വിവാഹമോചനത്തെ തുടർന്ന് കുറച്ചു നാളുകളായി വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ് തെന്നിന്ത്യൻ താരം സാമന്ത. കൈനിറയെ സിനിമകളുമായി തിരക്കിലാണ് നടി ഇപ്പോൾ. ഇപ്പോൾ വീണ്ടും സാമന്തയെക്കുറിച്ച് കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് താരം വാങ്ങുന്ന പ്രതിഫലവുമായി ബന്ധപ്പെട്ടാണ്.
അണിയറയിൽ ഒരുങ്ങുന്ന നാനിയുടെ ഏറ്റവും പുതിയ സിനിമ ദസ്റയിൽ നിന്നു സാമന്ത പിന്മാറി എന്നുള്ള തരത്തിൽ കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു.
കീർത്തി സുരേഷാണ് ചിത്രത്തിൽ നായിക. സെക്കന്റ് ഹീറോയിൻ ആയിട്ടാണ് സാമന്തയെ സിനിമയിലേക്ക് തെരഞ്ഞെടുത്തിരുന്നത്. എന്നാൽ ഇപ്പോൾ സെക്കന്റ് ഹീറോയിൻ വേഷം ചെയ്യാൻ താൽപര്യമില്ലെന്ന് അറിയിച്ച് സാമന്ത സിനിമയിൽ നിന്നുപിന്മാറി എന്നാണ് റിപ്പോർട്ട്.
വിവാഹമോചന ശേഷം സിനിമയിൽ സജീവമാകാൻ ഒരുങ്ങുന്ന സാമന്ത പ്രതിഫലം ഉയർത്തിയെന്നാണ് സിനിമാ മേഖലയുമായി ബന്ധപ്പെട്ടവരിൽ നിന്നു ലഭിക്കുന്ന റിപ്പോർട്ട്.
മൂന്ന് കോടിയോളം രൂപയാണ് ജിഎസ്ടി ഒഴികെ താരം ഇപ്പോൾ ഒരു സിനിമയിൽ അഭിനയിക്കാൻ ഈടാക്കുന്നത് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
തെന്നിന്ത്യൻ താരസുന്ദരികളായ പൂജാ ഹെഗ്ഡെ, രശ്മിക മന്ദാന തുടങ്ങിയ താരങ്ങളും മറ്റ് യുവതാരങ്ങളും 2, 2.5 കോടി രൂപയ്ക്കടുത്താണ് പ്രതിഫലമായി കൈപ്പറ്റുന്നത്.
അതേസമയം ഈച്ച എന്ന രാജമൗലി സിനിമയ്ക്കു ശേഷം നാനിയോടൊപ്പം സാമന്ത വെള്ളിത്തിരയിൽ എത്താൻ പോകുന്നുവെന്ന വാർത്തയിൽ ആരാധകരും സന്തോഷത്തിലായിരുന്നു.
എന്നാൽ നായിക പദവിയാണ് താൻ ആഗ്രഹിക്കുന്നത് എന്ന് സാമന്ത പറഞ്ഞതോടെയാണ് നിർമാതാക്കൾ മറ്റ് താരങ്ങളെ സമീപിക്കാനൊരുങ്ങുന്നത്.
താരം പ്രതിഫലം ഉയർത്തിയതു നിർമാതാക്കൾ മറ്റ് നായികമാരെ തേടി പോകാൻ കാരണമായതായും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
-പിജി