പുതിയ കാലത്ത് ട്രോളുകള്‍ എന്നറിയപ്പെടുന്ന പരിഹാസങ്ങള്‍ ചിലപ്പോള്‍ ചിലരുടെയെങ്കിലും വ്യക്തിജീവിതത്തെ ദോഷകരമായി ബാധിക്കാറുണ്ട്. തന്റെ വ്യക്തിജീവിതത്തില്‍ ട്രോളുകള്‍ ഏല്‍പ്പിച്ച ആഘാതത്തെക്കുറിച്ച് തുറന്നു പറയുകയാണ് നടി സാമന്ത അക്കിനേനി. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് മനസ്സിനെ വല്ലാതെ വേദനിപ്പിച്ച ട്രോളുകളെക്കുറിച്ചും അത്തരം ട്രോളുകള്‍ ജീവിതത്തില്‍ തെറ്റായ തീരുമാനങ്ങളെടുക്കാന്‍ തന്നെ പ്രേരിപ്പിച്ചതിനെക്കുറിച്ചും സമാന്ത തുറന്നു പറഞ്ഞത്.
കരിയറിന്റെ തുടക്കത്തില്‍ ട്രോളുകള്‍ തന്റെ മനസ്സിലെ വല്ലാതെ ബാധിച്ചിരുന്നെന്നും എന്നാലിപ്പോള്‍ ട്രോളുകളുണ്ടാക്കുന്ന മനോവേദനയെ അതിജീവിക്കാന്‍ താന്‍ പഠിച്ചുവെന്നും സമാന്ത പറയുന്നു. തെലുങ്ക് താരം നാഗചൈതന്യയെ വിവാഹം കഴിച്ചതോടു കൂടി ട്രോളുകളുടെ സ്വഭാവം മാറിയെന്നും ഇപ്പോള്‍ താന്‍ ഗര്‍ഭിണിയാണെന്ന തരത്തിലാണ് ട്രോളുകള്‍ വരുന്നതെന്നും സമാന്ത പറയുന്നു. ഗര്‍ഭിണിയാണെന്ന തരത്തിലുള്ള വ്യാജവാര്‍ത്തകളെക്കുറിച്ച് സാമന്ത പറഞ്ഞതിങ്ങനെ…
” തുടക്കകാലത്ത് ഇത്തരം വാര്‍ത്തകള്‍ എന്നെ മോശമായി ബാധിച്ചിരുന്നു. യുക്തിബോധത്തെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള കാര്യങ്ങള്‍ എന്നെ വല്ലാതെ അസ്വസ്ഥയാക്കുകയും ചെയ്തിരുന്നു. അന്നൊക്കെ രാവിലെ ഉണര്‍ന്നാലുടന്‍ എന്നെക്കുറിച്ച് എന്തൊക്കെ ട്രോളുകള്‍ വന്നിട്ടുണ്ട് എന്ന് പരിശോധിക്കലായിരുന്നു എന്റെ ആദ്യത്തെ ജോലി. അത് മനസ്സിന്റെ ആരോഗ്യത്തെ വല്ലാതെ ബാധിക്കുകയും അതുമൂലം പെട്ടന്നു ചില തെറ്റായ തീരുമാനങ്ങളെടുക്കേണ്ടി വരുകയും ചെയ്തിട്ടുണ്ട്. അത്തരം അനുഭവങ്ങളിലൂടെ കടന്നു പോയപ്പോള്‍ എനിക്ക് ആ സമയത്ത് അത്തരം കാര്യങ്ങളെക്കുറിച്ച് ഉപദേശം തരാന്‍ ആരുമില്ലായിരുന്നു. പക്ഷേ ആ കാലം കഴിഞ്ഞു. ഇപ്പോള്‍ അതൊക്കെ തമാശയായെടുക്കാന്‍ എനിക്ക് കഴിയുന്നുണ്ട്. ഇപ്പോള്‍ അതൊക്കെ ആ അര്‍ഥത്തില്‍ തന്നെ കാണാനും കേള്‍ക്കാറുമുണ്ട്”.
”വിവാഹശേഷം കുറേയേറെ നല്ല സിനിമകള്‍ ലഭിച്ചതിന്റെ ക്രെഡിറ്റ് എനിക്കെടുക്കാനാവില്ല. വിവാഹത്തിന് മുന്‍പ് ഞാന്‍ അധികം സിനിമകള്‍ ഒന്നും ചെയ്തിരുന്നില്ല. എനിക്ക് എന്തു ചെയ്യാന്‍ കഴിയുമെന്ന് അന്ന് വ്യക്തമായ ധാരണയില്ലാത്തതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത് എന്നാണ് ഞാന്‍ കരുതുന്നത്”.സാമന്ത പറയുന്നു. സിനിമയിലെത്തി 10 വര്‍ഷത്തിനുള്ളില്‍ 45 ചിത്രങ്ങളിലാണ് സമാന്ത അഭിനയിച്ചത്. 2015 ല്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ താന്‍ സിനിമ വിടുകയാണെന്നും താരം പറഞ്ഞിരുന്നു. കരിയര്‍ വളര്‍ച്ചയെക്കുറിച്ച് താരം പറയുന്നതിങ്ങനെ ” എന്റെ ആദ്യത്തെ ചിത്രം പുറത്തിറങ്ങിയത് 2010 ലാണ്. ഒരു സാധാരണ കുടുംബാന്തരീക്ഷത്തില്‍ നിന്നു വന്ന എനിക്ക് സിനിമ ഒരു പുതിയ ലോകമായിരുന്നു. ആദ്യമായി വിദേശ യാത്ര ചെയ്തതുപോലും സിനിമയിലെത്തിയതിനു ശേഷമാണ്. അതെല്ലാം വളരെ പുതുമയുള്ള കാര്യങ്ങളായിരുന്നു”.
”നടികള്‍ ഇങ്ങനെയായിരിക്കണം, അങ്ങനെ പെരുമാറണം തുടങ്ങിയ നൂറുകൂട്ടം നിയമങ്ങളൊക്കെ കേട്ടപ്പോള്‍ അതുമായി പൊരുത്തപ്പെടാന്‍ ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടു. എനിക്ക് ഞാനായി ഇരിക്കാനായിരുന്നു ഇഷ്ടം അതില്‍ നിന്നൊക്കെ ഒരുപാട് വ്യത്യസ്തമായിരുന്നു ഈ വക നിയമങ്ങളൊക്കെ. അത്തരം സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ തുടക്കകാലത്ത് ചില ബുദ്ധിമുട്ടുകളൊക്കെയുണ്ടായിരുന്നു.”വര്‍ഷങ്ങള്‍ പിന്നിട്ടപ്പോഴാണ് രാവിലെ ഉണര്‍ന്ന് നമുക്ക് ലഭിച്ച അനുഗ്രഹങ്ങളെ ഓര്‍ക്കാനും പോസിറ്റീവായി ചിന്തിക്കാനും നെഗറ്റീവില്‍ നിന്ന് അകന്നു നില്‍ക്കാനും സാധിച്ചത്”. സാമന്ത പറയുന്നു.