ്രദ്ധനേടിയതാണ്. ഇപ്പോഴിതാ നാഗ ചൈതന്യ നടി ശോഭിതയുമായി വിവാഹിതനാകാൻ പോവുകയാണ്. കഴിഞ്ഞ എട്ടിനായിരുന്നു വിവാഹനിശ്ചയം. സാമന്തയോട് ഇതു വേണ്ടിയിരുന്നില്ലെന്നു പറഞ്ഞു നിരവധി ആരാധകരാണ് ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കുമെതിരേ വിമർശനം ഉന്നയിക്കുന്നത്.
ഈ അവസരത്തിൽ സാമന്തയോട് വിവാഹാഭ്യർഥന നടത്തിയിരിക്കുകയാണ് യുവാവ്. മുകേഷ് എന്ന ആരാധകനാണു വിവാഹാഭ്യർഥന നടത്തിയിത്. സാമന്ത വിഷമിക്കേണ്ടതില്ല. ഞാൻ എന്നും എപ്പോഴും കൂടെയുണ്ടാകും എന്നാണ് റീൽ വീഡിയോയിൽ മുകേഷ് പറഞ്ഞിരിക്കുന്നത്.
ബാഗ് പാക്ക് ചെയ്തു വിമാനത്തിൽ യാത്രചെയ്ത് സാമന്തയുടെ വീടുവരെ എത്തുന്ന കാര്യങ്ങൾ മുകേഷ് ഗ്രാഫിക്സിന്റെ സഹായത്തോടെ വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. സാമന്ത തയാറാണെങ്കിൽ വിവാഹം കഴിക്കാൻ താൻ തയാറാണെന്നും സാമ്പത്തികമായി ഉയരാൻ തനിക്കു രണ്ട് വർഷത്തെ സമയം തന്നാൽ മതിയെന്നും ഇയാൾ വീഡിയോയിൽ പറയുന്നുണ്ട്.
ഏറെ രസകരമായ വീഡിയോ ഞൊടിയിടകൊണ്ടാണ് വൈറലായത്.
വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ മറുപടി കമന്റുമായി സാമന്ത തന്നെ രംഗത്തെത്തി. ബാക്ഗ്രൗണ്ടിലെ ജിം എന്നെ ഏതാണ്ട് കണ്‍വിന്‍സ് ചെയ്തതാണ്… എന്നാണ് സാമന്ത കുറിച്ചത്. ജിമ്മിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു മുകേഷ് വീഡിയോ ചെയ്തത്. സാമന്തയുടെ മറുപടി വന്നതോടെ ആരാധകരും അതേറ്റെടുത്തു.
സമാന്തയ്ക്ക് ദശലക്ഷക്കണക്കിന് ആരാധകരുണ്ടെങ്കില്‍ അതിലൊരാളാണ് ഞാൻ. സമാന്തയ്ക്ക് പത്ത് ആരാധകരുണ്ടെങ്കില്‍ അവരിൽ ഒരാളും ഞാനാണ്. സമാന്തയ്ക്ക് ഒരേയൊരു ആരാധകനെ ഉള്ളൂവെങ്കിൽ അത് ഞാൻ മാത്രമാണ്. സമാന്തയ്ക്ക് ഒരു ആരാധകനും ഇല്ലെങ്കില്‍ അതിനർഥം ഞാന്‍ ഈ ഭൂമിയില്‍ ഇല്ലെന്നാണ്.
ഈ ലോകം സമാന്തയ്ക്ക് എതിരാണെങ്കില്‍ ഞാന്‍ ഈ ലോകത്തിന് എതിരാണ് എന്നാണ് സാമന്തയുടെ മറുപടി പങ്കുവച്ച് മുകേഷ് കുറിച്ചത്. എന്തായാലും രസകരമായ വീഡിയോയും നടിയുടെ മറുപടിയും സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.