നാഗചൈതന്യയുമായുള്ള വിവാഹ ബന്ധം വേർപിരിഞ്ഞതിനു പിന്നാലെ നാഗചൈതന്യയ്ക്കൊപ്പമുള്ള ഫോട്ടോകളെല്ലാം നീക്കം ചെയ്ത് സാമന്ത. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഡിലീറ്റ് ചെയ്തത്. വിവാഹദിന ചിത്രങ്ങളും ഹണിമൂൺ ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്.
അതേസമയം സുഹൃത്തുക്കൾക്കൊപ്പം ഇരുവരും നിൽക്കുന്ന രണ്ടു ചിത്രങ്ങൾ നീക്കം ചെയ്തിട്ടില്ല. നാലു വർഷത്തെ വിവാഹജീവിതത്തിനുശേഷം ഒക്ടോബർ രണ്ടിനാണ് ഇരുവരും ഔദ്യോഗികമായി പിരിയുന്നുവെന്ന് ആരാധകരെ അറിയിച്ചത്.
ഏറെ ആലോചിച്ചതിനു ശേഷം ഞാനും സാമും (സാമന്ത) ഭാര്യഭർത്താക്കന്മാരെന്ന രീതിയിൽ വേർപിരിയാനും അവരവരുടേതായ പാത പിന്തുടരാനും തീരുമാനിച്ചു. ഒരു ദശാബ്ദത്തോളം നീണ്ട സൗഹൃദം ഞങ്ങൾക്കിടയിലുണ്ടെന്നതിൽ ഞങ്ങൾ ഭാഗ്യം ചെയ്തവരാണ്, ഞങ്ങളുടെ ബന്ധത്തിന്റെ കാതലും അതായിരുന്നു.
ആ സൗഹൃദം ഞങ്ങൾക്കിടയിൽ ഇനിയും അടുപ്പം നിലനിർത്തുമെന്ന് വിശ്വസിക്കുന്നു.’–വിവാഹമോചനവാർത്ത സ്ഥിരീകരിച്ച് നാഗചൈതന്യ കുറിച്ച വാക്കുകളായിരുന്നു ഇത്.2010ൽ ഗൗതം മേനോന്റെ സംവിധാനത്തിലൊരുങ്ങിയ തെലുങ്ക് ചിത്രം ‘യേ മായ ചേസാവെ’യുടെ സെറ്റിൽ വച്ചാണ് സാമന്തയും നാഗചൈതന്യയും പ്രണയത്തിലാവുന്നത്.
2017 ഒക്ടോബര് ആറിന് ഇരുവരും വിവാഹിതരായി. സാമന്ത തന്റെ സോഷ്യൽ മീഡിയ പേജുകളില്നിന്ന് അക്കിനേനി എന്ന പേരു മാറ്റിയതോടെയാണ് ഇരുവരും വിവാഹമോചനത്തിലേക്ക് നീങ്ങുകയാണെന്ന വാർത്തകൾ പുറത്തുവന്നു തുടങ്ങിയത്.
ആദ്യമൊന്നും ഇരുവരും വിവാഹമോചന വാർത്തയെക്കുറിച്ച് പ്രതികരിക്കാൻ തയാറായിരുന്നില്ല. ഒടുവിൽ കഴിഞ്ഞ ഒക്ടോബർ രണ്ടിന് വിവാഹമോചന വാർത്ത സ്ഥിരീകരിക്കുകയായിരുന്നു.