നടി സാമന്തയുടെ ഐറ്റം ഡാന്‍സ് പ്രതീക്ഷിച്ചിരിക്കുകയാണ് ആരാധകര്‍. അല്ലു അര്ജുന് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം പുഷ്പയിലാണ് കരിയറിലാദ്യമായി സാമന്ത ഐറ്റം നമ്പര്‍ ചെയ്യുന്നത്.
അതേസമയം, തങ്ങളുടെ പ്രിയതാരം പുഷ്പ സിനിമയുടെ ഭാഗമായതിന്റെ ആവേശത്തിലാണ് ആരാധകര്‍.
മൈത്രി മൂവി മേക്കേഴ്സ് തിങ്കളാഴ്ചയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. പുഷ്പയിലെ അഞ്ചാമത്തെ ഗാനം വളരെ സ്പെഷ്യല്‍ ആണെന്നും അതിന് വളരെ സ്പെഷ്യല്‍ ആയ ഒരാള്‍ തന്നെ വേണമെന്നും പറഞ്ഞാണ് സാമന്ത ചിത്രത്തിന്റെ ഭാഗമാകുന്ന കാര്യം അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്.
സാമന്തയുടെ കരിയറിലെ തന്നെ ആദ്യത്തെ ഡാന്‍സ് നമ്പര്‍ ആയിരിക്കും ഇതെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
സിനിമയിലെ അഞ്ചാമത്തെ ഗാനത്തില്‍ അല്ലു അര്‍ജുനൊപ്പം സാമന്ത് ചുവടു വെയ്ക്കും. ഇത് പ്രേക്ഷകര്‍ക്ക് എക്കാലവും ഓര്‍മിക്കാവുന്ന വിരുന്നായിരിക്കുമെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ മൈത്രി മൂവി മേക്കേഴ്സ് വ്യക്തമാക്കുന്നു.
അതേസമയം, സിനിമയിലെ ഈ ഒരു ഒറ്റ ഗാനരംഗത്തിനു വേണ്ടി സാമന്ത ഒന്നര കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബിഗ് ബജറ്റ് ചിത്രമാണ് അല്ലു അര്ജുന് നായകനായി എത്തുന്ന ചിത്രമായ പുഷ്പ. അതുകൊണ്ടു തന്നെ സാമന്തയുടെ പ്രതിഫല തുകയും ചര്‍ച്ചയായിരിക്കുകയാണ്.
രശ്മിക മന്ദണ്ണയാണ് ചിത്രത്തില്‍ അല്ലു അര്‍ജുന്റെ നായികയായി എത്തുന്നത്. മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസില്‍ പ്രതിനായക വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും പുഷ്പയ്ക്കുണ്ട്.
അഞ്ച് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. അതേസമയം, രണ്ട് ഭാഗങ്ങളായിട്ടാണ് റിലീസിന് തയ്യാറെടുക്കുന്നത്. ആദ്യഭാഗത്തിന്റെ പേര് ‘പുഷ്പ : ദ റൈസ്’ എന്നാണ്. ഇത് ഡിസംബറില്‍ തിയറ്ററുകളില്‍ എത്തും.