മയോസൈറ്റിസ് രോഗം ഭേദമാകാത്തതിനെത്തുടര്‍ന്ന് നടി സാമന്ത റൂത്ത് പ്രഭു ദക്ഷിണകൊറിയയിലേക്ക്. രോഗ ചികിത്സയ്ക്കായാണ് താരം ദക്ഷിണ കൊറിയയിലേക്ക് പോകുന്നതെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ മാസമാണ് താന്‍ മയോസൈറ്റിസ് രോഗബാധിതയാണെന്ന കാര്യം സാമന്ത വെളിപ്പെടുത്തിയത്. കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ തേടിയാണ് താരം ദക്ഷിണ കൊറിയയിലേക്ക് പോകുന്നത്.
നേരത്തെ ഹൈദരാബാദില്‍ തന്നെ ഇതിനായി ആയുര്‍വേദ ചികിത്സ നടത്തുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.
ഉടന്‍ ദക്ഷിണ കൊറിയയിലേക്ക് പോകുമെന്നും ഏതാനും മാസങ്ങള്‍ താരം അവിടെ ചികിത്സയ്ക്കായി തുടരേണ്ടി വരുമെന്നുമാണ് പ്രമുഖമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചികിത്സയ്ക്ക് ശേഷം വിജയ് ദേവരകൊണ്ടയ്ക്കൊപ്പമുള്ള ‘ഖുഷി’യുടെ ചിത്രീകരണം പുനാരാരംഭിക്കും.
രോഗപ്രതിരോധ സംവിധാനം ശരീരത്തിലെ പേശികളെ ആക്രമിക്കുന്ന ഒരു അവസ്ഥയാണ് മയോസൈറ്റിസ്.
പേശികളുടെ ബലക്കുറവും എല്ലുകള്‍ക്ക് വേദനയുമാണ് മയോസൈറ്റിസിന്റെ പ്രധാന ലക്ഷണം. ഇടയ്ക്കിടെ വീഴുക, കുറച്ചുസമയം നില്‍ക്കുകയോ നടക്കുകയോ ചെയ്താല്‍ ക്ഷീണം അനുഭവപ്പെടുക എന്നിവയും ഇവയുടെ ലക്ഷണങ്ങളാണ്.