തെന്നിന്ത്യൻ താരസുന്ദരി എഴുപതുകാരിയായ അമ്മയുടെ വേഷത്തിൽ എത്തുന്നു. “മിസ് ഗ്രേനി’ എന്ന കൊറിയൻ ചിത്രത്തിന്റെ റീമേക്കിലാണ് 70 വയസുള്ള അമ്മയായി സാമന്ത അടുത്തതായി അഭിനയിക്കുന്നത്. വളരെ വെല്ലുവിളി ഉയർത്തുന്നതും വ്യത്യസ്തവുമായ കഥാപാത്രമാണ് ചിത്രത്തിൽ സാമന്തയ്ക്ക്.
എഴുപതുകാരിയായ വൃദ്ധയിൽ നിന്ന് ഇരുപതുകാരിയിലേക്കുള്ള ഒരു സ്ത്രീയുടെ നിഗൂഢമായ മാറ്റമാണ് മിസ് ഗ്രേനി എന്ന കൊറിയൻ ചിത്രം. വാർത്തകൾ സത്യമാണെങ്കിൽ എഴുപതുകാരിയായി എത്തുന്ന സാമന്തയുടെ മകന്റെ വേഷത്തിൽ അഭിനയിക്കുന്നത് റാവു രമേശ് ആണ്. റാവു രമേശിന് യഥാർഥത്തിൽ 50 വയസുണ്ട്.
സാമന്ത ആരാധകരെ സംബന്ധിച്ച് ഇത് തീർത്തും ഞെട്ടിക്കുന്ന വാർത്തയാണ്. മിസ് ഗ്രേനിയിലെ കഥാപാത്രത്തെ കുറിച്ച് ചോദിച്ചപ്പോൾ, “ചിന്തിക്കുന്പോൾ തന്നെ എനിക്ക് വളരെ അധികം പേടിയും വെപ്രാളവുമുണ്ട്. എന്നാലും ഒരു വെല്ലുവിളിയായി സ്വീകരിച്ച് ഈ ചിത്രം ചെയ്യും’ എന്നാണ് സാമന്ത പറഞ്ഞത്.
വിവാഹ ശേഷം സാമന്ത വളരെ അധികം സെലക്ടീവ് ആയിരിക്കുകയാണ്. ഗ്ലാമർ കഥാപാത്രങ്ങളിൽ നിന്ന് മാറി അത്രയേറെ പക്വതയുള്ള വേഷങ്ങളാണ് ഇപ്പോൾ തിരഞ്ഞെടുക്കുന്നത്. മിസ് ഗ്രേനിയുടെ റീമേക്ക് ഉൾപ്പടെ യു ടേണ്, രംഗസ്ഥലം എന്നീ ചിത്രങ്ങളും അതിനുദാഹരണമാണ്.
വിവാഹം കഴിഞ്ഞതുകൊണ്ടല്ല സാമന്ത ഈ അമ്മ വേഷം സ്വീകരിച്ചത്. കഥ കേട്ട് ഇഷ്ടപ്പെട്ട് ചെയ്യാനുള്ള താത്പര്യത്തോടെ തന്നെ സാമന്ത ഏറ്റെടുത്ത കഥാപാത്രമാണ്. നന്ദിനി റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.